
തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻ്റെ പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ സിപിഐയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന് മുന്നിലാണ് മുഖ്യമന്ത്രിക്കും സിപിഎമ്മിനും മുട്ടുമടക്കേണ്ടിവന്നത്. സർക്കാറിൻറെ നിലനില്പ് തന്നെ അപകടത്തിലായതോടെയാണ് ഫണ്ടല്ല, ആശയമാണ് പ്രധാനമെന്ന സിപിഐ സമീപനത്തിലേക്ക് ഒടുവിൽ സിപിഎം എത്തിയത്. 9 വർഷത്തിനിടെ ആദ്യമായാണ് പിണറായി സിപിഐക്ക് മുന്നിൽ കീഴടങ്ങിയത്.
പിണറായിയുടെ ബി ടീം, പടിക്കൽ കലം ഉടക്കുന്നവർ, അധികാരത്തിനായി ആശയം പണയപ്പെടുത്തുന്നവർ അങ്ങിനെ ബിനോയ് വിശ്വവും സിപിഐയും കേട്ട പഴികളെല്ലാം ഇനി പഴങ്കഥയാണ്. രാജയും ബിനോയിയും രാജനും പ്രസാജും അനിലും ചിഞ്ചുറാണിയും മുതൽ എവൈഎഫ്-എഐഎസ്എഫ് നേതാക്കൾ വരെ ചങ്കുറപ്പോടെ ഒറ്റക്കെട്ടായി അണിനിരന്ന് വല്യേട്ടനെ തിരുത്തിച്ചിരിക്കുകയാണ് പിഎം ശ്രീയിൽ. രണ്ട് തവണ കാബിനറ്റിൽ ചർച്ച ചെയ്ത് മാറ്റിവെച്ച പദ്ധതിയിൽ ഒരു ചർച്ചയും കൂടാതെ ഒപ്പിട്ടതാണ് സിപിഐയെ മുറിവേല്പിച്ചത്. മുന്നണി മര്യാദയുടെയും റൂൾസ് ഓഫ് ബിസിനസിനറെയും ലംഘനത്തിനപ്പുറം ആർഎസ്എസ് നയത്തിന് കീഴടങ്ങിയതിലായിരുന്നു സിപിഐയുടെ രോഷം. ദേശീയതലത്തിൽ ഇടത് പാർട്ടികൾ ഒരുമിച്ച് എതിർത്ത വിവാദപദ്ധതിയിൽ രഹസ്യമായി സിപിഎം കീഴടങ്ങിയത് സഹിക്കാവുന്നതിലപ്പുറമായി സിപിഐക്ക്. ഭരണം പ്രശ്നമല്ലെന്ന നിലയിലേക്ക് കടുപ്പിക്കാൻ കാരണം ഇതാണ്. ദേശീയ നേതൃത്വം ബിനോയ് വിശ്വത്തിന് നൽകിയത് ബ്ലാങ്ക് ചെക്ക് ആണ്.
സെക്രട്ടറിയേറ്റ് യോഗത്തിൽ മന്ത്രിമാർ രാജിക്ക് തയ്യാറായി. അപകടം മണത്ത സിപിഎം വിദേശത്ത് നിന്ന് മുഖ്യമന്ത്രി എത്തിയാൽ എല്ലാം തീരുമെന്ന് വിശ്വസിച്ചു. പക്ഷേ ആലപ്പുഴ ഗസ്റ്റ് ഹൗസിലെ ഒരു മണിക്കൂർ ചർച്ചയിൽ പിണറായി കണ്ടത് ഇതുവരെ കാണാത്ത ബിനോയിയെയും സിപിഐ മന്ത്രിമാരെയുമായിരുന്നു. കാബിനറ്റിലെ തൻറെ സഹപ്രവർത്തകരായ സിപിഐ മന്ത്രിമാർ രേഖാമൂലം എതിർത്ത് കത്ത് നൽകുമെന്ന് പിണറായി കരുതിയില്ല. ഒടുവിൽ സിപിഐയെ ഇതുവരെ ചൊൽപ്പടിക്ക് നിർത്തിപ്പോന്ന സിപിഎം പിൻവാങ്ങി ധാരണാപത്രം മരവിപ്പിക്കാമെന്ന സിപിഐയുടെ ഉറച്ച നിലപാടിന് മുന്നിൽ വേറെ വഴിയില്ലാതെ കീഴടങ്ങി. യഥാർത്ഥ തിരുത്തൽ ശക്തി സിപിഐ തന്നെയാണ് ഇനി ബിനോയിക്കും കൂട്ടർക്കും ഉറച്ചുപറയാം.