
ദില്ലി: എംപിമാർ മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനത്തോട് കെ സുധാകരൻ എങ്ങനെ പ്രതികരിക്കുമെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം. സീറ്റില്ലാതെ ദില്ലിയിൽ നിന്ന് മടങ്ങില്ലെന്ന പിടിവാശിയിൽ ഫ്ലാറ്റിൽ തുടരുന്ന കെ സുധാകരൻ എങ്ങനെ പ്രതികരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വലിയ പൊട്ടിത്തെറി സുധാകരനിൽ നിന്നുണ്ടാവുമോ എന്ന ആശങ്കയിലാണ് കോൺഗ്രസും. അർധരാത്രിവരെ സീറ്റുനിർണയ ചർച്ചകളുടെ വാർത്തകൾ നിരീക്ഷിച്ചിരുന്ന സുധാകരൻ സീറ്റില്ലെങ്കിലും മത്സരിക്കും എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. 'ബാക്കി നാളെ നോക്കാം' എന്ന് മാത്രം സഹായികളോട് പറഞ്ഞാണ് സുധാകരൻ ഉറങ്ങാനായി പോയതെന്നാണ് വിവരം. രാവിലെ എന്ത് പറയുമെന്ന ആശങ്ക കോൺഗ്രസ് നേതാക്കൾക്കിടയിലും ശക്തമാണ്.
അതേസമയം, സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമം ഹൈക്കമാൻഡ് തുടരും. സുധാകരൻ വഴങ്ങുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം. പ്രതിഷേധമുണ്ടായാലും നീണ്ടു നിൽക്കില്ലെന്ന പ്രതീക്ഷയിലും പ്രതിഷേധം പറഞ്ഞ് ഒതുക്കാമെന്ന കണക്കുകൂട്ടലിലുമാണ് നേതൃത്വം.
കെ സുധാകരൻ ഉൾപ്പെടെ മത്സരമോഹം പ്രകടിപ്പിച്ച എംപിമാർ ആരും മത്സരിക്കേണ്ടെന്നാണ് ഹൈക്കമാൻഡ് തീരുമാനം. ദില്ലിയിലെ ചർച്ചകളിൽ തുടക്കം മുതൽ സംസ്ഥാന നേതൃത്വം നിലപാട് എടുക്കുകയായിരുന്നു. ഇതിനോട് യോജിച്ച ഹൈക്കമാൻഡ് നിലപാട് ഒരു ഘട്ടത്തിലും മാറ്റിയില്ല. ശക്തമായ സമ്മർദ്ദം വന്നെങ്കിലും ഹൈക്കമാൻഡ് വഴങ്ങാതെ വന്നതോടെയാണ് എംപിമാരുടെ മത്സരമോഹത്തിന് അന്ത്യമായത്. അതേസമയം, സീറ്റ് ലഭിക്കാത്തതിൽ അടൂർ പ്രകാശും കടുത്ത അതൃപ്തിയിലാണ്. സുധാകരനും അടൂർ പ്രകാശുമായിരുന്നു മത്സരിക്കണമെന്ന പിടിവാശിയിൽ നിൽപ്പുറപ്പിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam