ആരോഗ്യ വകുപ്പിന്‍റെ കർശന നിർദേശം; ആശുപത്രികളിൽ കൃത്യമായ നിരക്ക് വിവരങ്ങളും പരാതി പരിഹാര സംവിധാനവും നിർബന്ധം

Published : Jan 20, 2026, 03:30 PM IST
Veena George

Synopsis

കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് നിയമം പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. മുൻകൂർ പണമടച്ചില്ലെന്ന കാരണത്താൽ ചികിത്സ നിഷേധിക്കരുത്, ഡിസ്ചാർജ് ചെയ്യുമ്പോൾ എല്ലാ രേഖകളും നൽകണം.

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സേവനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് നിയമ വ്യവസ്ഥകൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. ഒരു അത്യാഹിതം സംഭവിച്ച് വരുന്ന രോഗിയെ പ്രാഥമിക ചികിത്സ നൽകി അടിയന്തര സാഹചര്യം തരണം ചെയ്യാൻ സഹായിക്കേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്. മുൻകൂർ തുകയടച്ചില്ല, രേഖകളില്ല തുടങ്ങിയ കാരണങ്ങളാൽ ചികിത്സ നിഷേധിക്കരുത്. കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെങ്കിൽ അതിനുള്ള യാത്രാസൗകര്യമൊരുക്കണം. ചികിത്സാ വിവരങ്ങളും കൈമാറണം. ഡിസ്ചാർജ് ചെയ്താലുടൻ എല്ലാ ചികിത്സാ രേഖകളും പരിശോധനാ റിപ്പോർട്ടുകളും രോഗിക്ക് നൽകണം.

സംസ്ഥാനത്ത് രജിസ്ട്രേഷൻ ഇല്ലാതെ ഒരു ക്ലിനിക്കൽ സ്ഥാപനത്തിനും പ്രവർത്തിക്കാൻ അനുവാദമില്ല. രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നിയമപ്രകാരമുള്ള ശിക്ഷ ലഭിക്കും. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പൊതുജനങ്ങൾ കാണുന്ന രീതിയിൽ സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം. ആശുപത്രികൾ, ലബോറട്ടറികൾ, ദന്തചികിത്സാകേന്ദ്രങ്ങൾ, ആയുഷ് ആരോഗ്യകേന്ദ്രങ്ങൾ തുടങ്ങി കിടക്കകളോട് കൂടിയതോ അല്ലാത്തതോ ആയ രോഗനിർണ്ണയം അല്ലെങ്കിൽ പരിചരണം നൽകുന്ന സ്ഥാപനങ്ങളെല്ലാം നിയമപ്രകാരം ക്ലിനിക്കൽ സ്ഥാപനങ്ങളാണ്.

നൽകുന്ന സേവനങ്ങൾക്കും ചികിത്സയ്ക്കും ബാധകമായ ഫീസ് നിരക്കുകളും പാക്കേജുകളും, പരാതി പരിഹാര ആഫീസറുടെ ഇ-മെയിൽ വിലാസം, പേര്, ഫോൺനമ്പർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റി എന്നിവരെ ബന്ധപ്പെടുവാനുള്ള സംവിധാനം, ഫോൺനമ്പറുകൾ തുടങ്ങി രോഗികളുടെ അവകാശങ്ങളും ലഭ്യമായ സൗകര്യങ്ങളുടെ വിവരങ്ങളും മലയാളത്തിലും ഇംഗ്ലീഷിലും അഡ്മിഷൻ ഡസ്‌കിൽ/റിസപ്ഷൻ സ്ഥലത്ത് പ്രദർശിപ്പിക്കുകയും സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതുമാണെന്ന് ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ രാജൻ ഖോബ്രഗഡെ അറിയിച്ചു.

72 മണിക്കൂറിനുള്ളിൽ മെഡിക്കൽ രേഖകൾ

ചികിത്സ, പരിശോധന, മറ്റു സേവനങ്ങൾ (ഇന്റൻസീവ് കെയർ യൂണിറ്റ്/ഓപ്പറേഷൻ തിയേറ്റർ, സ്‌കാനിംഗ്, ലബോറട്ടറി സൗകര്യം, ആംബുലൻസ് സൗകര്യം, എമർജൻസി കെയർ) തുടങ്ങിയവ ഇനം തിരിച്ച് ലഭ്യമാക്കും എന്നും രഹസ്യാത്മകത, വിവേചന രാഹിത്യം, 72 മണിക്കൂറിനുള്ളിൽ മെഡിക്കൽ രേഖകൾ ലഭ്യമാക്കും എന്നും ഉറപ്പു നൽകേണ്ടതുമാണ്. അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗികൾക്ക് സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ നിന്നും സ്ഥാപനത്തിൽ ലഭ്യമായ സേവനത്തെ സംബന്ധിച്ചും അടിസ്ഥാന നിരക്കുകളും പാക്കേജ് നിരക്കുകളും അവയിൽ ഉൾപ്പെട്ട് വരുന്ന സേവനങ്ങൾ എന്തല്ലാമെന്നും മുൻകൂർ ഡെപ്പോസിറ്റും തുക തിരികെ നൽകുന്നത് സംബന്ധിച്ച സ്ഥാപനത്തിന്റെ നയം, ഇൻഷ്വറൻസ്, ക്യാഷ് ലെസ് ചികിത്സകൾ, ക്ലയിം തീർപ്പാക്കലിന്റെ നടപടിക്രമങ്ങൾ, എസ്റ്റിമേറ്റ്, ബില്ലിംഗ് നയം, ഡിസ്ചാർജ്ജ് നടപടിക്രമങ്ങൾ, ആംബുലൻസിന്റേയും മറ്റു യാത്രാസൌകര്യങ്ങളുടേയും നിരക്കുകൾ 24x7 എമർജൻസി കെയർ പ്രോട്ടോക്കോൾ, പരാതി പരിഹാര സംവിധാനം എന്നീ വിവരങ്ങളെല്ലാം ഒരു ലഘുലേഖ രൂപത്തിൽ ഡൌൺലോഡ് ചെയ്യുന്നതിന് വെബ്‌സൈറ്റിൽ സൗകര്യം ഏർപ്പെടുത്തുകയോ രോഗിക്ക് നൽകുകയോ പ്രിന്റ് ചെയ് ലഘുലേഖ ആവശ്യപ്പെട്ടാൽ നൽകുകയോ ചെയ്യണം.

എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളിലും ഒരു പരാതി പരിഹാര ഡസ്‌ക്/ഹെൽപ്പ് ലൈൻ ഉണ്ടാകേണ്ടതും എല്ലാ പരാതികൾക്കും തനതായ ഒരു റഫറൻസ് നമ്പർ നൽകി രജിസ്റ്റർ ചെയ്യേണ്ടതും പരാതി കക്ഷിക്ക് എസ്.എം.എസ്, വാട്ട്‌സാപ്പ് അല്ലെങ്കിൽ പേപ്പർ മുഖേന ഒരു കൈപറ്റ് രസീത് നൽകേണ്ടതുമാണ്. ലഭിച്ച പരാതി 7 പ്രവൃത്തി ദിനത്തിനുള്ളിൽ പരിഹരിക്കേണ്ടതും അപ്രകാരം പരിഹരിക്കപ്പെടാത്തതും ഗൗരവതരവുമായ പരാതികൾ ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റിക്ക്/ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറേണ്ടതുമാണ്. എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളിലും ഒരു പരാതി രജിസ്റ്റർ ബുക്ക് രൂപത്തിലോ ഇലക്ട്രോണിക് രൂപത്തിലോ സൂക്ഷിക്കേണ്ടതും പരിശോധനയ്ക്ക് വിധേയപ്പെടുത്തേണ്ടതുമാണ്. ലഭിച്ച പരാതികളുടേയും അതിൻമേൽ എടുത്ത നടപടികളുടെയും സംക്ഷിപ്തം കോമ്പീറ്റന്റ് അതോറിറ്റിക്ക് സമർപ്പിക്കുന്ന പ്രതിമാസ റിപ്പോർട്ടിന്റെ ഭാഗമാക്കേണ്ടതാണ്.

പ്രദർശിപ്പിച്ചിട്ടുള്ളതും ലഘുലേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ളതും വെബ്‌സൈറ്റിൽ നൽകിയിട്ടുള്ളതുമായ നിരക്കുകളിലും പരാതി പരിഹാരത്തിനോ മറ്റേതെങ്കിലും കാര്യത്തിനോ നൽകിയിട്ടുള്ള വിവരങ്ങളിലും മാറ്റം വന്നാൽ അവ അപ്പപ്പോൾ തന്നെ അതതിടങ്ങളിൽ മാറ്റം വരുത്തിയെന്ന് ഉറപ്പുവരുത്തണം. ക്ലിനിക്കൽ സ്ഥാപനങ്ങൾ എല്ലാ ഉപഭോക്താക്കൾക്കും കൺസൾട്ടേഷൻ, പരിശോധന, ചികിത്സ, മറ്റു സേവനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ നിരക്കുകളും ഉൾപ്പെടുത്തിയ ഇനംതിരിച്ച ബിൽ നൽകേണ്ടതാണ്. പ്രദർശിപ്പിച്ചിരിക്കുന്ന/പ്രസിദ്ധീകരിച്ചിരിക്കുന്ന നിരക്കുകളിൽ കവിഞ്ഞ നിരക്ക് ഈടാക്കാൻ പാടില്ല.

സേവനങ്ങളിൽ വരുന്ന അപര്യാപ്തത സംബന്ധിച്ച പരാതികൾ രോഗികൾക്ക് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകളിൽ നൽകാവുന്നതാണ്. കബളിപ്പിക്കലും ചതിയും ഉൾപ്പെടെയുള്ള കേസുകൾ സംബന്ധിച്ച് പോലീസിൽ പരാതി നൽകാം. ഗുരുതരമായ കുറ്റങ്ങളുടെ കാര്യത്തിൽ ചീഫ് സെക്രട്ടറിക്കോ സംസ്ഥാന പോലീസ് മേധാവിക്കോ പരാതികൾ നൽകണം. പരാതി പരിഹാര സഹായങ്ങൾക്കായി ജില്ല/സംസ്ഥാന ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ ഉപദേശവും സഹായവും തേടാവുന്നതാണ്.

ക്ലിനിക്കൽ സ്ഥാപനങ്ങൾ ഇതിലേതെങ്കിലും വ്യവസ്ഥകൾ ലംഘിക്കുന്ന പക്ഷം 2018 ലെ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്‌ട്രേഷനും, നിയന്ത്രണവും) നിയമ പ്രകാരം ശിക്ഷാർഹവും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്യുന്നതിനോ റദ്ദ് ചെയ്യപ്പെടുന്നതിനോ കാരണമാകാവുന്നതും ഇവ സിവിൽ ക്രിമിനൽ നിയമ നടപടിക്രമങ്ങൾ പ്രകാരം രോഗികൾക്ക് ലഭ്യമായ മറ്റു പരിഹാര മാർഗ്ഗങ്ങൾക്കുപരിയായിരിക്കുന്നതുമാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: അന്വേഷണം സിബിഐയെ ഏൽപ്പിക്കണം; കടകംപള്ളി സുരേന്ദ്രനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് വി മുരളീധരൻ
സജി ചെറിയാൻ പറഞ്ഞത് ശരിയാണെന്ന് മന്ത്രി വി ശിവൻകുട്ടി; 'ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നിരന്തരം പോരാടിയ ആളാണ് മന്ത്രി'