
കോട്ടയം: ഏറ്റുമാനൂർ നീറിക്കാട്ട് രണ്ട് പെണ്‍മക്കളുമായി അഭിഭാഷക ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. ഒരാഴ്ചയ്ക്കുള്ളിൽ ഏറ്റുമാനൂർ പൊലീസ് രേഖകൾ കൈമാറണമെന്നും നാല് മാസത്തിനകം ക്രൈം ബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നിര്‍ദ്ദേശം നൽകി.
ജീവനൊടുക്കിയ അഭിഭാഷക ജിസ്‌മോളുടെ അച്ഛൻ പികെ തോമസിന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. പെണ്‍മക്കളുമായി മീനച്ചിലാറ്റില്‍ ചാടിയാണ് പാലായിലും ഹൈക്കോടതിയിലും അഭിഭാഷകയായിരുന്ന ജിസ്‌മോള്‍ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ മാര്‍ച്ച് 14നായിരുന്നു സംഭവം. കേസിൽ ഏറ്റുമാനൂർ പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജിസ്മോളുടെ അച്ഛൻ ഹൈക്കോടതിയെ സമീപിച്ചത്. മുത്തോലി പഞ്ചായത്ത് മുൻ അംഗമായിരുന്നു ജിസ്മോൾ.