
തിരുവനന്തപുരം: വയനാട് ബത്തേരിയില്‍ ക്ലാസ് റൂമിലിരുന്ന വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഡോക്ടറെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി ഉത്തരവിട്ടു. വയനാട് ബത്തേരി ഗവ. സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ ഷെഹലാ ഷെറിന്‍റെ മരണത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന് അകാരണമായി ചികിത്സ വൈകിപ്പിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് ഡോക്ടറെ സസ്പെന്‍ഡ് ചെയ്യാന്‍ ആരോഗ്യമന്ത്രി ആരോഗ്യവകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്.
സംഭവത്തെക്കുറിച്ച് ഡെപ്യൂട്ടി ഡിഎംഒയും ഡിപിഎം ചേര്‍ന്ന് നടത്തിയ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. ജില്ലയ്ക്ക് പുറത്തുള്ള ആരോഗ്യവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ഇവര്‍ റിപ്പോർട്ട് നൽകിയതായാണ് സൂചന.
പാമ്പ് വിഷത്തിനുള്ള പ്രതിരോധമരുന്നായ ആന്‍റിവെനം നല്‍കാന്‍ രക്ഷിതാക്കളുടെ അനുമതി വാങ്ങേണ്ട ആവശ്യം ഇല്ലാതിരുന്നിട്ടും. ഡോക്ടര്‍ അനുമതി ചോദിച്ച് ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ രക്ഷിതാക്കൾ അനുമതി നിഷേധിച്ചതു കൊണ്ടാണ് ആൻറിവനം നൽകാത്തതെന്ന് ചികിത്സിച്ച ഡോക്ടർ അന്വേഷണസംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ചികിത്സിച്ച ഡോക്ടറുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചന.
കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുന്നത് കുട്ടിയുടെ ജീവന് ആപത്തായിരുന്നു. ഈ വിവരം രക്ഷിതാക്കളെ അറിയിക്കാത്തത് ഡോക്ടറുടെ വീഴ്ച്ചയാണെന്ന് സമിതി വിലയിരുത്തുന്നു. മൂന്നു മണിക്കൂർ യാത്ര ചെയ്യാനുള ശേഷി താലൂക്ക് ആശുപത്രിയിൽ കൊണ്ടു വരുമ്പോൾ കുട്ടിക്കുണ്ടായിരുന്നില്ല. ഇതറിഞ്ഞിട്ടും താലൂക്ക് ആശുപത്രിയിൽ നിന്നും കുട്ടിയെ പറഞ്ഞുവിട്ടത് ഡോക്ടറുടെ വീഴ്ചയാണ്. രക്ഷിതാക്കളുടെ അനുമതിയില്ലാത്തതിനാൽ ആന്റിവനം കൊടുക്കുന്നില്ല എന്ന് ഡോക്ടർ ഇന്നലെ തന്നെ ആശുപത്രി രേഖകളിൽ എഴുതി വെച്ചിരുന്നു. അന്വേഷണത്തിനെത്തിയ രണ്ടു ഡോക്ടർമാരും ഇതും പരിശോധിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam