
കണ്ണൂര്‍: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹർ ഘർ തിരംഗ' പരിപാടിയോട് അനുബന്ധിച്ച് സിപിഎം മുതിര്‍ന്ന നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജൻ വീട്ടിൽ ദേശീയ പതാക ഉയർത്തി. കുടുംബാംഗങ്ങളോടൊപ്പമായിരുന്നു അദ്ദേഹം വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തിയത്. ഭരിക്കുന്നവനെ വിമർശിച്ചാൽ രാജ്യദ്രോഹമാകുന്ന കാലമാണിത്. അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാനാണ് ഇനി പോരാടേണ്ടത്. സ്വാതന്ത്ര്യ സമരത്തിൽ കമ്യൂണിസ്റ്റുകാരുടെ പങ്ക് ഇല്ലെന്ന് വരുത്താൻ ബോധപൂർവ്വമായ ശ്രമം നടക്കുകയാണ്. ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ ജീവത്യാഗം ചെയ്തവരാണ് കമ്യൂണിസ്റ്റുകാരെന്നും പി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സ്വാതന്ത്ര്യത്തിന്‍റെ വില ഓരോ പൗരന്മാരും മനസിലാക്കണം. ഒട്ടേറെ ധീരാത്മാക്കള്‍ ജീവത്യാഗം ചെയ്തു കൊണ്ടും തടവറകളില്‍ വലിയ ത്യാഗം സഹിച്ചുകൊണ്ടാണ് രാജ്യത്തിന് സ്വാതന്ത്ര്യം നേടിയെടുത്തത്. സമ്രാജ്യത്വത്തിന് എതിരായുള്ള ജനകീയ പോരാട്ടങ്ങള്‍ രാജ്യമെമ്പാടും നടന്നു. അതിന്റെ ഫലമായാണ് ഇന്ന് സ്വതാന്ത്ര്യവും ജനാധിപത്യവും പൗരന്മാരുടെ നേട്ടങ്ങളുമെല്ലാം സാധ്യമായത്. അവ പോലും ഇല്ലാതാക്കാനുള്ള ശ്രമമാണ് ചില കോണുകളില്‍ നിന്നുണ്ടാകുന്നത്. അതുകൊണ്ട് സ്വാതന്ത്ര്യവും ജനാധിപത്യവും നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ പറഞ്ഞിട്ടുള്ള സ്ഥിതിസമത്വവും സംരക്ഷിക്കുന്നതിന് വേണ്ടി ജനങ്ങളാകെ രംഗത്ത് വരേണ്ട സമയമാണിതെന്നും പി ജയരാജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
Also Read: വീട്ടിൽ ദേശീയ പതാക ഉയർത്തി മോഹൻലാല്‍; 'ഹർ ഘർ തിരംഗ' രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കുമെന്ന് താരം
'രാജ്യത്ത് പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെ പലയിടത്തും ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ലോകത്തും ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായിട്ടാണ് ഏറ്റവും ഒടുവില്‍ സൽമാൻ റുഷ്ദിക്കെതിരായ വധശ്രമം നടന്നിട്ടുള്ളത്. ഇന്ത്യയില്‍ തന്നെ അഭിപ്രായം പറഞ്ഞതിന്‍റെയും മോദിയെ വിമര്‍ശിച്ചതിന്‍റെയും പേരില്‍ രണ്ട് വര്‍ഷമായി ജയിലില്‍ കിടക്കുന്ന വ്യക്തികളുണ്ട്. ഭരണകൂടത്തെയും സര്‍ക്കാരിന്‍റെ തലപ്പത്തിരിക്കുന്നവരെയും വിമര്‍ശിച്ചാല്‍ അത് രാജ്യദ്രോഹക്കുറ്റമായി കാണുന്ന ഈ കാലത്ത്, രാജ്യ സ്‌നേഹികള്‍ ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യത്തിന്‍റെ മൂല്യങ്ങളും ഭരണഘടനയുടെ മൂല്യങ്ങളും സംരക്ഷിക്കും എന്ന പ്രതിജ്ഞ കൂടിയാണ് നിര്‍വഹിക്കുന്നതെന്ന് പി ജയരാജന്‍ പറഞ്ഞു. എല്ലാ വീടുകളില്‍ പതാക ഉയര്‍ത്തുന്നത് കാലക പ്രസക്തിയുള്ള ഒരു കാര്യമാണെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam