സര്‍ക്കാര്‍ റെസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിങ് ആരംഭിക്കും: മന്ത്രി മുഹമ്മദ് റിയാസ്

By Web TeamFirst Published Oct 2, 2021, 9:46 PM IST
Highlights

റെസ്റ്റ് ഹൗസുകളിൽ ഉദ്യോഗസ്ഥർക്കുള്ള റിസർവേഷൻ നിലനിർത്തിക്കൊണ്ട്  പൊതുജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും റൂമുകള്‍ ലഭ്യമാക്കുവാനുള്ള സാഹചര്യം ഒരുക്കുക്കാനാണ് തീരുമാനം.

കോഴിക്കോട്: കേരളത്തിലെ എല്ലാ റെസ്റ്റ് ഹൗസുകളിലും(Government Rest house) പൊതുജനങ്ങൾക്ക് ഓൺലൈൻ ബുക്കിങ്(Online booking) ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്(P. A. Mohammed Riyas). പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള വിശ്രമ മന്ദിരങ്ങളുടെ പരിസരങ്ങൾ മനോഹരമായും ഹരിതാഭമായും പരിപാലിക്കുവാനുള്ള പദ്ധതി ഉദ്ഘാടനം കോഴിക്കോട് റെസ്റ്റ് ഹൗസ് പരിസരത്തു വൃക്ഷത്തൈ നട്ടുകൊണ്ട്  നിർവഹിക്കുകയായിരുന്നു മന്ത്രി. 

റെസ്റ്റ് ഹൗസുകളിൽ ഉദ്യോഗസ്ഥർക്കുള്ള റിസർവേഷൻ നിലനിർത്തിക്കൊണ്ട് ബാക്കിയുള്ള ഇടങ്ങൾ പൊതുജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ലഭ്യമാക്കുവാനുള്ള സാഹചര്യം ഒരുക്കുക എന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഓൺലൈൻ ബുക്കിങ് സൗകര്യം ആരംഭിക്കുന്നത്. ഇത് സംബന്ധിച്ച്  ഉദ്യോഗസ്ഥരുടെ യോഗം ചേരുകയും നോഡൽ ഓഫീസറെ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. ആദ്യപടിയായി ജില്ലയിലുൾപ്പടെ 32 റെസ്റ്റ് ഹൗസുകൾ നവീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 

പൊതുജന പങ്കാളിത്തത്തോടെ വിശ്രമമന്ദിരങ്ങളെ വൃത്തിയായും മനോഹരമായും പരിപാലിക്കുകയെന്ന പദ്ധതി കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പു തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. ഹരിതാഭമാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 14 വിശ്രമ കേന്ദ്രങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. 

ആകെ 156 വിശ്രമമന്ദിരങ്ങളാണ് പൊതുമരാമത്ത് വകുപ്പിന്റെ  കീഴിലുള്ളത്. ഘട്ടംഘട്ടമായി എല്ലാ മന്ദിരങ്ങളിലും പദ്ധതി നടപ്പിലാക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിശ്രമമന്ദിരത്തിനുചുറ്റുമുള്ള രണ്ട് ഏക്കറിൽ അധികം വരുന്ന ഭൂമിയിൽ വേപ്പ്, ജാതിക്ക, ലക്ഷ്മിതരു തുടങ്ങിയ ഔഷധ സസ്യങ്ങളും മറ്റ് ഫലവൃക്ഷങ്ങളും നടുവാനാണ് പദ്ധതി. പതിനഞ്ചോളം തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഇതിനായി ഉറപ്പുവരുത്തിയിട്ടുണ്ട്. ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, കൗൺസിലർ സത്യഭാമ തുടങ്ങിയവർ പങ്കെടുത്തു.

click me!