വ്യാജമരുന്നുകളുടെ ഒഴുക്ക് തടയാൻ ആരോഗ്യവകുപ്പ് നടപടി തുടങ്ങി: ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്

By Web TeamFirst Published Nov 4, 2019, 8:37 PM IST
Highlights

അന്യസംസ്ഥാനങ്ങളിൽ നിന്ന് സ്റ്റോക്കിസ്റ്റുകള്‍ വഴി വ്യാജമരുന്നുകൾ കേരളത്തിലെത്തുന്നുവെന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്ത ഫലം കാണുന്നു. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃത മരുന്നുകളെത്തുന്നത് തടയാൻ നടപടി. 

തിരുവനന്തപുരം: സംസ്ഥാനത്തെത്തുന്ന വ്യാജ മരുന്നുകള്‍ കണ്ടെത്താൻ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വ്യാപകമായി വ്യാജമരുന്നുകൾ എത്തുന്നുവെന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ വാ‍‍ർത്തയെ തുട‍‍ർന്നാണ് നടപടി. കേരളത്തിലേക്ക് വ്യാജ മരുന്നുകള്‍ എത്തുന്നുവെന്ന പരാതിയിൽ കര്‍ശന നടപടികളെടുത്തു വരുന്നതായി ആരോഗ്യ മന്ത്രി കെകെ ശൈലജ വ്യക്തമാക്കി.

ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ ദില്ലിയിലെയും തമിഴ്നാട്ടിലെയും 9 മരുന്ന് വിതരണക്കമ്പനികൾക്ക് നോട്ടീസ് അയച്ചതായും മന്ത്രി പറഞ്ഞു. വ്യാജനെ കണ്ടെത്താനുള്ള പരിശോധനകൾ വരും ദിവസങ്ങളിലും ക‍‍ർശനമായി തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

അനധികൃതമായുള്ള മരുന്ന് ഇറക്കുമതി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സെപ്തംബ‍‍‍‍റിൽ തന്നെ പരിശോധനകൾ ക‍ർശനമാക്കാൻ ഡ്രഗ്സ് കൺട്രോള‍ർക്ക് ആരോഗ്യമന്ത്രി  നിർദേശം നൽകിയിരുന്നു. എന്നാൽ പരിശോധന സംവിധാനങ്ങൾ പരാജയം ആയത് വ്യാജന്റെ ഒഴുക്കിനെ തടയുന്നതിൽ വെല്ലുവിളിയായി. പരിശോധനക്ക് സംസ്ഥാനത്ത് ആകെ രണ്ട് ലാബോറട്ടറികൾ മാത്രമാണ് ഉള്ളത് എന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണമായത്.

വ്യാജൻമാർ കുടുങ്ങും; പരിശോധനകൾ ഇനി ക‍ർശനം

 സംസ്ഥാനത്തെ മെഡിക്കല്‍ സ്റ്റോറുകള്‍ പരിശോധിക്കാനായി ഉദ്യോഗസ്ഥരെ നിയോഗിച്ചതിനൊപ്പം മരുന്ന് ഡിപ്പോകളും കടകളും പരിശോധിക്കും. കമപനികളുടെ ഔദ്യോഗിക സ്റ്റോക്കിസ്റ്റുകളല്ലാതെ മരുന്ന് കൈവശം വച്ചാൽ കൂടുതല്‍ പരിശോധനകള്‍ ഉണ്ടാകും. രേഖകൾ മുഴുവൻ ഹാജരാക്കണം. ഇതിനിടെ രേഖകളൊന്നുമില്ലാതെ, ലൈസൻസ് ഇല്ലാതെ മരുന്നുകളെത്തിച്ച ഏഴ് മൊത്ത വിതരണ ഏജന്‍സികള്‍ക്കെതിരെ നടപടിയും തുടങ്ങി .

കാരണം ബോധിപ്പിക്കാൻ ആദ്യഘട്ടത്തില്‍ നോട്ടീസ് നല്‍കി. വടക്കേയിന്ത്യയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും  കൊല്ലത്തേയും തിരുവനന്തപുരത്തേയും ചില മെഡിക്കല്‍ ഷോപ്പുകളിലേക്കെത്തിച്ച മരുന്നുകൾ പരിശോധനക്കായി പിടിച്ചെടുത്തിട്ടുണ്ട് . ലക്ഷങ്ങൾ വിലവരുന്ന മരുന്നാണ് പരിശോധനകള്‍ക്കായി പിടിച്ചെടുത്തത്. വിപണിയിലെത്തുന്ന മരുന്നുകള്‍ കൂടുതലായി പരിശോധിക്കാൻ തൃശ്ശൂരിലെ ലബോറട്ടറിയും കൂടുതൽ പ്രവർത്തന സജ്ജമാക്കും.

ഏഷ്യാനെറ്റ് ന്യൂസ് വാ‍ർത്തയെ തുട‍ർന്ന് മരുന്നുകളുടെ ആധികാരികതയെകുറിച്ചും ഗുണനിലവാരത്തെക്കുറിച്ചും പരിശോധിക്കാൻ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ സംസ്ഥാനത്തെ മരുന്നു വിതരണ സ്ഥാപനങ്ങളില്‍  പരിശേധന നടത്തി.

കേരളത്തിലേക്ക് മരുന്നുകള്‍ വിതരണം ചെയ്ത സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ അധികൃതരിൽ നിന്നുള്ള റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. കേരള ഡ്രഗ്‌സ് കണ്‍ട്രോളര്‍ വിഭാഗമാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഈ റിപ്പോര്‍ട്ടുകള്‍ കിട്ടിയാലുടൻ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
 

click me!