മുനമ്പം ഭൂമി പ്രശ്നത്തിൽ അതിനിർണായകമായ ഹൈക്കോടതി ഉത്തരവ്, അന്തിമ വിധി വരും വരെ കരം സ്വീകരിക്കണം; ആശ്വാസമെന്ന് സമരസമിതി

Published : Nov 26, 2025, 12:48 PM ISTUpdated : Nov 26, 2025, 12:52 PM IST
munambam

Synopsis

മുനമ്പം ഭൂമി പ്രശ്നത്തിൽ സമരസമിതിക്ക് ആശ്വാസം നൽകി ഹൈക്കോടതിയുടെ ഉത്തരവ്. വ്യവസ്ഥകളോടെ കരം സ്വീകരിക്കാൻ റവന്യു വകുപ്പിനോട് കോടതി നിർദേശിച്ചു. അതേസമയം, ഭൂമി വഖഫിന്റേതല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

കൊച്ചി: വഖഫ് ഭൂമി തർക്കത്തിൽ പ്രതിസന്ധിയിലായ മുനമ്പത്തുകാർക്ക് ഇടക്കാല ആശ്വാസം. വ്യവസ്ഥകളോടെ റവന്യു വകുപ്പ് ഭൂമിയുടെ കരം സ്വീകരിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. ഭൂമിയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ തീർപ്പാക്കും വരെ ഇടക്കാല ഉത്തരവ് ബാധകമാകും. ഭരണഘടന ദിനത്തിൽ വന്ന ഉത്തരവ് പ്രതീക്ഷ നൽകുന്നതെന്ന് മുനമ്പം സമരസമിതി പ്രതികരിച്ചു. മുനമ്പത്തെ 615 കുടുംബങ്ങൾ പണം നൽകി വാങ്ങിയ ഭൂമിയുടെ കരം റവന്യു വകുപ്പിന് സ്വീകരിക്കാം. സങ്കീർണമായ വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട എല്ലാ ഹർജികൾ തീർപ്പാക്കും വരെ കരമൊടുക്കാമെന്ന ഹൈക്കോടതി ഉത്തരവ് മുനമ്പത്തുകാർക്ക് നൽകുന്നത് വലിയ ആശ്വാസമാണ്. 

മുനമ്പം സമരസമിതി, പ്രദേശവാസികൾ തുടങ്ങിയവർ നൽകിയ ഹർജികളിലാണ് വ്യവസ്ഥകളോടെ കരമൊടുക്കാമെന്ന ജസ്റ്റിസ് സി ജയചന്ദ്രന്‍റെ ഇടക്കാല ഉത്തരവ്. കരം സ്വീകരിക്കാൻ തയാറാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. സർക്കാർ കരം സ്വീകരിക്കുന്നതിനെ വഖഫ് സംരക്ഷണ വേദി കോടതിയിൽ എതിർപ്പറിയിച്ചിരുന്നു. കരമൊടുക്കാമെന്ന ഇടക്കാല ഉത്തരവ് ഒന്നരവർഷമായി സമരമിരിക്കുന്ന മുനമ്പത്തുകാർക്ക് മുന്നോട്ട് കൂടുതൽ കരുത്താകും.

2019ലാണ് മുനമ്പത്തെ 615 കുടുംബങ്ങളുടെ ഭൂമി വഖഫ് ബോർഡ് വഖഫ് രജിസ്ട്രറിയിലേക്ക് എഴുതി എടുക്കാൻ തീരുമാനിക്കുന്നത്. ഇത് അറിയിച്ച് നോട്ടീസ് നൽകിയത് 2022ലാണ്. അത് വരെ മുനമ്പത്തുകാർ ഭൂമിയുടെ കരം അടച്ചിരുന്നു. എന്നാൽ ഇതിനെതിരെ 2022ൽ വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയെ സമീപിച്ചു അനുകൂല ഉത്തരവ് തേടി. ഇതോടെ വിദ്യാഭ്യാസ, ചികിത്സ ആവശ്യങ്ങൾക്ക് പോലും ബാങ്കിൽ വായ്പ എടുക്കാൻ ആകാത്ത രീതിയിൽ മുനമ്പം വാസികളുടെ സാമ്പത്തിക ഇടപാടുകൾ മരവിച്ച് പോയി.

ഇതിനെതിരെ ലൈഫ് ഭവന പദ്ധതി വഴി വീട് അനുവദിച്ച കുടുംബങ്ങളും സമരസമിതിയും പ്രദേശവാസികളും നൽകിയ ഹർജികൾ ഒരുമിച്ചാണ് ഹൈക്കോടി ഇന്ന് പരിഗണിച്ചത്. കഴിഞ്ഞ മാസമാണ് മുനമ്പത്ത് സർക്കാർ നിയമിച്ച ജുഡീഷ്യൽ കമ്മീഷന് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ഈ വിധിയിൽ മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് ഡിവിഷൻ ബെഞ്ച് പരാമർശം നടത്തി. എന്നാൽ വഖഫ് ട്രൈബ്യൂണലിൽ കേസ് നടക്കുന്നതിനാൽ അന്തിമ തീർപ്പ് വിധിയായി പറയുന്നതിൽ നിന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ വിട്ട് നിന്നിരുന്നു. വഖഫ് ഭൂമി അല്ലെന്ന ഈ പരാമർശത്തിനെതിരെ വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

മുനമ്പം ഭൂമി തർക്കം സുപ്രീംകോടതിയിൽ

അതേസമയം, മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ സുപ്രീംകോടതയിലാണ്. കേരള വഖഫ് സംരക്ഷണ വേദി, ടി എം അബ്ദുൾ സലാം എന്നിവരാണ് സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. 1950 ലെ ആധാര പ്രകാരം ഇത് ഫറൂഖ് കോളേജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നുമായിരുന്നു കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്. ട്രൈബ്യൂണലിൽ കേസ് നിലനിൽക്കെ ഹൈക്കോടതിക്ക് ഉത്തരവ് ഇറക്കാനാകില്ലെന്നാണ് സുപ്രീം കോടതിയെ സമീപിച്ച ഹർജിക്കാരുടെ വാദം. അഭിഭാഷകൻ അബ്ദ്ദുള്ള നസീഹാണ് ഹർജി ഫയൽ ചെയ്തത്. കേസ് സുപ്രീം കോടതി എന്ന് പരിഗണിക്കുമെന്ന കാര്യം വ്യക്തമായിട്ടില്ല.

ഹർജിക്കാരുടെ വാദം

മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നായിരുന്നു കേസ് ആദ്യം പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് നിലപാട് എടുത്തത്. വഖഫ് നിയമം അനുസരിച്ചുള്ള നടപടികളേ പറ്റൂ എന്നും സിംഗിൾ ബഞ്ച് നിലപാട് എടുത്തിരുന്നു. എന്നാൽ ഡിവിഷൻ ബെഞ്ച് ഇത് തിരുത്തുകയായിരുന്നു. 1950 ലെ ആധാര പ്രകാരം ഇത് ഫറൂഖ് കോളേജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നുമായിരുന്നു കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്. എന്നാൽ ട്രൈബ്യൂണലിൽ കേസ് നിലനിൽക്കെ ഹൈക്കോടതിക്ക് ഉത്തരവ് ഇറക്കാനാകില്ലെന്നാണ് ഹർജിക്കാരുടെ വാദം. സുപ്രീംകോടതി അഭിഭാഷകൻ അബ്ദ്ദുള്ള നസീഹാണ് ഹർജി ഫയൽ ചെയ്തത്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അതിദരിദ്ര മുക്തമായി പ്രഖ്യാപിച്ചാൽ മഞ്ഞക്കാർഡ് റദ്ദാക്കാൻ സാധ്യതയുണ്ടോ? ചോദ്യവുമായി എൻ.കെ. പ്രേമചന്ദ്രനും എം.കെ. രാഘവനും; ഉത്തരം നൽകി കേന്ദ്രം
നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും