പത്താം ക്ലാസ്സ്‌ പരീക്ഷ എഴുതാനാവാതെ 29 കുട്ടികൾ; ഇടപെട്ട് ഹൈക്കോടതി, സിബിഎസ്ഇക്ക് രൂക്ഷ വിമർശം

By Web TeamFirst Published Feb 26, 2020, 5:57 PM IST
Highlights

ദില്ലിയിലിരിക്കുന്ന സിബിഎസ്ഇ അധികൃതർ ഇവിടെയെന്താണ് നടക്കുന്നതെന്ന് അറിയുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. 

കൊച്ചി: കൊച്ചി തോപ്പുംപടി അരൂജാസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് സിബിഎസ്ഇ പരീക്ഷ എഴുതാനാകാതെ പോയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. സിബിഎസ്ഇ റീജിയണൽ ഡയറക്ടറോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട സിംഗിൾ ബെഞ്ച് വേണ്ടി വന്നാൽ സിബിഎസ്ഇ ഡയറക്ടറെ തന്നെ വിളിച്ചുവരുത്തുമെന്ന മുന്നറിയിപ്പും നൽകി.

അഫിലിയേഷൻ ഇല്ലാത്തതിനെത്തുടർന്ന് തോപ്പുംപടി അരൂജാസ് സ്കൂളിലെ 29 വിദ്യാർഥികള്‍ക്കാണ് ഇത്തവണ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാനാകാതെ പോയത്. ഈ സാഹചര്യത്തിൽ കോടതി ഇടപെടണമെന്നാവശ്യപ്പെട്ടാണ് സ്കൂൾ മാനേജ്മെന്‍റ് തന്നെ ഹൈക്കോടതിയെ സമീപിച്ചത്. മുൻ കാലങ്ങളിൽ ഈ സ്കൂളിലെ വിദ്യാർഥികൾ മറ്റ് സ്കൂളുകളിൽ പരീക്ഷക്കിരുന്നിട്ടും ഈ വർഷം എന്താണ് സംഭവിച്ചതെന്ന് സിംഗിൾ  ബെഞ്ച് ആരാഞ്ഞു. സിബിഎസ്ഇ റീജിയണൽ ഡയറക്ടറോട് ഇതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളുമായി നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടു. ‍

ദില്ലിയിലിരിക്കുന്ന സിബിഎസ്ഇ അധികൃതർ ഇവിടെയെന്താണ് നടക്കുന്നതെന്ന് അറിയുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അവസരമുണ്ടാകണം. അവർക്ക് ഒരു വർഷം നഷ്ടപ്പെടരുത്. തുടർ സാധ്യതകൾ പരിശോധിക്കുന്നതിന്‍റെ കൂടി ഭാഗമായിട്ടാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറെ ഹർജിയിൽ കക്ഷി ചേർക്കാൻ കോടതി നിർദേശിച്ചത്. മാതാപിതാക്കളുടെ പരാതിയിൽ  സ്കൂൾ മാനേജ്മെന്‍റിനെതിരെ കേസെടുത്ത പൊലീസ് മാനേജരടക്കമുളളവരെ അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ പൊലീസിനെക്കൂടി കക്ഷി ചേർക്കാൻ സിംഗിൾ ബെഞ്ച് നിർദേശിച്ചു. 

click me!