അതിതീവ്ര മഴ തുടരുന്നു; ആലപ്പുഴയിലും കോട്ടയത്തും സ്ഥിതി രൂക്ഷം; വടക്കൻ ജില്ലകളും ദുരിതത്തിൽ

Web Desk   | Asianet News
Published : Aug 09, 2020, 01:27 PM IST
അതിതീവ്ര മഴ തുടരുന്നു; ആലപ്പുഴയിലും കോട്ടയത്തും സ്ഥിതി രൂക്ഷം; വടക്കൻ ജില്ലകളും ദുരിതത്തിൽ

Synopsis

മഴക്കെടുതികളും വെളളപ്പൊക്കവും സംസ്ഥാനത്ത് വ്യാപകമാകുമ്പോൾ കനത്തമഴ രണ്ട് ദിവസത്തക്ക് കൂടി തുടരുമെന്നാണ് കാലാസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട കോട്ടയം എറണാകുളം, തൃശ്ശൂർ പാലക്കാട്  ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരത്ത് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ ഇന്നും തുടരുകയാണ്. ഏഴ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  കഴിഞ്ഞ ഒരാഴ്ചക്കിടെ സംസ്ഥാനത്ത് 25 സെമി മഴയാണ് ആകെ കിട്ടിയത്. സാധാരണയായി പെയ്യേണ്ടതിന്റെ ഇരട്ടി മഴയാണ് ഈ സമയത്തുണ്ടായത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 15,190 പേരാണ് 482 ക്യാംപുകളിലായി കഴിയുന്നത്.

മഴക്കെടുതികളും വെളളപ്പൊക്കവും സംസ്ഥാനത്ത് വ്യാപകമാകുമ്പോൾ കനത്തമഴ രണ്ട് ദിവസത്തക്ക് കൂടി തുടരുമെന്നാണ് കാലാസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട കോട്ടയം എറണാകുളം, തൃശ്ശൂർ പാലക്കാട്  ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരത്ത് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ഒഡീഷ തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ല. എന്നാൽ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ ശക്തമാകുകയും കനത്ത കാറ്റ് വീശുകയും ചെയ്യും. തീരദേശത്ത് 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനിടയുളളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്നാണ് മുന്നറിയിപ്പ്.

മധ്യകേരളത്തില്‍ ആലപ്പുഴ ,കോട്ടയം ജില്ലകളില്‍ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുന്നു. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നതോടെ കോട്ടയം ജില്ലയിലെ താഴ്ന്നപ്രദേശങ്ങളെല്ലാം  വെള്ളത്തിനടിയിലാണ്. കോട്ടയം ജില്ലയില്‍  കുമരകം , വൈക്കം അടക്കമുള്ള പ്രദേശങ്ങളിൽ വ്യാപകമായി വെള്ളം കയറി.  മണർകാട് കാർ ഒലിച്ചുപോയി ഒരാളെ കാണാതായി. കൊച്ചി വിമാനത്താവളത്തിലെ ടാക്സി ഡ്രൈവറും അങ്കമാലി സ്വദേശിയുമായ ജസ്റിനാണ് അപകടത്തിൽ പെട്ടത്. വെള്ളത്തിൽ കുടുങ്ങിയ കാർ തള്ളിമാറ്റുന്നതിടെ ഇന്ന് പുലർച്ചെയാണ് അപകടം. ദേശീയ ദുരന്തനിവാരണ സെനയുടെ നെത്രത്വത്തിൽ ജസ്റ്റിനെ കണ്ടെത്താന്‍ തിരച്ചിൽ തുടരുകയാണ് .  വെമ്പള്ളി വയലാ റോഡിൽ കല്ലാലി പാലം തകർന്നു. ഇതു വഴി ഗതാഗതം നിരോധിച്ചു.  കോട്ടയം ജില്ലയിൽ 138 ക്യാമ്പുകളിലായി 1030 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഏറ്റവും കൂടൂതൽ ക്യാംപുകൾ ഉളളത് കോട്ടയം ജില്ലയിലാണ്. പത്തനംതിട്ടയിൽ 85 ക്യാംപുകളുണ്ട്.  വയനാട്ടിൽ 77 ക്യാംപുകളും തുറന്നിട്ടുണ്ട്. കുട്ടനാട്ടിൽ വ്യാപക മട വീഴ്ചയില്‍  600 അധികം ഏക്കറിലെ കൃഷി നശിച്ചു. വീടുകളിൽ വെള്ളം കയറിയതോടെ ആളുകൾ  ദുരിതാശ്വാസ ക്യാമ്പിലേക്കുംം  ബന്ധുവീടുകളിലേക്ക് മാറിത്തുടങ്ങി.  ഇവിടെ മാത്രം ക്യാമ്പുകളുടെ എണ്ണം 40 ആയി. പമ്പാ ഡാം തുറന്നാൽ ജില്ലയിലെ സാഹചര്യങ്ങൾ കൂടുതൽ ഗുരുതരമാകും. 

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച തൃശൂരിൽ രാവിലെ മുതൽ കാര്യമായ മഴയില്ല. തമിഴ്നാട് ഷോളയാർ ഡാമിൻ്റെ 3 ഷട്ടറുകൾ രാവിലെ അടച്ചതോടെ ലോവർ ഷോളയാറിലേക്ക് ജലമൊഴുക്ക് നിലച്ചു.പെരിങ്ങൽക്കുത്ത് ഡാമിൽ റെഡ് അലർട്ട് തുടരുന്നു.തൃശൂരിലെ കോൾ പാട മേഖലയിലെ വെള്ളക്കെട്ട് മൂലം പുള്ള് പ്രദേശം  ഒറ്റപ്പെട്ടു. എറണാകുളം ജില്ലയിൽ രാവിലെയോടെ മഴയുടെ  ശക്തി കുറഞ്ഞു. ജില്ലയിൽ 39 ദുരിതാശ്വാസ ക്യാമ്പുകളിലായി 1195 പേരെ മാറ്റി പാർപ്പിച്ചു. മൂന്നു ദിവസം മുൻപ് നേര്യമംഗലം വനമേഖലയിൽ നിന്നും ഒഴുകി തുടങ്ങിയ  കാട്ടാനയുടെ ജഡം കരയക്കടുപ്പിക്കാന്‍ വനംവകുപ്പ് ശ്രമം തുടരുകയാണ്. ഇപ്പോള്‍  ആലുവ പെരിയാറ്റിലൂടെയാണ് ജഡം  ഒഴുകുന്നത്. 

വടക്കൻ കേരളത്തിൽ പൊതുവെ മഴ കുറഞ്ഞെങ്കിലും കണ്ണൂരും കാസർകോടും ഇടവിട്ട് മഴ പെയ്യുന്നതോടെ മലയോരത്ത് ആശങ്ക തുടരുകയാണ്. പാലക്കാട് ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി. കോ‍ർപ്പറേഷൻ ഓട വൃത്തിയാക്കാത്തതിനെ തുടർന്ന് കണ്ണൂർ നഗരത്തിനകത്തെ വീടുകൾ വെള്ളത്തിനടിയിലാണ്. കോർപ്പറേഷൻ ഓട വൃത്തിയാക്കാത്തതിനാലാണ് കണ്ണൂർ നഗരത്തിനകത്തെ താണ, ചൊവ്വ ഭാഗങ്ങളിൽ ഇരുന്നൂറിലേറെ വീടുകളിൽ വെള്ളം കയറിയത്. പരമാവധി പേരെ മാറ്റി . ചിലർ വീടിന്‍റെ രണ്ടാം നിലയിൽ തുടരുകയാണ്.

ശ്രീകണ്ഠാപുരം , ചപ്പരപ്പടവ് , ചെങ്ങളായി പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി തുടങ്ങി.  ബാവലായി പുഴയിൽ നീരൊഴുക്ക് കുറഞ്ഞെങ്കിലും, കൊട്ടിയൂർ മേഖലയിൽ ഉരുൾപ്പൊട്ടൽ ഭീഷണി ഒഴിഞ്ഞിട്ടില്ല. ജില്ലയിൽ ഇതുവരെ അയ്യായിരത്തിലധികം പേരെ മാറ്റി പാർപ്പിച്ചു. കാസർകോട്ടു മലയോര മേഖലകളിൽ മഴ ശക്തമായതോടെ വെള്ളരിക്കുണ്ട് താലൂക്കിലെ 34 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. തേജസ്വിനി , ഛൈത്രവാഹിനി പുഴകളിൽ വെള്ളം ഉയർന്നതിനെ തുടർന്ന് 43 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. പാലക്കാടും, കോഴിക്കോട് , വയനാട് ജില്ലകളിൽ മഴ കുറഞ്ഞിട്ടുണ്ട്. ഭാരതപ്പുഴയിലെ ജലനിരപ്പ് നിയന്ത്രണവിധേയമാണ് . ഷൊർണൂരിൽ ഒഴുക്കിൽപ്പെട്ട വിനായകിന്  വേണ്ടി തെരച്ചിൽ തുടരുകയാണ്.  നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് കോഴിക്കോട് കക്കയം ഡാമിന്‍റെ ഒരു ഷട്ടർ അടച്ചു. വയനാട്ടിൽ മഴ കുറഞ്ഞെങ്കിലും ദേശീയ പാതയിലെ ഗതാഗതം പുനസ്ഥാപിക്കാൻ ആയിട്ടില്ല.

തെക്കൻ കേരളത്തിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്. പത്തനംതിട്ടയിൽ നദികളിൽ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നു. നദികളുടെ തീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ചു തുടങ്ങി. പത്തനംതിട്ടയിലെ മലയോര മേഖലയാണ് തെക്കൻ കേരളത്തിൽ ആശങ്ക. ശബരിമല ഉൾവനത്തിലടക്ക പലയിടത്തും സ്ഥിരീകരിക്കാത്ത ഉരുൾപ്പൊട്ടലുകൾ ഉണ്ടാവുന്നുണ്ട്. അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്ത് മഴയുടെ അളവ് കുറഞ്ഞിട്ടില്ല. മൂന്ന് പതിറ്റാണ്ടിനിടെ ഏറ്റവും കൂടിയ ജലനിരപ്പ് രേഖപ്പെടുത്തിയ മണമലയാറ്റിൽ സ്ഥിതി തുടരുന്നു. പമ്പയിലും അച്ചൻകോവിലിൽ സമാന സ്ഥിതിയാണ്. പമ്പ അണക്കെട്ട് കൂടി തുറന്നാൽ പമ്പയാറില്ലം കക്കാട്ടാറിലും ഇനിയും ജലനിരപ്പ് ഉയരും. നിലവിൽ താഴ്ന പ്രദേശങ്ങളായ ആറന്മുള കോഴഞ്ചേരി ഭാഗങ്ങളിൽ വെള്ളക്കെടാണ്. തിരുവല്ല തിരുമുലപുരത്ത് എം സി റോഡിൽ വെള്ളം കയറി. അമ്പലപുഴ തിരുവല്ല റോഡിൽ നെടുമ്പ്രം പൂർണമായും വെള്ളത്തിൽ മുങ്ങി. ഗതാഗതം സ്തംഭിച്ചു. ഇവിടെ വീടുകളിലേക്കും വെള്ളം കയറി. ആളുകൾ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറി. 

ആറന്മുളയിൽ' അവകടാവസ്ഥയിലുള്ളവരെ മത്സ്യ തൊഴിലാളികളുടെ ബോട്ടുകളിൽ സുരക്ഷിത സ്ഥാനത്ത് മാറ്റി. മുൻകരുതലിൻ്റെ ഭാഗമായി റാന്നിയിലും തിരുവല്ലയിലും പന്തളത്തും ബോട്ടുകൾ സജ്ജമാക്കി. എൻഡിആർഎഫിന്റെ 22 അംഗ സംഘവും ജില്ലയിലുണ്ട്.  കൊല്ലത്ത് ചില മേഖലകളിൽ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. തീരദേശ മേഖലയിൽ കടൽക്ഷോഭം ഉണ്ടായാൽ ആളുകളെ മാറ്റി പാർപ്പിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. 58വീടുകൾക്ക് ഭാഗിക നാശനഷ്ടം ഉണ്ടായി.തിരുവനന്തപുരത്തും കാര്യമായ മഴയില്ല. എങ്കിലും കൊല്ലത്തും തിരുവനന്തപുരത്തും തിരപ്രദേശങ്ങളിൽ ജാഗ്രത നിർദേശം നൽകി.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മസാല ബോണ്ട് ഇടപാട്; ഇഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ, റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നൽകി
ശബരിമല സ്വ‍‍‍‌‍ർണ്ണക്കൊള്ള; മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും