പാമ്പ് കടിയേറ്റ് കുട്ടി മരിച്ച സംഭവം; അനാസ്ഥ കാട്ടിയവര്‍ക്കെതിരെ നടപടിയെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Nov 21, 2019, 7:27 PM IST
Highlights

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഗവ. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഷെഹല ഷെറിൻ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റു മരിക്കാനിടയായ സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സുൽത്താൻ ബത്തേരിയിലെ ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിൽ ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ അനാസ്ഥയോ അലംഭാവമോ കാട്ടിയവർക്കുമേൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഗവ. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഷെഹല ഷെറിൻ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റു മരിക്കാനിടയായ സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നത്.

ഇത്തരം അപകടങ്ങൾ ഉണ്ടാകുമ്പോൾ എങ്ങനെ പ്രതികരിക്കണം, അടിയന്തരമായി ചെയ്യേണ്ടത് എന്തൊക്കെ എന്ന് കുട്ടികളെ പഠിപ്പിക്കേണ്ടവരാണ് അധ്യാപകർ. ഇവിടെ കുട്ടികൾ പറയുന്നത്, തങ്ങൾ ആവശ്യപ്പെട്ടിട്ടും ചില അധ്യാപകർ ഷെഹല ഷെറിനെ വേണ്ട സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ തയാറായില്ല എന്നാണ്. രക്ഷിതാക്കള്‍ എത്തിയ ശേഷം മാത്രമാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും ഈ കുട്ടികൾ പറയുന്നുണ്ട്. ഷെഹല ഷെറിന്‍റെ മരണം അത്യന്തം ദുഖകരമാണ്.

ആ കുഞ്ഞിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. അനാസ്ഥയോ അലംഭാവമോ കാട്ടിയവർക്കുമേൽ യുക്തമായ നടപടി ഉറപ്പാക്കാൻ ഇടപെടുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെ, വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ സ്കൂളിന് വീഴ്ച പറ്റിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി രവീന്ദ്രനാഥ് പറഞ്ഞിരുന്നു. വിദ്യാർത്ഥിനിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിച്ചത് കുറ്റകരമായ വീഴ്ചയാണ്.

പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി ആരോപണവിധേയനായ ഷജില്‍ എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും കുറ്റക്കാരായ ഏല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 'ഇത്തരം സംഭവം സ്കൂളുകളില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രാഥമികമായ കരുതല്‍ നടപടികള്‍ എടുത്തിട്ടുണ്ട്. അതോടൊപ്പം സ്കൂളിലെ കുഴികളും മാളങ്ങളും അടയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

മരിച്ച കുട്ടിയുടെ വീട് ശനിയാഴ്ച സന്ദര്‍ശിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിൽ ഇന്നലെയാണ് അഞ്ചാംക്ലാസ്സുകാരി ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റ് മരിച്ചത്.  സംഭവത്തിൽ അനാസ്ഥ കാണിച്ചെന്ന് ആരോപണവിധേയനായ അധ്യാപകനെ സസ്പെൻറ് ചെയ്തിട്ടുണ്ട്. പ്രാഥമികാന്വേഷണത്തിന് ശേഷമാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. കുട്ടിക്ക് പാമ്പുകടിയേറ്റെന്ന് പറഞ്ഞിട്ടും, ആശുപത്രിയിലെത്തിക്കാൻ ഷജിൽ എന്ന സയൻസ് അധ്യാപകൻ തയ്യാറായില്ല എന്ന് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.

click me!