
കൊച്ചി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷമുള്ള തുടർചികിത്സയ്ക്കിടെ മരിച്ച നേപ്പാൾ സ്വദേശിനി ദുർഗ കാമിക്ക് കണ്ണീരോടെ വിട. കളമശേരി സഭ സെമിത്തേരിയിലായിരുന്നു ദുർഗയുടെ സംസ്കാര ചടങ്ങുകൾ നടന്നത്. നൂറുകണക്കിന് ആളുകളാണ് ദുർഗയെ അവസാനമായി കാണാൻ കമ്മ്യൂണിറ്റി ഹാളിലും സെമിത്തേരിയിലും എത്തിയത്.
എല്ലാ പ്രാർത്ഥകളും വിഫലമായി. മാറ്റി വച്ച ഹൃദയവുമായി ദുർഗ കാമി നമുക്കിടയിൽ ഉണ്ടാകുമെന്ന പ്രതീക്ഷ അണഞ്ഞു. എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ നിന്ന് ദുർഗയുടെ ചേതനയറ്റ ശരീരം പുറത്തേക്ക് കൊണ്ടുവന്നപ്പോൾ കാത്തുനിന്നവരെല്ലാം വിങ്ങിപ്പൊട്ടി.
ഹൃദയഭിത്തികൾക്ക് കനംകൂടുന്ന ഹൈപ്പർ ഹെർഡിക്ടറി കാർഡിയോമയോപ്പതിയായിരുന്നു ദുർഗയ്‌ക്ക്. ഇതേ അസുഖം ബാധിച്ച് അമ്മയെയും സഹോദരിയെയും നേരത്തെ നഷ്ടമായി. നേപ്പാൾ ഗഞ്ചിൽ മലയാളി നടത്തുന്ന അനാഥാലയത്തിൽ വളർന്ന ദുർഗ ചികിത്സയ്ക്കായി കേരളത്തിലെത്തുകയായിരുന്നു. ഹൃദയത്തിനായി ഒരു വർഷം നീണ്ട കാത്തിരിപ്പ്. പിന്നെ രാജ്യത്ത് തന്നെ ആദ്യമായി ഒരു ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നു.
മസ്‌തിഷ്‌കമരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയം ദുർഗയിൽ മിടിച്ചു തുടങ്ങിയിരുന്നു. ജീവൻരക്ഷാ യന്ത്രങ്ങളുടെ സഹായമില്ലാതെ ദുർഗ ജീവിച്ചു തുടങ്ങിയ സന്തോഷവാർത്ത കേരളം കേട്ടു. വായിക്കാൻ ഒരു പുസ്തകം വേണമെന്ന് കഴിഞ്ഞ ദിവസം അവൾ ഡോക്ടറോട് പറഞ്ഞു. പക്ഷേ എല്ലാ സന്തോഷവും മാഞ്ഞത് പെട്ടന്നായിരുന്നു. ഇന്നലെ വൈകിട്ട് നാലോടെ ദുർഗയുടെ ശ്വാസകോശം പ്രവർത്തനരഹിതമായി. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം സാധാരണ നിലയിലാക്കാൻ ഡോക്ടർമാർ ആറുമണിക്കൂർ കിണഞ്ഞു ശ്രമിച്ചെങ്കിലും സാധിച്ചില്ല. രാത്രി 10 മണിയോടെ ദുർഗ ഈ ലോകത്തോട് വിടപറഞ്ഞു. കളമശ്ശേരി മണ്ണോപ്പിള്ളി കമ്യൂണിറ്റി ഹാളിൽ ദുർഗയെ ഒരു പരിചയവുമില്ലാത്ത വലിയൊരു ആൾക്കൂട്ടം അവളെ അവസാനമായി ഒരു നോക്ക് കാണാൻ എത്തി. സഭ സെമിത്തേരിയിലേക്കുള്ള അന്ത്യയാത്രയിൽ അവർ ദുർഗയെ അനുഗമിച്ചു. നേപ്പാളിൽ നിന്ന് വന്ന് കേരളത്തിന്റെ മകളായി മാറിയവൾക്ക് കണ്ണീരോടെ വിട.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam