
കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കാൻ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് പെൺമക്കൾ നൽകിയ പുനഃപരിശോധനാ ഹർജിയും ഹൈക്കോടതി തള്ളി. മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിനാവശ്യത്തിന് വിട്ടു നൽകണമെന്നായിരുന്നു ലോറൻസിന്‍റെ ആഗ്രഹമെന്ന് മകൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. പെൺമക്കളായ ആശയും സുജാതയും നൽകിയ റിവ്യൂ ഹർജികളാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് തളളിയത്. ക്രിസ്ത്യൻ മതാചാര പ്രകാരമുളള അന്ത്യകർമങ്ങൾ തങ്ങളുടെ പിതാവ് ആഗ്രഹിച്ചിരുന്നെന്നായിരുന്നു ഹർജിക്കാരുടെ വാദം. പെൺമക്കളുടെ ആവശ്യം നേരത്തെ സുപ്രീംകോടതിയും തളളിയിരുന്നു.