ചക്രവാതച്ചുഴി:വടക്കൻ കേരളത്തിൽ കനത്ത മഴ; കോഴിക്കോടും തൃശൂരും രൂക്ഷം, 6 ജില്ലയിൽ ഇടിമിന്നലിനും കാറ്റിനും സാധ്യത

By Web TeamFirst Published Oct 2, 2021, 10:29 PM IST
Highlights

തമിഴ്നാട് തീരത്തോട് ചേർന്നുള്ള ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം. ബുധനാഴ്ച വരെ  മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ  പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്  എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ  മണിക്കൂറിൽ 40 കി. മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ ഇപ്പോഴും ശക്തമായി പെയ്യുകയാണ്. തമിഴ്നാട് തീരത്തോട് ചേർന്നുള്ള ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം. ബുധനാഴ്ച വരെ  മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

തൃശൂർ ജില്ലയിൽ മഴയില്‍ പരക്കെ നാശമുണ്ടായി. കനത്ത മഴയില്‍ തൃക്കൂര്‍  മാക്കിലകുളം തോടിന്റെ ബണ്ട് പൊട്ടി പ്രദേശത്തെ 5 വീടുകളില്‍ വെള്ളം കയറി. മറ്റത്തൂര്‍ വെള്ളിക്കുളം വലിയ തോടും പൂവാലിത്തോടും കവിഞ്ഞൊഴുകി നിരവധി വീടുകളില്‍ വെള്ളം കയറി. വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. വരന്തരപ്പിള്ളി കുരുടിപാലത്തിന് സമീപത്തെ കടകളില്‍ വെള്ളം കയറി. ചാലക്കുടി കൊന്നക്കുഴിയില്‍ കോഴിഫാമിലേക്ക് വെള്ളം കയറി മുന്നൂറോളം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു. തൃശൂര്‍ കിഴക്കുംപാട്ടുകരയില്‍ മതില്‍ ഇടിഞ്ഞ് 2 വീടുകള്‍ക്ക് വിള്ളല്‍ വീണു.

കോഴിക്കോടും കനത്ത മഴയാണ് പെയ്യുന്നത്. മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ചേവായൂർ , വെള്ളയിൽ ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. കനത്ത മഴയെത്തുടർന്ന് നഗരത്തിലെ പല ഭാഗങ്ങളിലും ഗതാഗതം തടസപ്പെട്ടു. രാത്രി 7.30 ഓടെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. മുക്കത്ത് കടകളിൽ വെള്ളം കയറി. ചൂലൂരിലും വെള്ളക്കെട്ട് രൂക്ഷമാണ്. 

സംസ്ഥാനത്ത് നാളെയും ശക്തമായ മഴ തുടരും. ആറ് ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി,  മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. തിങ്കളാഴ്ച ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ടയിലും പാലക്കാട് മുതൽ വടക്കോട്ടുള്ള ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും. 
 

click me!