
ദില്ലി: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനായി സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത 18 കേസുകളിൽ പ്രതികളെ കണ്ടെത്താൻ അന്വേഷണം നടക്കുന്നുവെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. മറ്റ് എട്ടു കേസുകളിലെ പ്രതികളുടെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ നാൽപത് സംഭവങ്ങളെ കുറിച്ച് അന്വേഷണം നടത്തുവാൻ ആണ് പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചത്.
സംസ്ഥാന പൊലീസ് മേധാവി നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഇതിൽ 26 കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തത് . ക്രൈം ബ്രാഞ്ച് എഡിജിപിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ 10 സംഭവങ്ങളിൽ പ്രാഥമിക അന്വേഷണം നടത്തുന്നുണ്ട്. പ്രാഥമിക അന്വേഷണത്തിൽ 14 ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകും. ഇതിന് പുറമെ നാല് കേസുകളിൽ നേരത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവയിൽ അന്വേഷണം പുരോഗമിക്കുക ആണെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസുമായി മുന്നോട്ട് പോകാൻ ഇരകൾക്ക് താത്പര്യം ഇല്ലെങ്കിലും കുറ്റവാളികളെ വെറുതെ വിടാൻ ആകില്ലെന്ന് സംസ്ഥാനം വ്യക്തമാക്കി.ഹേമകമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് സജിമോന്‍ പാറയലാണ് സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാനത്തിനായി സ്റ്റാൻഡിങ് കോൺസെൽ നിഷേ രാജൻ ഷൊങ്കറാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam