2010 ലും 11 ലും വിജിലന്‍സ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയതിന് പിന്നാലെ യുഡിഎഫ് സര്‍ക്കാര്‍ 2012 ല്‍ മുന്‍ ചീഫ് സെക്രട്ടറി അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കി ഉത്തരവിറക്കി. നടപടി അതേവര്‍ഷം തന്നെ ഹൈക്കോടതി സ്റ്റേ ചെയ്തു. 

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച മലബാര്‍ സിമന്‍റ്സ് അഴിമതിക്കേസുകള്‍ അട്ടിമറിക്കാന്‍ വീണ്ടും സര്‍ക്കാര്‍ ശ്രമം. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പുതിയതായി ഒരു തെളിവും ഇല്ലാതിരുന്നിട്ടും 11 വര്‍ഷത്തിന് ശേഷം തുടരന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. വിഎം രാധാകൃഷ്ണനും മുൻ ചീഫ് സെക്രട്ടറി ജോൺ മത്തായിയും അടക്കമുള്ളവർ പ്രതികളായ മൂന്ന് അഴിമതിക്കേസുകളാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

2010 ലും 11 ലും വിജിലന്‍സ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയതിന് പിന്നാലെ യുഡിഎഫ് സര്‍ക്കാര്‍ 2012 ല്‍ മുന്‍ ചീഫ് സെക്രട്ടറി അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കി ഉത്തരവിറക്കി. നടപടി അതേവര്‍ഷം തന്നെ ഹൈക്കോടതി സ്റ്റേ ചെയ്തു. പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാരും പ്രതികളെ ഒഴിവാക്കാനുള്ള നടപടിയുമായി മുന്നോട്ടുപോയി. പക്ഷേ അന്തിമ തീരുമാനമെടുക്കാന്‍ വിചാരണക്കോടതിയായ തൃശ്ശൂര്‍ വിജിലന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പ്രതികളെ ഒഴിവാക്കാനുളള സര്‍ക്കാരിന്‍റെ പിന്‍വലിക്കല്‍ ഹര്‍ജി വിചാരണക്കോടതി തള്ളി. പ്രതികള്‍ വിചാരണ നേരിടണം എന്ന് ഉത്തരവിട്ടു. അധികം വൈകാതെ മലബാര്‍ സിമന്‍റ്സ് കേസിലെ ഏറ്റവും വലിയ അട്ടിമറി സംഭവിച്ചു. കുറ്റപത്രവും അഴിമതി നടന്നെന്ന കണ്ടെത്തലും തന്നെ മരവിപ്പിച്ചുള്ള തുടരന്വേഷണം.

അഴിമതി തെളിയിക്കാന്‍ അന്ന് നിര്‍ണായക തെളിവ് നല്‍കിയവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. ഈ സാഹചര്യത്തിലാണ് മുന്‍ കണ്ടെത്തലുകള്‍ എല്ലാം അപ്രസക്തമാക്കിയുള്ള തുടരന്വേഷണം. വിജിലന്‍സ് ഫലപ്രദമായി അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസാണെന്നായിരുന്നു സിബിഐ അന്വേഷണത്തെ എതിര്‍ക്കാന്‍ അന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.