തെരുവ് നായ പ്രശ്നം: ഹോട്ട്സ്പോട്ടുകൾ കണ്ടെത്തും,ആരോഗ്യ മൃഗ സംരക്ഷണ വകുപ്പുകൾ കണക്കെടുക്കും

By Web TeamFirst Published Sep 13, 2022, 12:25 PM IST
Highlights

ഓരോ ഹോട്ട്സ്പോട്ടിലും തെരുവുനായ് ശല്യത്തിന് കാരണം തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്താനാണ് ശ്രമം

തിരുവനന്തപുരം  : തെരുവ് നായ പ്രശ്നത്തിന് പരിഹാരം കാണാൻ നടപടിയുമായി സർക്കാർ . തെരുവ് നായകൾ കൂടുതലുളള പ്രദേശങ്ങൾ , ആക്രമണം സ്ഥിരമായ മേഖലകൾ എന്നിവ കണ്ടെത്തി ഹോട്ട്സ്പോട്ടുകൾ തയാറാക്കാൻ കർമ പദ്ധതിക്ക് രൂപം നൽകി. മനുഷ്യരെയും വളർത്ത് മൃഗങ്ങളേയും ആക്രമിച്ച വിവരങ്ങൾ പ്രത്യേകം ശേഖരിക്കും . വളർത്ത് മൃഗങ്ങളെ ആക്രമിച്ച വിവരം മൃഗ സംരക്ഷണ വകുപ്പ് ശേഖരിക്കും . മനുഷ്യരെ ആക്രമിച്ച വിവരങ്ങൾ ആരോഗ്യവകുപ്പും ശേഖരിക്കും . രണ്ടും ചേർത്ത് ഹോട്ട്സ്പോട്ടുകൾ തദ്ദേശ വകുപ്പ് തയ്യാറാക്കും . ഓരോ ഹോട്ട്സ്പോട്ടിലും തെരുവുനായ് ശല്യത്തിന് കാരണം തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്താനാണ് ശ്രമം

 

സംസ്ഥാനത്ത് ഈ വർഷം ഓഗസ്റ്റ് 22 വരെയുള്ള കണക്ക് അനുസരിച്ച് 43,571 വളർത്ത് മൃഗങ്ങളെയാണ് തെരുവുനായകൾ ആക്രമിച്ചത് .  മൃഗസംരക്ഷണ വകുപ്പിന്‍റെ ഔഗ്യോഗിക കണക്ക് ആണിത്. തിരുവനന്തപുരം ജില്ലയിൽ ശരാശരി 5000 വളർത്തു മൃഗങ്ങൾക്ക് കടിയേറ്റെന്ന് സർവെ പറയുന്നു

'ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊന്നൊടുക്കും'; അനുമതിക്കായി സുപ്രീംകോടതിയെ സമീപിക്കാൻ കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ആക്രമണകാരികളും പേപിടിച്ചതുമായ തെരുവുനായ്ക്കളെ കൊന്നൊടുക്കാൻ അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാൻ മന്ത്രി എം.ബി.രാജേഷ് വിളിച്ച വിവിധ വകുപ്പുകളുടെ യോഗത്തിൽ ധാരണയായി. നായ്ക്കളെ കൊല്ലുന്നതിന് നിയമ തടസ്സമുള്ള സാഹചര്യത്തിലാണ് കേരളത്തിന്റെ നീക്കം. തെരുവു നായ ശല്യം നിയന്ത്രിക്കാൻ ഊർജിത വാക്സിനേഷൻ ഡ്രൈവ് നടത്താനും തീരുമാനമായി. ഈ മാസം 20 മുതൽ ഒക്ടോബർ 20 വരെയാകും വാക്സിനേഷൻ ഡ്രൈവ് നടത്തുക. ഇതിനായി പ്രത്യേക വണ്ടികൾ വാടകയ്ക്ക് എടുക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. നിലവിൽ പരിശീലനം ലഭിച്ചിട്ടുള്ളവരെ വച്ച് യജ്‌ഞം തുടങ്ങും. കൂടുതൽ പേരെ പരിശീലിപ്പിക്കും. കുടുംബശ്രീയിൽ നിന്നും കൊവിഡ് കാല വോളന്റിയർമാരിൽ നിന്നും സന്നദ്ധത അറിയിക്കുന്നവരെ തെരഞ്ഞെടുത്ത് പരിശീലനം നൽകി വാക്സിനേഷൻ ഡ്രൈവിനായി നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ മാസം തന്നെ പരിശീലനം പൂർത്തിയാക്കും. സ്കൂളുകൾ കേന്ദ്രീകരിച്ചാകും വാക്സിനേഷൻ ഡ്രൈവ് നടത്തുക. തെരുവുനായ്ക്കൾ കടിച്ചാലും അപകടകരമായ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്താതിരിക്കാനാണ് ഈ നീക്കമെന്നും എം.ബി.രാജേഷ് പറഞ്ഞു. 

ഉടമസ്ഥരില്ലാത്ത നായ്ക്കളെ വാക്സിനേഷന് കൊണ്ടുവന്നാൽ 500 രൂപ പാരിതോഷികം നൽകും. തെരുവുനായ്ക്കൾക്ക് ഓറൽ വാക്സിനേഷൻ നൽകാനുള്ള സാധ്യതയും പരിശോധിക്കും. തെരുവുനായ്ക്കളുടെ വാക്സിനേഷനായി 6 ലക്ഷം ഡോസ് ഇപ്പോൾ കൈവശമുണ്ടെന്നും മന്ത്രി പറഞ്ഞു. ദിവസം പതിനായിരം തെരുവുനായ്ക്കളെ വാക്സിനേഷൻ നടത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തെരുവുനായ്ക്കളെ പാർപ്പിക്കാൻ പഞ്ചായത്ത് തലത്തിൽ ‌ഷെൽട്ടറുകൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. വളർത്തു നായ്ക്കൾക്കുള്ള വാക്സിനേഷൻ ഒക്ടോബർ 30നുള്ളിൽ പൂർത്തിയാക്കും. ആവശ്യമെങ്കിൽ ഇതിനായി ക്യാമ്പുകൾ തുടങ്ങും.

നായ്ക്കളെ വന്ധ്യംകരിക്കാനുള്ള എബിസി പദ്ധതി നടപ്പിലാക്കാൻ നേരത്തെ കുടുംബശ്രീകളെ നിയോഗിച്ചിരുന്നെങ്കിലും സുപ്രീം കോടതി തടഞ്ഞിരുന്നു. ഇക്കാര്യത്തിലെ നിയമതടസ്സം നീക്കാൻ നടപടി സ്വീകരിക്കുമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി പറഞ്ഞു. സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോൾ ഇക്കാര്യം ആവശ്യപ്പെടും. നിലവിൽ 37 എബിസി കേന്ദ്രങ്ങൾ തയ്യാറാണ്. 152 എണ്ണം കൂടി ഉടൻ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. എബിസി പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കും. 

പാലക്കാട് തെരുവുനായ ആക്രമണം; അധ്യാപകനെ സ്കൂളിൽ കയറി കടിച്ചു, വിദ്യാർത്ഥികൾക്കും പരിക്ക്

click me!