മലബാർ സിമന്റ്സിലെ ശശീന്ദ്രന്റെയും മക്കളുടെയും മരണം: കൊലപാതക സാധ്യത അന്വേഷിക്കണം; തുടരന്വേഷണത്തിന് ഉത്തരവ്

By Web TeamFirst Published Nov 30, 2022, 2:28 PM IST
Highlights

സംശയാസ്പദമായ എല്ലാ സാഹചര്യവും പരിശോധിക്കണമെന്നും കൊലപാതക സാധ്യതയടക്കം വിശദമായി പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

കൊച്ചി : മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന വി ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. കൊലപാതക സാധ്യതയടക്കം സംശയാസ്പദമായ എല്ലാ സാഹചര്യവും വിശദമായി പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു. നാലുമാസത്തിനുളളിൽ സിബിഐ അന്വേഷണം പൂ‍ർത്തിയാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. കേസിൽ നേരത്തെ സിബിഐ രണ്ടുതവണ തുടരന്വേഷണം നടത്തിയിരുന്നു. ശശീന്ദ്രനെയും (46) മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരെയും 2011 ജനുവരി 24 നു രാത്രിയാണു കഞ്ചിക്കോട് കുരുടിക്കാട്ടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി സിബിഐക്കു വിട്ടു.  ശശീന്ദ്രന്റെയും മക്കളുടേയും  ആത്മഹത്യയെന്നായിരുന്നു സിബിഐയുടെ നേരത്തേയുളള കണ്ടെത്തൽ. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ശശീന്ദ്രന്റെ സഹോദരനാണ് കോടതിയെ സമീപിച്ചത്.

 മലബാർ സിമന്റ്സിനെ ലാഭത്തിലെത്തിച്ചു, തൊഴിലാളികളോട് ഇടഞ്ഞു; എംഡി മുഹമ്മദലിയുടെ രാജി സർക്കാർ സ്വീകരിച്ചു

സിബിഐ അന്വേഷിച്ച കേസിൽ മലബാർ സിമന്റ്സിലെ കരാറുകാരനായ വി.എം.രാധാകൃഷ്ണനെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. മലബാർ സിമന്റ്സുമായി ബന്ധപ്പെട്ട കേസുകളിൽ രാധാകൃഷ്ണനെതിരെ ശശീന്ദ്രൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. കോടതിയിൽ മൊഴി നൽകും മുൻപ് കടുത്ത മാനസിക സമ്മർദ്ദത്തിലാക്കി ശശീന്ദ്രനെ തളർത്താൻ അഴിമതിയുമായി ബന്ധപ്പെട്ട സംഘം നടത്തിയ നീക്കങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സിബിഐയുടെ കണ്ടെത്തൽ. എന്നാൽ സിബിഐയുടെ ഈ കണ്ടെത്തലടങ്ങിയ കുറ്റപത്രം കോടതി മടക്കി. അതിന് ശേഷം മാറ്റം വരുത്തിയ കുറ്റപത്രം കോടതി സ്വീകരിച്ചു. 2015 ജനുവരിയിലാണ് ദുരൂഹ മരണം സംബന്ധിച്ചു പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശശീന്ദ്രന്റെ സഹോദരൻ കോടതിയെ സമീപിച്ചത്.  

മലബാര്‍ സിമന്‍റ്സ് കേസില്‍ അട്ടിമറി;കുറ്റപത്രം നല്‍കി 10 വര്‍ഷത്തിന് ശേഷം തുടരന്വേഷണം

click me!