ട്രഷറി തട്ടിപ്പ് കേസ് വിജിലൻസിന് കൈമാറും; ബിജുലാലിൻ്റെ ഭാര്യക്കെതിരെ ഇതുവരെ നടപടിയെടുത്തില്ല

By Web TeamFirst Published Aug 9, 2020, 1:38 PM IST
Highlights

 കേസിലെ രണ്ടാം പ്രതിയും സർക്കാർ ഉദ്യോഗസ്ഥയുമായ സിമിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയെങ്കിലും ഇവർക്കെതിരായ തുടർനടപടികള്‍ ഇഴയുകയാണ്.

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസ് വിജിലൻസിന് കൈമാറും. കേസന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം നാളെ വിജിലൻസ് ഡയറക്ടറുമായി ചർച്ച നടത്തും. അതേ സമയം അറസ്റ്റിലായ ബിജുലാലിൻറെ ഭാര്യ കേസിൽ രണ്ടാം പ്രതിയായിട്ടും സർക്കാർ ഉദ്യോഗസ്ഥയായ ഇവർക്കെതിരെ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല

വഞ്ചിയൂർ ട്രഷറിയിൽ നിന്നും 2,73,99,000 രൂപ ബിജുലാൽ തട്ടിയെടുത്തെന്നാണ് പൊലീസ് കേസ്. തുടരന്വേഷണത്തിൽ ട്രഷറിയിൽ നിന്നും നഷ്ടപ്പെട്ടിരിക്കുന്നത് 73 ലക്ഷമാണെന്ന് കണ്ടെത്തി. ബാക്കി പണം ബിജുലാലിൻ്റേയും കേസിലെ രണ്ടാം പ്രതിയായ സിമിയുടെ അക്കൗണ്ടുകളിലുണ്ടെന്നും കണ്ടെത്തി. മാത്രമല്ല ട്രഷറിയിൽ മൂന്നു മാസം മുമ്പ് നടന്ന മോഷണം നടത്തിയ ബിജുലാലെന്നറിഞ്ഞിട്ടും നടപടിയെടുക്കുന്നതിൽ ഉദ്യോഗസ്ഥ വീഴ്ച സംഭവിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 

ഈ സാഹചര്യത്തിൽ അഴിമതി നിരോധ നിയമപ്രകാരം ട്രഷറിയിലെ  ഉദ്യോഗസ്ഥർക്കെതിരെ വിശദമായ അന്വേഷണം വേണമെന്ന നിഗമനത്തിലാണ് ജില്ലാ ക്രൈം ബ്രാഞ്ച് എത്തിചേർന്നിരിക്കുന്നത്. പ്രതിപക്ഷ നേതാവുൾപ്പെടെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു., നിലവിൽ രജിസ്റ്റർ ചെയ്ത കേസ് വിജിലൻിന് കൈമാറുന്നതാകും അഭികാമ്യമെന്ന് വിജിലൻസ് ഡയറക്ടർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. 

വകുപ്പ് തല അന്വേഷണത്തിൽ തട്ടിപ്പ് വ്യക്തമായ സാഹചര്യത്തിൽ അന്വേഷണം ഏറ്റെടുക്കാൻ സർക്കാരിൻ്റെ പ്രത്യേക അനുമതി ആവശ്യമില്ലെന്നാണ് നിയമവൃത്തങ്ങളും വിജിലൻസിനെ അിയിച്ചിരിക്കുന്നത്.  വിജിലൻസിന് അന്വേഷണം കൈമാറണമെന്നാവശ്യപ്പെട്ട് ഡിജിപി സർക്കാരിന് കത്തു നൽകുമെന്നാണ് അറിയുന്നത്. 

അതേ സമയം കേസിലെ രണ്ടാം പ്രതിയും സർക്കാർ ഉദ്യോഗസ്ഥയുമായ സിമിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയെങ്കിലും ഇവർക്കെതിരായ തുടർനടപടികള്‍ ഇഴയുകയാണ്. സർക്കാർ അധ്യാപികയായ ഇവർക്കെതിരെ  വകുപ്പ്തല നടപടി ഉണ്ടായിട്ടില്ല.  ഓണ്‍ലൈൻ ചീട്ടു കളിയിലൂടെ ലഭിച്ച പണമാണ് ആഭരണം വാങ്ങാനും, സഹോദരിക്ക് ഭൂമി വാങ്ങാനും നൽകിയതെന്നാണ് ബിജുലാൽ പറഞ്ഞതെന്നാണ് ഇയാളുടെ ഭാര്യയായ സിമി പറയുന്നത്. 

പക്ഷേ ഇത്രയും തുക അക്കൗണ്ടിലേക്ക് വന്നിട്ടും എന്തുകൊണ്ട് സിമി അറിഞ്ഞില്ലെന്ന ചോദ്യം ബാക്കിയാകുന്നു. മാർച്ച് മാസത്തിൽ നേരത്തെ വീട്ടിൽപോയപ്പോള്‍ ബിജുലാലിന് യൂസർ ഐഡിയും പാസ് വേ‍ർഡും നൽകിയെന്ന മുൻ ട്രഷറി ഓഫീസർ ഭാസ്ക്കരൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കേസിൽ ഭാസ്കരനെ മുഖ്യ സാക്ഷിയാക്കാനാണ് പൊലീസ് ആലോചിക്കുന്നത്.  
 

click me!