കനത്ത മഴ, പമ്പയിൽ ജലനിരപ്പ് ഉയരുന്നു; പത്തനംതിട്ടയിൽ ജാഗ്രത

By Web TeamFirst Published Aug 14, 2019, 10:07 AM IST
Highlights

പമ്പ നദിയിൽ 10 അടി ജലനിരപ്പ് ഉയർന്നു. റാന്നി അരയാഞ്ഞിലി മണ്ണ്, ഉരുമ്പൻ മൂഴി കോസ്വേകൾ വെള്ളത്തിനടിയിലായി.മണിമലയാറ്റിലും, അച്ചൻകോവിലാറ്റിലും ജലനിരപ്പ് അപകടകരമായ വിധത്തിൽ ഉയർന്നിട്ടുണ്ട്.

പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് നദികളിൽ ജലനിരപ്പ് ഉയര്‍ന്നതോടെ പത്തനംതിട്ട ജില്ലയിൽ ജാഗ്രതാ നിര്‍ദ്ദേശം. ഇന്നലെ രാത്രി മാത്രം പത്ത് അടി വെള്ളമാണ് പമ്പാ നദിയിൽ ഉയര്‍ന്നത്. റാന്നി അരയാഞ്ഞിലി മണ്ണ്, ഉരുമ്പൻ മൂഴി കോസ്‍വേകൾ  വെള്ളത്തിനടിയിലായി. മണിമലയാറ്റിലും, അച്ചൻകോവിലാറ്റിലും ജലനിരപ്പ്  അപകടകരമായ  വിധത്തിൽ  ഉയർന്നിട്ടുണ്ട്.  ജലനിരപ്പ് അപകടനിലയിലേക്ക് ഉയരുന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹ് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം മഹാപ്രളയത്തിൽ ഏറ്റവും അധികം നാശനഷ്ടം ഉണ്ടായത് പത്തനംതിട്ട ജില്ലയിലായിരുന്നു. നദികൾ കരകവിഞ്ഞൊഴുകി ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാകുന്ന അവസ്ഥയായിരുന്നു പത്തനംതിട്ടയിൽ. രാത്രി തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും പ്രദേശത്ത് തുടരുന്നുണ്ട്. മണിമലയാറും അച്ചൻകോവിലാറും കരകവിഞ്ഞൊഴുകുകയാണ്. 

പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനാൽ തെക്കൻ ജില്ലകളിൽ പരക്കെ ശക്തമായ മഴപെയ്യുകയാണ്. മലയോര മേഖലകളിൽ കനത്ത മഴ പെയ്യുന്നതിനാൽ നദികളിൽ ഇനിയും ജലനിരപ്പ് ഉയര്‍ന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്. 

click me!