
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ 3 സിടി സ്‌കാനിംഗ് മെഷീനുകളും ഒരു എംആര്‍ഐ മെഷീനും 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കര്‍ശന നിര്‍ദേശം നല്‍കി. സ്‌കാനിംഗിനുള്ള കാലതാമസം കുറച്ച് പരമാവധി പേര്‍ക്ക് സേവനം നല്‍കേണ്ടതാണ്. മാമോഗ്രാം, അത്യാഹിത വിഭാഗത്തിലെ എക്‌സ്‌റേ മെഷീന്‍ എന്നിവയുടെ പ്രവര്‍ത്തനം യോഗം പ്രത്യേകം വിലയിരുത്തി. സ്‌കാനിംഗ് റിപ്പോര്‍ട്ടുകള്‍ സമയബന്ധിതമായി ലഭ്യമാക്കേണ്ടതാണ്. അത്യാഹിത വിഭാഗം നിരന്തരം വിലയിരുത്താനും അപ്പപ്പോള്‍ തന്നെ പോരായ്മകള്‍ പരിഹരിക്കാനും ചിട്ടയോടെ പ്രവര്‍ത്തിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ഐപി രോഗികള്‍ക്ക് സിടി സ്‌കാനിംഗ് പൂര്‍ണതോതില്‍ ലഭ്യമാകുന്നില്ല എന്ന പരാതിയെ തുടര്‍ന്ന് മന്ത്രി നേരിട്ട് സന്ദര്‍ശനം നടത്തിയാണ് പരാതിക്ക് പരിഹാരം കണ്ടത്.
മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രിയാണ് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായായിരുന്നു സന്ദര്‍ശനം. രാത്രി 10 മണിയോടെ അത്യാഹിത വിഭാഗത്തിലെത്തിയ മന്ത്രി ഒന്നര മണിക്കൂറോളം ആശുപത്രിയില്‍ ചെലവിട്ടു. അത്യാഹിത വിഭാഗത്തിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുകയും എക്‌സ്‌റേ റൂം, വിവിധ സ്‌കാനിംഗ് യൂണിറ്റുകള്‍, കാത്ത് ലാബ് എന്നിവ സന്ദര്‍ശിക്കുകയും ചെയ്തു. രോഗികളുമായും ജീവനക്കാരുമായും ആശയവിനിമയം നടത്തി. പോരായ്മകള്‍ പരിഹരിക്കാന്‍ രാവിലെ മെഡിക്കല്‍ കോളേജിന്റെ അടിയന്തര യോഗം മന്ത്രിയുടെ ചേമ്പറില്‍ വിളിച്ചു ചേര്‍ത്തു. ഈ യോഗത്തിലാണ് കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലെ സേവന നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കുകയും ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷേറ്റീവ് നടപ്പിലാക്കുകയും ചെയ്തു. ഇത് വിലയിരുത്തുന്നതിന് മന്ത്രി നിരവധി തവണ മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുകയും യോഗം വിളിക്കുകയും ചെയ്തു.
എലിപ്പനി രോഗനിര്‍ണയത്തിന് ലെപ്‌റ്റോ ആര്‍ടിപിസിആര്‍ 6 ലാബുകളില്‍: മന്ത്രി വീണാ ജോര്‍ജ്
എലിപ്പനി രോഗനിര്‍ണയം വേഗത്തില്‍ നടത്താന്‍ സംസ്ഥാനത്ത് 6 ലാബുകളില്‍ ലെപ്‌റ്റോസ്‌പൈറോസിസ് ആര്‍ടിപിസിആര്‍ പരിശോധന നടത്താനുള്ള സംവിധാനമൊരുക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ്, തൃശൂര്‍ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഈ സംവിധാനം ലഭ്യമാണ്. പത്തനംതിട്ട, എറണാകുളം പബ്ലിക് ഹെല്‍ത്ത് ലാബുകളില്‍ ഒരാഴ്ചയ്ക്കകം ഈ സംവിധാനം സജ്ജമാക്കുന്നതാണ്.
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ അടുത്തുതന്നെ ഈ സംവിധാനം സജ്ജമാക്കും. എലിപ്പനി രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ വളരെ വേഗം രോഗനിര്‍ണയം നടത്തി ചികിത്സ ഉറപ്പാക്കാനാണ് ലെപ്‌റ്റോസ്‌പൈറോസിസ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലും പബ്ലിക് ഹെല്‍ത്ത് ലാബുകളിലും എലിപ്പനി രോഗനിര്‍ണയത്തിനുള്ള ഐജിഎം എലൈസ പരിശോധന നടത്തുന്നുണ്ട്. ഒരാളുടെ ശരീരത്തില്‍ വൈറസ് കടന്ന ശേഷം ഏഴ് ദിവസം കഴിഞ്ഞാല്‍ മാത്രമേ ഈ പരിശോധനയിലൂടെ എലിപ്പനിയാണെന്ന് കണ്ടെത്താന്‍ സാധിക്കൂ. അതേസമയം ലെപ്‌റ്റോസ്‌പൈറോസിസ് ആര്‍ടിപിസിആര്‍ പരിശോധനയിലൂടെ വൈറസ് ബാധിച്ച് മൂന്നുനാല് ദിവസത്തിനകം തന്നെ പരിശോധിച്ചാലും എലിപ്പനിയാണെങ്കില്‍ കണ്ടെത്താനാകും.
അതീവ ജാഗ്രത വേണം
എലിപ്പനി, ഡെങ്കിപ്പനി എന്നിവയ്‌ക്കെതിരെ അതീവ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി സംസ്ഥാനത്തെ കോവിഡിന്റേയും പകര്‍ച്ചവ്യാധികളുടേയും സ്ഥിതി വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജില്ലകള്‍ ജാഗ്രത തുടരണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് പനി വര്‍ധിച്ച് വരികയാണ്. പനി ബാധിക്കുന്നവര്‍ ഏത് തരം പനിയാണെന്ന് ഉറപ്പ് വരുത്തണം. മെഡിക്കല്‍ ഓഫീസര്‍മാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കൂടുതല്‍ പരിശോധന നടത്തണം. പനിയും ശരീരവേദനയും ഉള്ളവര്‍ ഡോക്ടര്‍മാരെ കാണണം. ആശാവര്‍ക്കര്‍മാര്‍ ഇത് ശ്രദ്ധിക്കണം. വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് പ്രവര്‍ത്തനം ശക്തമാക്കണം. ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും അവലോകനം നടത്തുകയും വേണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും മന്ത്രി വീണ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി.