വ്യാപക ആക്രമണം; കൊല്ലത്ത് ഹർത്താൽ അനുകൂലി പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തി

By Web TeamFirst Published Sep 23, 2022, 8:52 AM IST
Highlights

ബൈക്കിൽ പട്രോളിംഗ് നടത്തുകയായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ആൻറണി, സിപിഒ നിഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. 

കൊല്ലം : സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ വ്യാപക ആക്രമണം. പലയിടത്തും നിരത്തിലിറങ്ങിയ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾക്ക് കല്ലെറിഞ്ഞു. കടകൾ അടപ്പിച്ചു. കൊല്ലത്ത് പള്ളിമുക്കിൽ ഹർത്താൽ അനുകൂലി പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി. ബൈക്കിൽ പട്രോളിംഗ് നടത്തുകയായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ആൻറണി, സിപിഒ നിഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. പട്രോളിംഗിനിടെ യാത്രക്കാരെ സമരാനുകൂലികൾ അസഭ്യം പറയുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസുകാർ, ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. പൊലീസിന്റെ ബൈക്കിൽ ഹർത്താലനുകൂലി ബൈക്ക് ഇടിച്ച് കയറ്റുകയും കടന്നുകളയുകയുമായിരുന്നു. ആക്രമണം നടത്തിയ ആളെ പൊലീസ് തിരിച്ചറിഞ്ഞു. 

അതിനിടെ കൊല്ലം തട്ടാമലയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറിഞ്ഞു. ചില്ല് തകർത്തു. പൊലീസ് സംരക്ഷണത്തിൽ ബസ് പ്രദേശത്ത് നിന്നും മാറ്റി. കരുനാഗപ്പള്ളിയിലും ഹർത്താൽ അനുകൂലികൾ വാഹനം തടഞ്ഞു. സ്വകാര്യ വാഹനങ്ങൾക്ക് നേരെ ആക്രമണമുണ്ടായി. ലോറിക്ക് നേരെ കല്ലെറിഞ്ഞു. 

ഹർത്താലിൽ വ്യാപക ആക്രമണം,കെഎസ്ആർടിസി ബസുകൾക്ക് നേരെ അടക്കം കല്ലേറ്,ബോംബേറ്, കയ്യുംകെട്ടി പൊലീസ്

തിരുവനന്തപുരത്ത് മൂന്നിടത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കാരക്കോണത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസ്സിന് നേരെയാണ് ആദ്യം കല്ലേറ് ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേർ കല്ലെറിയുകയായിരുന്നുവെന്ന് ഡ്രൈവർ അറിയിച്ചു. ബസ്സിന്റെ മുന്നിലും പിന്നിലും കല്ലെറിഞ്ഞു. ബസ്സിൽ യാത്രക്കാർ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കില്ല.  തിരുവനന്തപുരം കല്ലറ - മൈലമൂട് സുമതി വളവിലും കാട്ടാക്കട അഞ്ചുതെങ്ങിലും കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. അരുമാനൂരിൽ നിന്ന് പൂവാറിലേക്ക് പോയ ബസ്സിന് നേരെയാണ് ആക്രമണം ഉണ്ടായത്.തിരുവനന്തപുരം കുമരി ചന്തയിൽ സ്വകാര്യ വാഹനങ്ങൾ ആക്രമിക്കപ്പെട്ടു. ഒരു കാറും ഒരു ഓട്ടോറിക്ഷയും സമരാനുകൂലികൾ എറിഞ്ഞു തകർത്തു. എയർപോർട്ടിലേക്ക് പോയ കാറിന് നേരെയായിരുന്നു ആക്രമണം. 

 

 

click me!