റിസോർട്ട് ഉടമകളുടെ ഹര്‍ജി തള്ളി; വാഗമണ്ണിലെ ഒഴിപ്പിക്കൽ നടപടികൾ വരുന്ന ആഴ്ചയിൽ ഉണ്ടാകുമെന്ന് കളക്ടർ

Published : Jan 30, 2021, 02:09 PM ISTUpdated : Jan 30, 2021, 02:14 PM IST
റിസോർട്ട് ഉടമകളുടെ ഹര്‍ജി തള്ളി; വാഗമണ്ണിലെ ഒഴിപ്പിക്കൽ നടപടികൾ വരുന്ന ആഴ്ചയിൽ ഉണ്ടാകുമെന്ന്  കളക്ടർ

Synopsis

കയ്യേറിയ ഭൂമി ജോളി സ്റ്റീഫൻ പ്ലോട്ടുകളാക്കി മുറിച്ചുവിറ്റിരുന്നു. ഇവിടെ ധാരാളം റിസോർട്ടുകളും പൊന്തി. ഈ റിസോർട്ടുടമകളാണ് ജില്ലാ കളക്ടറുടെ ഒഴിപ്പിക്കൽ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ എത്തിയത്. 

ഇടുക്കി: വാഗമണ്ണിൽ കയ്യേറ്റ ഭൂമി ഒഴിപ്പിക്കാനുള്ള ജില്ലാകളക്ടറുടെ ഉത്തരവിനെതിരായ ഹർജി ഹൈക്കോടതി തള്ളി. റിസോർട്ട് ഉടമകൾ നൽകിയ ഹർജിയാണ് തള്ളിയത്. അതേസമയം ഒഴിപ്പിക്കൽ നടപടികൾ വരുന്ന ആഴ്ചയിൽ തന്നെ ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വാഗമണ്‍ റാണിമുടി എസ്റ്റേറ്റ് ഉടമ ജോളി സ്റ്റീഫൻ 55 ഏക്കർ സർക്കാർ ഭൂമി കയ്യേറിയെന്ന് കണ്ടെത്തിയതോടെയാണ് ഇതിലെ പട്ടയങ്ങളും തണ്ടപ്പേരുകളും റദ്ദാക്കി ഭൂമി ഏറ്റെടുക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടത്. 

കയ്യേറിയ ഭൂമി ജോളി സ്റ്റീഫൻ പ്ലോട്ടുകളാക്കി മുറിച്ചുവിറ്റിരുന്നു. ഇവിടെ ധാരാളം റിസോർട്ടുകളും പൊന്തി. ഈ റിസോർട്ടുടമകളാണ് ജില്ലാ കളക്ടറുടെ ഒഴിപ്പിക്കൽ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ എത്തിയത്. എന്നാൽ കളക്ടറുടെ നടപടി ശരിയെന്ന് ബോധ്യപ്പെട്ട കോടതി ഹർജി തള്ളി. നടപടിക്രമങ്ങൾ പാലിച്ചാണ് റവന്യൂവകുപ്പിന്‍റെ നീക്കമെന്നും കോടതി പറഞ്ഞു. കോടതിയിൽ നിന്ന് കൂടി അനുകൂല ഉത്തരവ് ഉണ്ടായതോടെ ഒഴിപ്പിക്കൽ നടപടി ഉടൻ ഉണ്ടാവുമെന്ന് ജില്ലാ കളക്ടർ എച്ച് ദിനേശൻ അറിയിച്ചു.

കയ്യേറ്റഭൂമിയുടെ അതിര് നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങളാണ് ഒഴിപ്പിക്കൽ വൈകുന്നതിന് കാരണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. 55 ഏക്കർ സർക്കാർ ഭൂമിയിൽ 200ലധികം റിസോർട്ടുകളാണുള്ളത്. ഒഴിപ്പിച്ചെടുക്കുന്ന റിസോർട്ടുകൾ കെടിഡിസിക്ക് നടത്തിപ്പിനായി നൽകാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.

PREV
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി