തൊടുപുഴയിൽ കുട്ടിയെ അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

By Web TeamFirst Published Apr 6, 2019, 7:19 AM IST
Highlights

കുട്ടിയെ മർദ്ദിച്ച സംഭവത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റീസ് ദേവൻ രാമചന്ദ്രനാണ് ഹൈക്കോടതി ചീഫ് ജസ്റ്റീസിന് കത്ത് നൽകിയത്

ദില്ലി: തൊടുപുഴയിൽ ഏഴ് വയസ്സുകാരനെ അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കോലഞ്ചേരിയിൽ ചികിത്സയിലുള്ള കുട്ടിയെ മെഡിക്കൽ ബോർഡ് അംഗങ്ങളെത്തി വീണ്ടും പരിശോധന നടത്തി.

കുട്ടിയെ മർദ്ദിച്ച സംഭവത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റീസ് ദേവൻ രാമചന്ദ്രനാണ് ഹൈക്കോടതി ചീഫ് ജസ്റ്റീസിന് കത്ത് നൽകിയത്. കുട്ടികൾക്ക് എതിരായ അതിക്രമങ്ങൾക്ക് നടപടി കർശനമാക്കണമെന്നാണ് ആവശ്യം. ഈ കത്തിന്‍റെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റീസാണ് സ്വമേധയ കേസെടുക്കാൻ നിർദ്ദേശിച്ചത്. തിങ്കളാഴ്ച കേസ് പരിഗണിക്കും. 

ഇതിനിടെ, കോലഞ്ചേരി മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ ബോർഡ് എത്തി പരിശോധന നടത്തി. ഇത് രണ്ടാം തവണയാണ് മെഡിക്കൽ ബോർഡ് കുട്ടിയെ പരിശോധിക്കുന്നത്. തലച്ചോറിന്‍റെ പ്രവർത്തനം പൂർണമായും നിലച്ച കുട്ടിയുടെ ജീവൻ വെൻറിലേറ്റർ സഹായത്തോടെയാണ് നില നിർത്തുന്നത്. 

വെൻറിലേറ്റർ സഹായവും നിലവിൽ നൽകുന്ന ചികിത്സകളും തുട‍രാനാണ് മെഡിക്കൽ ബോർഡിൻറെ നിർദ്ദേശം. കുട്ടിയുടെ ഗുരുതരാവസ്ഥ സംബന്ധിച്ച കാര്യങ്ങൾ മെഡിക്കൽ ബോർഡ് ബന്ധുക്കളെ അറിയിച്ചിട്ടുണ്ടെന്ന് ന്യൂറോ സർജൻ ഡോ. ജി. ശ്രീകുമാർ പറഞ്ഞു.

click me!