
ബത്തേരി: സുൽത്താൻ ബത്തേരിയിലെ ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിൽ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ സ്കൂളിന് വീഴ്ച പറ്റിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി രവീന്ദ്രനാഥ്. വിദ്യാർത്ഥിനിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിച്ചത് കുറ്റകരമായ വീഴ്ചയാണ്. പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി ആരോപണവിധേയനായ ഷജില്‍ എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും കുറ്റക്കാരായ ഏല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പാമ്പ് കടിച്ച കുട്ടിയെ കൊണ്ടുപോയത് നാല് ആശുപത്രികളിൽ, മരിച്ചത് ചികിത്സ വൈകിയത് മൂലം
'ഇത്തരം സംഭവം സ്കൂളുകളില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രാഥമികമായ കരുതല്‍ നടപടികള്‍ എടുത്തിട്ടുണ്ട്. അതോടൊപ്പം സ്കൂളിലെ കുഴികളും മാളങ്ങളും അടയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ചെരുപ്പ് ക്ലാസിന് പുറത്തിടണമെന്ന നിര്‍ദ്ദേശം വിദ്യാഭ്യാസ വകുപ്പ് നല്‍കിയിട്ടില്ല. അത് എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് വിശദമായ അന്വേഷണം നടത്തും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് എല്ലാ നടപടികളും സ്വീകരിക്കും. സ്കൂള്‍ കെട്ടിടം പുതുക്കിപ്പണിയുന്നതിനായി നേരത്തെ തന്നെ ഒരു കോടി രൂപ നല്‍കിയിട്ടുണ്ടായിരുന്നു'. മരിച്ച കുട്ടിയുടെ വീട് ശനിയാഴ്ച സന്ദര്‍ശിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂളിൽ പാമ്പ് കടിച്ച് കുട്ടി മരിച്ച സംഭവം: ആരോപണവിധേയനായ അധ്യാപകന് സസ്പെൻഷൻ...
സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിൽ ഇന്നലെയാണ് അഞ്ചാംക്ലാസ്സുകാരി ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റ് മരിച്ചത്. സംഭവത്തിൽ അനാസ്ഥ കാണിച്ചെന്ന് ആരോപണവിധേയനായ അധ്യാപകനെ സസ്പെൻറ് ചെയ്തിട്ടുണ്ട്. പ്രാഥമികാന്വേഷണത്തിന് ശേഷമാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. കുട്ടിയ്ക്ക് പാമ്പുകടിയേറ്റെന്ന് പറഞ്ഞിട്ടും, ആശുപത്രിയിലെത്തിക്കാൻ ഷജിൽ എന്ന സയൻസ് അധ്യാപകൻ തയ്യാറായില്ല എന്ന് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam