മതിയായ രേഖകളില്ലാതെ കൊച്ചിയിൽ താമസിച്ചുവന്നതിനാണ് ഹദിയുള്ള ഖാൻ ഉൾപ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച ഇവരെ സ്റ്റേഷൻ കെട്ടിടത്തിലെ ഒന്നാംനിലയിലാണ് നിർത്തിയിരുന്നത്. ഇതിനിടെ ഹദിയുള്ള ഖാൻ ശൗചാലയത്തിൽ പോകണമെന്ന് ആവശ്യപ്പെട്ടു.

കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ് സ്വദേശിയായ ഹദിയുള്ള ഖാൻ ആണ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടത്. ബുധനാഴ്ച രാത്രിയാണ് സംഭവം.

മതിയായ രേഖകളില്ലാതെ കൊച്ചിയിൽ താമസിച്ചുവന്നതിനാണ് ഹദിയുള്ള ഖാൻ ഉൾപ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച ഇവരെ സ്റ്റേഷൻ കെട്ടിടത്തിലെ ഒന്നാംനിലയിലാണ് നിർത്തിയിരുന്നത്. ഇതിനിടെ ഹദിയുള്ള ഖാൻ ശൗചാലയത്തിൽ പോകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ശൗചാലയത്തിലേക്ക് പോകുന്നതിനിടെ ഇയാൾ കെട്ടിടത്തിന്റെ ഷീറ്റിന് മുകളിലേക്ക് ചാടുകയും ഇവിടെനിന്ന് രക്ഷപ്പെടുകയുമായിരുന്നു. കസ്റ്റഡിയിലെടുത്തയാൾ ചാടിപ്പോയ വിവരം ഈ ഘട്ടത്തിൽ പൊലീസുകാർ അറിഞ്ഞിരുന്നില്ല. ശൗചാലയത്തിലേക്ക് പോയ ഇയാളെ കാണാതായതോടെയാണ് പൊലീസ് സംഭവമറിയുന്നത്.

വിവരമറിഞ്ഞ് ഡിസിപി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോ​ഗസ്ഥർ പാലാരിവട്ടം സ്റ്റേഷനിലെത്തി. ചാടിപ്പോയ ഹദിയുള്ള ഖാനെ കണ്ടെത്താൻ കൊച്ചി ന​ഗരത്തിലും പുറത്തും പൊലീസ് വ്യാപകമായ തെരച്ചിൽ നടത്തിവരികയാണ്. റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്.