
മലപ്പുറം: നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടി വെച്ച് യെമൻ കോടതി പുറപ്പെടുവിച്ച നിർണായക വിധി ആശാവഹമാണെന്ന് കെ ടി ജലീൽ എംഎല്‍എ. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ശൈഖുനാ കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരുടെ ഇടപെടലിനെ തുടർന്നാണ് വധശിക്ഷ നീട്ടി വെച്ചത്. ബന്ധുക്കൾ നഷ്ടപരിഹാരം സ്വീകരിച്ച് മാപ്പ് നൽകിയാൽ മാത്രമേ ഇസ്ലാമിക ശരീഅത്ത് പ്രകാരം വധശിക്ഷയിൽ നിന്ന് ഇളവ് ലഭിക്കൂ.
വധിക്കപ്പെട്ടയാളുടെ കുടുംബത്തെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ഇതിലൂടെ സാവകാശം ലഭിക്കുമെന്നത് ചെറിയ കാര്യമല്ല. അറേബ്യൻ ലോകത്ത് അപൂർവ്വ സംഭവങ്ങളിൽ ഒന്നാണ് വധശിക്ഷ നീട്ടിക്കൊണ്ടുള്ള ഈ വിധി. ശൈഖുനാ കാന്തപുരം ഉസ്താദിനെ കൊണ്ട് മാത്രം കഴിയുന്ന ഇടപെടലിനെ തുടർന്നാണ് അതിവിരളമായ ഇത്തരമൊരു നീക്കം. ശൈഖുന എപി അബൂബക്കർ മുസ്ല്യാർക്ക് ഒരായിരം അഭിനന്ദനങ്ങളെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
യെമനിൽ നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവയ്പ്പിച്ചതിനും അവരുടെ മോചനത്തിനായുള്ള പരിശ്രമം തുടരുന്നതിലും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ പ്രശംസിക്കുകയാണ് കേരളം. വിവിധ മന്ത്രിമാരും പ്രതിപക്ഷ നേതാക്കളുമടക്കമുള്ളവർ കാന്തപുരത്തിന്‍റെ ഇടപെടലിനെ വാഴ്ത്തി. മന്ത്രിമാരായ വീണാ ജോർജ്, ആർ ബിന്ദു, വി ശിവൻകുട്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ശശി തരൂർ തുടങ്ങി നിരവധി നേതാക്കളാണ് കാന്തപുരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. മനുഷ്യസ്നേഹത്തിന്റെ മഹദ് സന്ദേശത്തിന്‍റെ കേരളത്തിന്റെ മാതൃകയുടെ യഥാർത്ഥ രൂപമാണ് കാന്തപുരത്തിന്‍റെ ഇടപെടലെന്നാണ് ഇവർ അഭിപ്രായപ്പെട്ടത്.