
തിരുവനന്തപുരം: പീഡന പരാതിയില്‍ ജനപക്ഷം നേതാവ് പി സി ജോര്‍ജിനെതിരെ തെളിവുണ്ടെന്ന് പരാതിക്കാരി. വ്യക്തമായ തെളിവുകള്‍ ഉള്ളതിനാലാണ് പരാതി നല്‍കിയത്. പി സി ജോര്‍ജിന്‍റെ അറസ്റ്റ് ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നില്ല. പി സി ജോര്‍ജ് തന്‍റെ ശത്രുവായിരുന്നില്ലെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.
ഫെബ്രുവരി 10ന് തൈക്കാട് വച്ചാണ് പി.സി.ജോര്‍ജില്‍ നിന്ന് ദുരനുഭവം ഉണ്ടാകുന്നത്. പരാതിയിൽ ഉറച്ചു നിൽക്കുന്നു. പരാതി നൽകുന്നതിന് മാനസികമായി തയ്യാറെടുപ്പ് ആവശ്യമായിരുന്നു. അതിനാൽ ആണ് ഇന്ന് പരാതി നൽകിയത്.
പി.സി ജോർജ്ജ് ചോദ്യംചെയ്യലിനായി എത്തിയത് അറിഞ്ഞിരുന്നില്ല. ഒരു മാസം മുമ്പ് തന്നെ ഗൂഢാലോചന കേസ് അന്വേഷിക്കുന്ന സംഘത്തിന് നൽകിയ മൊഴിയിൽ ഇക്കാര്യം പറഞ്ഞിരുന്നു. അതിന് ശേഷം 164 നൽകി. ഇതിന് ശേഷമാണ് അഭിഭാഷകന്റെ നിർദേശപ്രകാരം സംഭവം നടന്ന സ്ഥലം എന്ന നിലയിൽ മ്യുസിയം പൊലീസിൽ പരാതി നൽകിയത്.
മേയ് മാസത്തില്‍ വീട്ടിൽ പോയി കണ്ടത് സ്വര്‍ണക്കടത്ത് കേസിലെ ഗൂഢാലോചനയിൽ എന്തിന് തന്നെ വലിച്ചിഴയ്ക്കുന്നു എന്ന് അറിയാനാണ്. ഇന്ന് തന്നെ പരാതി നൽകിയത് പോലീസ് നിര്‍ദേശിച്ചിട്ട് അല്ല. തന്‍റെ നടപടിക്ക്പിന്നില്‍ ആരുടെയും പ്രേരണയില്ല എന്നും പരാതിക്കാരി പറഞ്ഞു.
സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് ജോർജിനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (A) വകുപ്പുകൾ ചേർത്ത് ജോർജിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ഈ വർഷം ഫെബ്രുവരി 10ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും സോളാർ കേസ് പ്രതി രഹസ്യമൊഴി നൽകിയിരുന്നു. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ പി.സി.ജോർജിനെ ഇന്ന് ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയിരുന്നു. ഈ കേസിൽ ക്രൈംബ്രാഞ്ചിന്‍റെ മൊഴിയെടുക്കൽ പൂർത്തിയായതിന് ശേഷമാണ് ജോർജിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യൽ പൂർത്തിയായതോടെ മ്യൂസിയം പൊലീസ് പി.സി.ജോർജിനെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യുന്നതിനിടെ, 12.40ന് ആണ് പി.സി.ജോർജിനെതിരെ സോളാർ തട്ടിപ്പ് കേസ് പ്രതി പരാതി നൽകിയത്. ഒരു മണിക്കൂറിനകം എഫ്ഐആർ ഇട്ടു. ചോദ്യം ചെയ്യൽ പൂർത്തിയായി ആഹാരം കഴിച്ചയുടൻ പിസി.ജോർജിനെ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം രഹസ്യമൊഴി പരിശോധിക്കുകയാണെന്ന് പറഞ്ഞ പൊലീസ് അപ്രതീക്ഷിതമായാണ് അറസ്റ്റിലേക്ക് നീങ്ങിയത്. അതേസമയം ഒരു വൃത്തികേടും കാട്ടിയിട്ടില്ലെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. രഹസ്യമൊഴിയിലുള്ള ആരോപണം പണം വാങ്ങിയുള്ളതാണ്. രഹസ്യമൊഴി നുണയെന്ന് തെളിയുമെന്നും രാവിലെ ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ പി.സി.ജോര്‍ജ് പറഞ്ഞു. മതവിദ്വേഷ പ്രസംഗ കേസിൽ നേരത്തെ പി.സി.ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read Also: പീഡനക്കേസ് വ്യാജം, സിബിഐയോട് സത്യം പറഞ്ഞതിന് പരാതിക്കാരി പ്രതികാരം ചെയ്യുന്നു: പിസി ജോർജ്ജ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam