ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം വേണം; ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യ

By Web TeamFirst Published Aug 14, 2019, 9:46 AM IST
Highlights

മുൻ വർഷം മഹാപ്രളയത്തിൽ ചെറുതും വലുതുമായി അയ്യായിരത്തോളം ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. ഈ വർഷം രണ്ട് ദിവസം കൊണ്ട് മാത്രം 80ലേറെ ഉരുൾപൊട്ടലാണ് ഉണ്ടായത്. ഇതിൽ കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായത് വൻ ദുരന്തമാണ്.

തിരുവനന്തപുരം: ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണം വേണമെന്ന് ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യ. അടിക്കടിയുളള ഉരുൾപൊട്ടലിൽ കേരളത്തിൽ ഭൂമിക്കുണ്ടായ മാറ്റങ്ങളെ കുറിച്ച് ജിഎസ്ഐ വിശദമായ പഠനം നടത്തും.

മുൻ വർഷം മഹാപ്രളയത്തിൽ ചെറുതും വലുതുമായി അയ്യായിരത്തോളം ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. ഈ വർഷം രണ്ട് ദിവസം കൊണ്ട് മാത്രം 80ലേറെ ഉരുൾപൊട്ടലാണ് ഉണ്ടായത്. ഇതിൽ കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായത് വൻ ദുരന്തമാണ്. മേഘസ്ഫോടനം , ഭീമൻ മണ്ണിടിച്ചിൽ, ഭൂമിക്കടിയിലൂടെ കുഴൽ രൂപത്തിൽ മണ്ണും ചളിയും ഒലിച്ചുപോകുന്ന സോയിൽ പൈപ്പിങ്ങ്. അസാധാരണ പ്രതിഭാസങ്ങളുടെ പലസാധ്യതകൾ ഉയരുന്ന സാഹചര്യത്തിലാണ് മുൻകരുതലിൽ വിട്ടുവീഴ്ച പാടില്ലെന്ന് വിദഗ്ധർ ഓർമ്മപ്പെടുത്തുന്നത്. മലയോരമേഖലകളിലെയും ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിലെയും നിർമ്മാണ പ്രവർത്തനങ്ങളുടെ അപകടം ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യ ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുകയാണ്.

മുൻ വർഷം മഹാപ്രളയശേഷം 12 ജില്ലകളിലെ 1943 സ്ഥലങ്ങളിലാണ് ജിഎസ്ഐ പഠനം നടത്തിയത്. ഈ പ്രദേശങ്ങളിൽ മാത്രം തകർന്നത് 985 വീടുകൾ , അതിൽ 625 വീടുകൾ മാറ്റി സ്ഥാപിക്കണമെന്നായിരുന്നു സർക്കാറിന് നൽകിയ ശുപാർശ. പക്ഷേ അത് പൂർണ്ണമായും നടപ്പായില്ല. മാറിപ്പോകാനുള്ള ആളുകളുടെ മടിയും പകരം സ്ഥലം കണ്ടെത്താനുള്ള പ്രശ്നങ്ങളുമൊക്കെയാണ് സർക്കാർ നിരത്തുന്ന വിശദീകരണം. മുൻവർഷം ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ 625 പ്രദേശങ്ങൾക്ക് പുറത്താണ് കവളപ്പാറയും പുത്തുമലയും.  അതായത് കൂടുതൽ മേഖലകളും പ്രകൃതിദുരന്ത സാധ്യതാ പട്ടികയിലേക്ക് വരുന്നു എന്ന ആശങ്ക ഉയരുകയാണ്.
 

click me!