Latest Videos

ഡാമുകൾ ഓരോന്നായി നിറയുന്നു, പമ്പ അണക്കെട്ട് ഉടൻ തുറക്കും, പരിഭ്രാന്തി വേണ്ട, അറിയേണ്ടത്

By Web TeamFirst Published Aug 9, 2020, 1:38 PM IST
Highlights

പമ്പ ഡാം തുറന്നാൽ അഞ്ച് മണിക്കൂറിനകം റാന്നി ടൗണിലേക്ക് വെള്ളമെത്തും. ആളുകൾ പരിഭ്രാന്തരാകരുതെന്നും, എന്നാൽ ജാഗ്രതാ നിർദേശങ്ങൾ അനുസരിക്കണമെന്നും കെഎസ്ഇബി ചെയ‍ർമാൻ.

കൊച്ചി: സംസ്ഥാനത്ത് മഴ കനത്തതോടെ അണക്കെട്ടുകൾ ഒന്നൊന്നായി നിറയുന്നു. പമ്പ അണക്കെട്ട് നിറഞ്ഞതിനാൽ, ഉടൻ തുറക്കും. ഡാം തുറന്നാൽ അഞ്ച് മണിക്കൂറിനകം റാന്നി ടൗണിലേക്ക് വെള്ളമെത്തും. ആളുകൾ പരിഭ്രാന്തരാകരുതെന്നും, എന്നാൽ ജാഗ്രതാ നിർദേശങ്ങൾ അനുസരിക്കണമെന്നും കെഎസ്ഇബി ചെയ‍ർമാൻ അറിയിച്ചു. 

അതേസമയം, ഇടുക്കി അടക്കമുളള വലിയ ഡാമുകളിൽ ആശങ്കാജനകമായ സാഹചര്യം ഇല്ലെന്ന് കെ എസ് ഇ ബി അറിയിച്ചു. മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. റെഡ് അലർട്ട് നിലനിൽക്കുന്ന എട്ടു ഡാമുകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ്  നിർദേശം.

പമ്പ അണക്കെട്ടിന് സമീപത്ത് താമസിക്കുന്നവർ അറിയേണ്ടത്:

ജലനിരപ്പ് ഉയർന്നതിനാൽ ആറ് ഷട്ടറുകൾ രണ്ട് അടിവീതം ഉയര്‍ത്താനാണ് തീരുമാനം. എട്ട് മണിക്കൂറെങ്കിലും ഷട്ടർ തുറന്ന് വക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പമ്പ നദിയിൽ നാൽപ്പത് സെന്‍റീമീറ്ററെങ്കിലും ജലനിരപ്പ് ഉയരും. അഞ്ചു മണിക്കൂറിനുള്ളിൽ റാന്നി ടൗണിലേക്ക് വെള്ളമെത്തുമെന്നാണ് കരുതുന്നത്. 

 എന്നാൽ അണക്കെട്ട് തുറക്കുന്നത് വഴി വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് കെഎസ്ഇബിയും ജില്ലാ ഭരണകൂടവും പറയുന്നത്.  ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. നീരൊഴുക്ക് കാര്യമായി ഉണ്ടാകില്ലെന്ന് മാത്രവുമല്ല ചെറിയ ഡാമുകൂടിയായതിനാൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും കെഎസ്ഇബി വിശദീകരിക്കുന്നു. റാന്നി ടൗണിൽ 19 ബോട്ടുകളും തിരുവല്ലയിൽ ആറ് ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്. 

ഇടുക്കി ഉൾപ്പടെ പ്രധാന ഡാമുകളിൽ ആശങ്ക ഇല്ലെന്നും കെഎസ്ഇബി ചെയര്‍മാൻ എൻ എസ് പിള്ള പറഞ്ഞു. അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നുണ്ട്. എന്നാൽ ക്രമാതീതമായി വെള്ളം തുറന്ന് വിടേണ്ട സാഹചര്യമൊന്നും നിലവിലില്ലെന്നും കെഎസ്ഇബി ചെയര്‍മാൻ വിശദീകരിച്ചു.

മറ്റ് ഡാമുകളിലെ നിലവിലത്തെ സ്ഥിതി

കല്ലാർ, ഇരട്ടയാർ, ലോവർ പെരിയാർ, മൂഴിയാർ, പെരിങ്ങൽക്കുത്ത്, കല്ലാർകുട്ടി, പൊൻമുടി, കുറ്റിയാടി അണക്കെട്ടുകൾക്കാണ്  റെഡ് അലർട്ട് നൽകിയിരിക്കുന്നത്. മുല്ലപ്പെരിയാറിൽ  ജലനിരപ്പ്  135 അടി പിന്നിട്ടു. 136 ൽ എത്തിയാൽ രണ്ടാമത്തെ ജാഗ്രതാ നിർദേശം നൽകും. നീരൊഴുക്കിനേക്കാൾ കൂടുതൽ ജലം തമിഴ്നാട് കൊണ്ടുപോകുന്നത് മുല്ലപ്പെരിയാറിന് ആശ്വാസമാണ്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് സെക്കന്‍റിൽ 2000 ഘന അടിയിലേക്ക് ഉയർത്തിയിട്ടുണ്ട്.

ഇടുക്കിയിൽ 2362 ആണ് ജലനിരപ്പ്. പത്തടി കൂടി പിന്നിട്ടാലേ ഷട്ടർ ലെവലിൽ എത്തൂ. ഇപ്പോഴത്തെ നിലയിൽ ഓഗസ്റ്റ് മാസത്തെ റൂൾ കർവിനടുത്തേക്ക് ഇടുക്കിയിലെ ജലനിരപ്പ് എത്തില്ലെന്നാണ് കണക്കുകൂട്ടൽ.

നെയ്യാർ ഡാമിന്‍റെ നാല് ഷട്ടറുകളും 35 സെമീ വീതം ഉയർത്തി. പേപ്പാറ ഡാമും തുറന്നു. മൂഴിയാർ അണക്കെട്ടിന്‍റെ സ്പിൽവേയും മണിയാർ സംഭരണിയുടെ സ്പിൽവേയും തുറന്നു. പാലക്കാട് മംഗലം, കാഞ്ഞിരപ്പുഴ ഡാമുകളുടെ ഷട്ടറും ഉയർത്തി. വാളയാർ ഡാം തുറക്കുമെന്ന് ജില്ലാഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വയനാട്ടിൽ മഴ തുടരുന്ന സാഹചര്യത്തിൽ ബാണാസുര,കാരാപ്പുഴ അണക്കെട്ടുകൾ തുറക്കേണ്ടിവരും. ജലനിരപ്പ് താഴ്ന്നതിനാൽ കക്കയം ഡാമിന്‍റെ ഒരു ഷട്ടർ അടച്ചിട്ടുണ്ട്.

തമിഴ്നാട് ഷോളയാർ ഡാമിൻ്റെ മൂന്നു ഷട്ടറുകളും അടച്ചു. കേരള ഷോളയാറിലേക്കുള്ള വെള്ളത്തിൻ്റെ വരവ് അവസാനിച്ചു

കക്കയം ഡാമിൻ്റെ ഒരു ഷട്ടർ അടച്ചു. ഇന്നലെ മൂന്നടി ഉയർത്തിയിരുന്ന രണ്ടാം ഷട്ടർ കാൽ അടിയാക്കി ചുരുക്കി. ഡാമിൽ ജലനിരപ്പ് കുറഞ്ഞതിനാലാണിത്.

നെയ്യാർ ഡാമിൻ്റെ നാലു ഷട്ടറുകളും നിലവിൽ 25 cm വീതം ഉയർത്തിയിട്ടുണ്ട്. രാവിലെ 11 മണിക്ക് നാലു ഷട്ടറുകളും പത്ത് സെ.മീ. കൂടി ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നെയ്യാറിൻ്റെ  ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നദിയിൽ ഇറങ്ങി കുളിക്കാനോ വസ്ത്രങ്ങൾ അലക്കാനോ വളർത്തുമൃഗങ്ങളെ കുളിപ്പിക്കാനോ പാടില്ലന്നും കളക്ടർ അറിയിച്ചു 

കോഴിക്കോട് കക്കയം ഡാമിൻ്റെ ഒരു ഷട്ടർ അടച്ചു. രണ്ടാം ഷട്ടർ ഒരടി താഴ്ത്തുകയും ചെയ്തു. ഡാമിൽ ജലനിരപ്പ് കുറഞ്ഞതിനാലാണിത്.

click me!