K Rail : 'സാമൂഹികാഘാത പഠനം നടത്താന്‍ അനുമതിയുണ്ടോ'? സിൽവർ ലൈനിൽ നാല് ചോദ്യങ്ങളുമായി ഹൈക്കോടതി

Published : Apr 07, 2022, 05:00 PM ISTUpdated : Apr 08, 2022, 10:58 AM IST
K Rail : 'സാമൂഹികാഘാത പഠനം നടത്താന്‍ അനുമതിയുണ്ടോ'? സിൽവർ ലൈനിൽ നാല് ചോദ്യങ്ങളുമായി ഹൈക്കോടതി

Synopsis

സർവേയുടെ പേരിൽ വലിയ കല്ലുകൾ സ്ഥാപിക്കുന്നതാണ് പ്രശ്നം. ഭൂമിയിൽ വലിയ കല്ലുകൾ കണ്ടാൽ ലോൺ നൽകാൻ ബാങ്കുകൾ മടിക്കില്ലേ എന്നും ഹൈക്കോടതി ചോദിച്ചു.

കൊച്ചി: സിൽവർ ലൈന്‍ (Silver Line) പദ്ധതിയിൽ സർക്കാരിനോട് വ്യക്തത തേടി ഹൈക്കോടതി (High Court. സാമൂഹികാഘാത പഠനം നടത്താൻ കേന്ദ്ര അനുമതിയുണ്ടോ എന്ന്  വിശദീകരിക്കണമെന്നാണ് സിംഗിൾ ബ‌ഞ്ചിന്‍റെ നിര്‍ദ്ദേശം. ഭൂമിയിൽ സർവ്വേ കല്ലുകൾ കണ്ടാൽ ലോൺ നൽകാൻ ബാങ്കുകൾ മടിക്കില്ലേ എന്നും ഹൈക്കോടതി ചോദിച്ചു. സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ സർവ്വേ നടത്താൻ അധികാരമുണ്ടെന്നായിരുന്നു കെ റയിൽ വിശദീകരണം.

സിൽവർ ലൈൻ അതിരടയാളക്കലിടുന്നതുമായി ബന്ധപ്പെട്ട നടപടി ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിച്ചപ്പോളാണ് നാല് കാര്യങ്ങളിൽ വ്യക്തത വേണമെന്ന് ഹൈക്കോടതി പറഞ്ഞത്. സിൽവർ ലൈൻ പദ്ധതിയ്ക്കായി സാമൂഹികാഘാത പഠനം നടത്താൻ  കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ടോ?, സർവ്വേയ്ക്കായി സ്ഥാപിക്കുന്ന കല്ലുകളുടെ വലുപ്പം സർവ്വേസ് ആന്‍റ് ബൗണ്ടറീസ് ആക്ടിൽ  വ്യക്തമാക്കിയ അളവിലുള്ളതാണോ?, കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലൂടെ നിർദ്ദിഷ്ട പാത കടന്നുപോകുന്നുണ്ടോ? കേന്ദ്ര സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടത്. 

സാമൂഹികാഘാത പഠനത്തിന്‍റെ  പേരിൽ ജനത്തെ ഭയപ്പെടുത്തുകയാണ്. സർവ്വേയുടെ പേരിൽ വലിയ കല്ലുകൾ സ്ഥാപിക്കുന്നതാണ് പ്രശ്നം. ഇത്തരം കല്ലുകൾ കണ്ടാൽ ഭൂമിയ്ക്ക് ലോൺ നൽകാൻ ബാങ്കുകൾ മടിക്കില്ലെ എന്നും കോടതി ആരാഞ്ഞു. എന്നാൽ പദ്ധതിയ്ക്കായി വിജ്ഞാപനം ചെയ്ത ഭൂമിയുടെ അതിർത്തി നിർണ്ണയിക്കാനും സർവ്വേ നടത്താനും സ്വകാര്യ ഭൂമിയിൽ കയറാൻ അധികാരമുണ്ടെന്ന് കെ റെയിൽ അധികൃതർ വിശദീകരിച്ചു. ആരെയും ഭയപ്പെടുത്തിയല്ല സർവ്വേ നടത്തുന്നത്. പൊലീസ് എത്തിയത് സർവ്വേ നടത്തുന്നവരുടെ സംരക്ഷണത്തിനാണ്. പല സ്ഥലത്തും പ്രതിഷേധക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഉപകരണങ്ങൾ കേട് വരുത്തുകയും ചെയ്തെന്ന് കെ റെയിൽ അധികൃതർ വിശദീകരിച്ചു. ഹർജി വേനലവധിയ്ക്ക് ശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും. 

   ബാങ്കുകള്‍ ലോണ്‍ നിക്ഷേധിക്കുന്നു, പരാതിയുമായി സില്‍വര്‍ ലൈന്‍ സമരക്കാ‍ർ

എറണാകുളം അങ്കമാലിയില്‍ കെ റെയില്‍ പദ്ധതിക്കായി കുറ്റിയിട്ട പ്രദേശങ്ങളിലെ നാട്ടുകാര്‍ക്ക് ബാങ്കുകള്‍ ലോണ്‍ നിഷേധിക്കുന്നതായി പരാതി. വില്ലേജ് ഓഫീസറുടെ അനുമതി പത്രമുണ്ടെങ്കില്‍ മാത്രമെ ലോണ്‍ നല്‍കുവെന്ന് ബാങ്കുകള്‍ നിലപാടെടുത്തതോടെ നൂറുകണക്കിന് ആളുകളാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. അനുമതി പത്രം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമില്ലെന്നാണ് റവന്യൂ വകുപ്പിന്‍റെ വിശദീകരണം.

പുളിയനം സ്വദേശിയായ പൗലോസ് പുതിയ വീടുപണിയാൻ പഴയത് പൊളിച്ചു മാറ്റിയത് സില്‍വന്‍ ലൈന്‍ സര്‍വേ തുടങ്ങും മുമ്പാണ്. ലോണ്‍ നല്‍കുമെന്ന ബാങ്കിന്‍റെ ഉറപ്പുകേട്ടാണ് പൊളിച്ചത്. സില്‍വര്‍ലൈന്‍ കുറ്റിനാട്ടിയതോടെ ബാങ്കുകാരുടെ മട്ടുമാറി. ഭൂമി ഈടായി നല്‍കാന്‍ ഏതിര്‍പ്പില്ലെന്ന സര്‍ട്ടിഫിക്കറ്റ് വില്ലേജില്‍ നിന്ന് വേണമെന്നാണ് ബാങ്കുകളുടെ ആവശ്യം. ഇതു നല്‍കാനാണെങ്കില്‍ റവന്യുവകുപ്പ് തയാറുമല്ല

ഇത് പൗലോസിന്‍റെ മാത്രം പ്രശ്നമല്ല. സില്‍വര്‍ ലൈനിനായി സര്‍വേ നടത്തി കല്ല് നാട്ടിയ മിക്കയിടങ്ങളിലുമുണ്ട് ഇതെ പ്രതിസന്ധി. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഒരു കൃത്യത വരുത്തണമെന്നാണ് സമരസമിതിയുടെ ആവശ്യം. ഒന്നുകില്‍ പദ്ധതി പ്രദേശത്തെ ആളുകള്‍ക്ക് ലോണ്‍ നൽകുന്നതിന് തടസമില്ലെന്ന ഉത്തരവ് സര്‍ക്കാർ പുറത്തിറക്കണം. അല്ലെങ്കില്‍ എതിര്‍പ്പില്ലെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വില്ലേജ് ഓഫീസര്‍മാർക്ക് നിര്‍ദ്ദേശം നല്‍കണം. രണ്ടും നടന്നില്ലെങ്കില്‍ റവന്യു ഓഫീസുകള്‍ക്ക് മുന്നിലേക്ക് സമരം നീട്ടുന്ന കാര്യം സമരസമിതികള്‍ ആലോചിക്കുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം