
ആലപ്പുഴ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് കാർത്തികപ്പള്ളി താലൂക്കിലെ കരുവാറ്റ വില്ലേജിലെ താഴ്ന്ന പ്രദേശങ്ങളിൽ വെളളക്കെട്ടുകൾ രൂപപ്പെട്ട സാഹചര്യത്തിൽ നാളെ (ജൂൺ 2, തിങ്കൾ) കരുവാറ്റ വില്ലേജിലെ ഹരിജൻ വെൽഫെയർ എൽ.പി. സ്കൂൾ കാരമുട്ട്, സെന്‍റ് ജോസഫ് എൽ.പി സ്കൂൾ കാരമുട്ട് എന്നീ സ്കൂളുകൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
മഴക്കെടുതിയില്‍ കേരളം
സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും ദുരിതം പൂര്‍ണമായും ഒഴിഞ്ഞിട്ടില്ല. മഴക്കെടുതിയിൽ നാലു പേർക്ക് ജീവൻ നഷ്ടമായി. കോട്ടയം ഒളശയിൽ വെള്ളക്കെട്ടിൽ വീണ മാവുങ്കൽ സ്വദേശി അലൻ ദേവസി മരിച്ചു. എറണാകുളം വരാപ്പുഴയിൽ പതിനേഴുകാരൻ മുങ്ങിമരിച്ചു. വരാപ്പുഴ സ്വദേശി പോളാണ് മരിച്ചത്. പത്തനംതിട്ട വള്ളംകുളം കാവുങ്കലിൽ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. രഞ്ജിത്ത് രാജേന്ദ്രൻ ആണ് മരിച്ചത്. മീൻ പിടിക്കാനായി ഇട്ടിരുന്ന വലയിൽ കാൽ കുടുങ്ങിയ രഞ്ജിത്ത് മുങ്ങിത്താഴ്ന്നു പോവുകയായിരുന്നു.
കൊല്ലം കുണ്ടറയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. പെരുമ്പുഴ സ്വദേശി ഗോപാലകൃഷ്ണപിള്ള ആണ് മരിച്ചത്.വീടിന് സമീപം പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച മകൾ അശ്വതിക്കും ഷോക്കേറ്റു. മകളെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. കോട്ടയം ആലപ്പുഴ ജില്ലകളിലാണ് മഴദുരിതം തുടരുന്നത്.
കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖല പൂർണമായും വെള്ളത്തിലായി. ആലപ്പുഴയിൽ കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. ചേന്നങ്കരി, കുട്ടമംഗലം, നെടുമുടി, പൂപ്പള്ളി, എടത്വ പ്രദേശങ്ങളിലെ വീടുകളിൽ കയറിയ വെള്ളം ഇറങ്ങിയിട്ടില്ല. കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും ആലപ്പുഴ കുട്ടനാട് താലൂക്കിലേയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. തിരുവല്ല താലൂക്കിലെ 13 സ്കൂളുകൾക്കും നാളെ അവധിയാണ്.
കൊച്ചിയിൽ ഒഴുക്കിൽപ്പെട്ട നേവി ഉദ്യോഗസ്ഥനായി തെരച്ചിൽ
കൊച്ചിയിലെ നേവി ആസ്ഥാനത്ത് പരിശീലനത്തിന് വേണ്ടി എത്തിയ നേവി ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി. തേവര വെണ്ടുരുത്തി പാലത്തിൽ നിന്ന് പരിശീലനത്തിന്റെ ഭാഗമായി ചാടിപ്പോഴാണ് ഒഴുക്കിൽപ്പെട്ടത്. നേവിയും ഫയർഫോഴ്സും തിരച്ചിൽ നടത്തുകയാണ്. ടാൻസാനിയൻ നാവിക ഉദ്യോഗസ്ഥനെയാണ് കാണാതായത്. ഏഴിമല നേവൽ അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി കൊച്ചിയിൽ എത്തിയതായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam