
കൊച്ചി: ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവൽക്കരണം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇത് സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇയ്ക്കും ഹൈക്കോടതി നിർദ്ദേശം നല്‍കി. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്‍റെതാണ് സുപ്രധാന ഉത്തരവ്.
വിദ്യാർത്ഥികളുടെ പ്രായത്തിനനുസരിച്ച് പദ്ധതി തയ്യാറാക്കണം എന്നാണ് കോടതിയുടെ നിര്‍ദ്ദേശം. രണ്ട് മാസത്തിനുള്ളിൽ പാഠ്യക്രമം തയ്യാറാക്കണം. ഇതിന് വിദഗ്ധ സമിതിയെ രൂപീകരിക്കണമെന്നും അമേരിക്കയിലെ എറിൻസ് ലോയെ മാതൃകയാക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു. പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം വിഷയമായി ഉൾപ്പെടുത്തുമ്പോൾ ഇത് മാർഗ്ഗരേഖയായി സ്വീകരിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
ലിംഗസമത്വം അടിച്ചേല്‍പ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
വിദ്യാലയങ്ങളിൽ ലിംഗസമത്വം അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. ആള്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തടുത്ത് ഇരിക്കാന്‍ പാടില്ല എന്നൊരു പ്രസ്താവന നടത്തിയപ്പോള്‍ കുട്ടികള്‍ ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നം എന്ന് പ്രതികരിച്ചിരുന്നു. എന്നാല്‍ കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്കൂളുകളിൽ സഹപഠനം തുടങ്ങുന്നതിൽ നിലപാട് എടുത്തിട്ടുണ്ട്. അതിൽ നിന്ന് പിന്നോട്ട് പോയിട്ടില്ല. സ്കൂളുകൾ മിക്സഡ് ആക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് പിടിഎകളും തദ്ദേശ സ്ഥാപനങ്ങളുമാണെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
ജെൻഡർ ന്യൂട്രാലിറ്റി പാഠ്യപദ്ധതി സമീപന രേഖയുടെ കരടിൽ നിന്ന് ആൺകുട്ടികളേയും പെൺകുട്ടികളേയും ഇടകലർത്തി ഇരുത്തണമെന്ന നിർദ്ദേശം ഇന്നലെയാണ് ഒഴിവാക്കിയത്. ലിംഗ സമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന തലക്കെട്ട് ഒഴിവാക്കി, ലിംഗ നീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന നിലയിലേക്ക് മാറ്റിയിട്ടുണ്ട്. പാഠ്യപദ്ധതിയുടെ സമീപനരേഖ തയാറാക്കുന്നതിന് മുന്നോടിയായി പൊതുസമൂഹത്തിന് മുന്നില്‍ ചര്‍ച്ചയ്ക്കായി വച്ച കരട് രേഖയിലാണ് മാറ്റം വരുത്തിയത്. സമസ്ത ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകൾ സർക്കാർ നിർദേശത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കരട് രേഖയിൽ മാറ്റം വരുത്തി സർക്കാർ തലയൂരിയത്. വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി തന്നെ ഇന്നലെ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam