
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത് സ്ഥിരീകരിച്ച് പരിശോധനാഫലം. മൂന്ന് തവണ ഹാഷ് വാല്യു മാറിയതാതായാണ് പരിശോധനയിൽ സ്ഥിരീകരിച്ചത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വച്ചും ജില്ലാ കോടതിയുടെ കൈവശം ഇരിക്കുമ്പോഴും വിചാരണ കോടതിയുടെ കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യു മാറിയതെന്നാണ് കണ്ടെത്തൽ. പരിശോധനാഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഇക്കാര്യത്തിൽ വിശദ പരിശോധന വേണമെന്ന് ആവശ്യപ്പെടാനാണ് പ്രോസിക്യൂഷന്റെ നീക്കം. ഫോറൻസിക് റിപ്പോർട്ട് കോടതിക്ക് കൈമാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെടാനാണ് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. വെള്ളിയാഴ്ചയാണ് തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന തീയതി.
അതേസമയം, തുടരന്വേഷണത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കാനാണ് ശ്രമമെന്നും സർക്കാർ വ്യക്തമാക്കി. പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്.
നേരത്തെ മെമ്മറി കാർഡ് പരിശോധിക്കേണ്ടതില്ല എന്ന വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്ന് നിർദേശിച്ചത്. ക്രൈംബ്രാഞ്ച് നൽകിയ ഹർജി പരിഗണിച്ചായിരുന്നു കോടതിയുടെ നിർദേശം. സംസ്ഥാന ഫൊറൻസിക് ലാബിലെ പരിശോധനാഫലം 7 ദിവസത്തിനകം കൈമാറണമെന്നും കോടതി നിർദേശിച്ചിരുന്നു. സീൽ വച്ച കവറിലാണ് പരിശോധനാഫലം കോടതിക്ക് കൈമാറേണ്ടതെന്നും സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ബച്ചു കുര്യൻ തോമസാണ് കേസിൽ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
പൾസർ സുനിക്ക് ജാമ്യമില്ല
നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്ക് ജാമ്യമില്ല. ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് സുനി മാത്രമാണ് ജയിലുള്ളതെന്ന് അഭിഭാഷകൻ വാദിച്ചു. കുറ്റകൃത്യത്തിന് പണം നൽകിയ വ്യക്തി വരെ പുറത്തിറങ്ങി, അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു അപേക്ഷ. ജാമ്യാപേക്ഷയെ സർക്കാർ ശക്തമായി എതിർത്തു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് പൾസർ സുനി. കേസിലെ പ്രധാന പ്രതിയാണ്. ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ വാദിച്ചു. ഈ വിശദീകരണം കണക്കിലെടുത്ത കോടതി, അന്വേഷണം നടക്കുമ്പോൾ ഇടപെടുന്നത് ശരിയല്ലെന്ന് വിലയിരുത്തി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. വിചാരണ സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ സുനിക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. ജാമ്യാപേക്ഷയിൽ അതിജീവിതയുടെ പേര് രേഖപ്പെടുത്തിയത് കുറ്റകരമായ നടപടിയെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam