Kerala Rain : അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്, ഏഴിടത്ത് ഓറഞ്ച് അലേർട്ട്; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത

By Web TeamFirst Published May 16, 2022, 2:34 AM IST
Highlights

വലിയ അപകടങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ തീവ്ര മഴ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ടാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും നിലനിൽക്കുന്നുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് (Heavy Rain) സാധ്യത. അഞ്ച് ജില്ലകളിൽ റെഡ് അലേർട്ടാണ് (Red Alert). എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട്. വലിയ അപകടങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ തീവ്ര മഴ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ടാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും നിലനിൽക്കുന്നുണ്ട്. പരക്കെ മഴയ്ക്കൊപ്പം കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശമുണ്ട്. 

ജാഗ്രത പാലിക്കാന്‍ നിര്‍ദേശം; കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 17ന് തുറക്കും

കല്‍പ്പറ്റ: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ മെയ് 17 ന് രാവിലെ 10 മുതല്‍ അഞ്ച് സെന്‍റി മീറ്റര്‍ വീതം തുറന്ന് ജലം പുറത്തേക്ക് വിടും. പുഴയിലെ നീരൊഴുക്ക് വര്‍ദ്ധിക്കുന്നതിനും ജലനിരപ്പ് 65 മുതല്‍ 85 സെ.മീ. വരെ ഉയരുന്നതിനും സാധ്യതയുള്ളതിനാല്‍ കാരാപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കുള്ള  പ്രത്യേക നിര്‍ദേശങ്ങള്‍

1. പുഴകളിലും മറ്റു ജലാശയങ്ങളിലും ഒരു കാരണവശാലും ഇറങ്ങാന്‍ പാടുള്ളതല്ല. ഒഴുക്ക് ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട സാധ്യത കൂടുതലാണ്.

2. കാലാവസ്ഥ മുന്നറിയിപ്പുകള്‍ ഗൗരവത്തോടെ നിരീക്ഷിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യണം. ആവശ്യപ്പെടുന്ന സമയത്ത് ക്യാമ്പുകളിലേക്ക് മാറാന്‍ തയ്യാറാവണം.

3. കാറ്റിലും മഴയിലും ഇലക്ട്രിക് ലൈനുകള്‍ പൊട്ടി വീഴാന്‍ സാധ്യതയുണ്ട്. ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ കെ.എസ്.ഇ.ബിയുടെ 1912 കണ്‍ട്രോള്‍ റൂം നമ്പറില്‍ അറിയിക്കുക. അതിരാവിലെ ജോലിക്കോ മറ്റു ആവശ്യങ്ങള്‍ക്കോ ഇറങ്ങുന്നവര്‍ വെള്ളക്കെട്ടുകളില്‍ വൈദ്യുതി ലൈനുകള്‍ വീണു കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം.

4. മലയോര മേഖലകളിലേക്ക് അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും മഴ മുന്നറിയിപ്പ് കഴിയുന്നത് വരെ ഒഴിവാക്കുക.

5. വിനോദ സഞ്ചാരികള്‍ രാത്രി യാത്രകള്‍ ഒഴിവാക്കുകയും പരമാവധി താമസ സ്ഥലത്തു തുടരുകയും ചെയ്യണം. ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. സുരക്ഷാ സജ്ജീകരണങ്ങളില്ലാത്തതും അനുമതി ഇല്ലാത്തതുമായ ഒരു സ്ഥലത്തും പോകരുത്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂമികളിലേക്ക് 1077 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

click me!