
കൊച്ചി: വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൊന്ന കേസില്‍ ജാമ്യം നേടിയ പ്രതി സഫര്‍ഷായെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്. പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്ന കള്ളവാദം ഉയര്‍ത്തി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ ജാമ്യം നേടിയത്. ഇത് ചൂണ്ടിക്കാണിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. സഫര്‍ ഷായെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്നാണ് സൂചന. മരടിൽ താമസിക്കുന്ന തുറവൂർ സ്വദേശിനിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ജനുവരി എട്ടിനാണ് പനങ്ങാട് സ്വദേശി സഫർ ഷാ അറസ്റ്റിലായത്.
കേസ് അന്വേഷിച്ച എറണാകുളം സെൻട്രൽ സിഐ ഏപ്രിൽ 1 ന് വിചാരണ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും കോടതി സ്വീകരിക്കുകയും ചെയ്‍തിരുന്നു. 83 ആം ദിവസം കുറ്റപത്രം നൽകിയതിനാൽ പ്രതിയ്ക്ക് സ്വാഭാവിക ജാമ്യത്തിന് അർഹത ഉണ്ടായിരുന്നില്ല. എന്നാൽ ഹൈക്കോടതിയിൽ ജാമ്യഹർജി നൽകിയ സഫർ ഷായുടെ അഭിഭാഷകൻ 90 ദിവസമായിട്ടും കുറ്റപത്രം നൽകിയിട്ടില്ലെന്നും ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും കോടതിയെ അറയിച്ചു.
പ്രതിയുടെ കള്ളവാദം അംഗീകരിക്കുകയായിരുന്നു സർക്കാർ അഭിഭാഷകൻ. ഇതോടെയാണ് സെക്ഷൻ 167 പ്രകാരം ഹൈക്കോടതി സഫർ ഷായ്ക്ക് ജാമ്യം ഉപാധികളോടെ അനുവദിച്ചത്. പ്രോസിക്യൂഷന് സംഭവിച്ച ഗുരുതര വീഴ്ചയാണ് പ്രതിയ്ക്ക് കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടാൻ സഹായകമായത്. മരട് സ്വദേശിയായ പെണ്‍കുട്ടിയെ മോഷ്ടിച്ച കാറില്‍ കടത്തിക്കൊണ്ടുപോയ സഫര്‍ ഷാ ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം കേരള തമിഴ്നാട് അതിര്‍ത്തിയിലെ തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വാല്‍പാറയ്ക്ക് സമീപംവച്ച് കാര്‍ തടഞ്ഞാണ് സഫര്‍ഷായെ പൊലീസ് അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam