
കൊച്ചി: ആലുവ മണപ്പുറം പാലം നിർമ്മാണ അഴിമതി ആരോപണത്തില്‍ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയിൽ ഉടന്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി. രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്നാണ് വിജിലൻസ് വകുപ്പിന് സിംഗിൾ ബെഞ്ച് നിർദ്ദേശം നല്‍കിയിരിക്കുന്നത്. ഖാലിദ് മുണ്ടപ്പിള്ളി നൽകിയ ഹർജി കോടതി തീർപ്പാക്കി.
മണപ്പുറം പാലം നിർമ്മാണ അഴിമതി ആരോപണത്തില്‍ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അപേക്ഷയിൽ സർക്കാർ അനുമതി വൈകുന്നത് ചോദ്യം ചെയ്താണ് ഖാലിദ് ഹൈക്കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷൻ അപേക്ഷയിൽ ഒരു വർഷമായിട്ടും സർക്കാർ തീരുമാനമെടുത്തില്ലെന്നാണ് ആരോപണം. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. അന്വേഷണത്തിന് എതിരല്ലെന്ന് പിഡബ്ല്യുഡി കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.
2014 ൽ വി കെ ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് ആലുവ മണപ്പുറത്ത് സ്ഥിരം ആർച്ച് പാലം നിർമ്മിച്ചത്. ആറ് കോടി രൂപയ്ക്കായിരുന്നു നിർമ്മാണ കാരാർ. എന്നാല്‍, പതിനേഴ് കോടി രൂപയ്ക്കാണ് പദ്ധതി പൂർത്തിയാക്കിയത്. രണ്ട് കമ്പനികളെ മാത്രം ഉൾപ്പെടുത്തി നടത്തിയ ടെണ്ടറിൽ കരാർ ലഭിച്ച് കമ്പനിയ്ക്ക് ആർച്ച് പാലം നിർമ്മിച്ച് മതിയായ പരിചയം ഉണ്ടായിരുന്നില്ല. പാലത്തിന് ഉപയോഗിച്ച നിർമ്മാണ സാമഗ്രികളുടെ യാതൊരു വിവരവും പൊതുമരാമത്ത് വകുപ്പിന്‍റെ പക്കൽ ഇല്ലെന്നും 4.20 കോടി ഖജനാവിന് നഷ്ടം ഉണ്ടായിട്ടുണ്ടെന്നുമാണ് ഹർജിക്കാരന്‍റ ആരോപണം.
മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ ഹർജിയിൽ വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയ്ക്കായി ഹർജിക്കാരൻ 2019 സെപ്റ്റംബറിൽ സർക്കാറിന് അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, ഈ ഫയലിൽ സർക്കാർ ഒരു തീരുമാനവും എടുത്തില്ലെന്നാണ് പരാതി. സർക്കാർ ഈ അപേക്ഷയിൽ തുടരുന്ന അലംഭാവത്തിൽ ഹൈക്കോടതി ഇടപെടണമെന്നും നിശ്ചിത സമയപരിധിക്കുള്ളിൽ പ്രോസിക്യൂഷൻ അനുമതിയിൽ തീരുമാനമെടുക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നായിരുന്നു ഹര്‍ജിക്കാരിന്‍റെ; ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam