Latest Videos

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഇന്ന് 'റെഡ്' അലര്‍ട്ട്

By Web TeamFirst Published Jul 19, 2019, 7:21 AM IST
Highlights

ജൂലൈ 19 ന് ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ 'റെഡ്' അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച ഇടുക്കിയിലും ഞായറാഴ്ച കണ്ണൂരിലും 'റെഡ്' അലർട്ട് ആയിരിക്കും. 

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വെള്ളിയാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി. ജൂലൈ 19 ന് ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ 'റെഡ്' അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച ഇടുക്കിയിലും ഞായറാഴ്ച കണ്ണൂരിലും 'റെഡ്' അലർട്ട് ആയിരിക്കും. 

'റെഡ്' അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര ( മണിക്കൂറിൽ 204 mm ൽ കൂടുതൽ മഴ) മഴയ്‌ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുക,  ക്യാമ്പുകൾ തയ്യാറാക്കുന്നതുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുക എന്നിവയാണ് 'റെഡ്' അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കുള്ള സാധ്യത വർധിക്കും. 

ജൂലൈ 19 ന്  ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലും ജൂലൈ 20 ന് എറണാകുളം ജില്ലയിലും ജൂലൈ 21ന്  ഇടുക്കി, എറണാകുളം ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 'ഓറഞ്ച്' അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയുണ്ട്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

വെള്ളി, ശനി ദിവസങ്ങളിൽ വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് കേരളം, ലക്ഷദ്വീപ് തീരങ്ങളിലേക്ക് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആയതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

click me!