സ്വപ്ന പദ്ധതി തടയണമെന്നാവശ്യപ്പെട്ട ഹർജി തള്ളി ഹൈക്കോടതി; നടപടിക്രമങ്ങളിൽ ഒരു വീഴ്ചയും ഇല്ല, വയനാട് തുരങ്കപാത നിർമാണം തുടരാം

Published : Dec 16, 2025, 12:24 PM IST
wayand tunnel project

Synopsis

വയനാട് തുരങ്ക പാത നിര്‍മാണം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി, പദ്ധതിക്ക് എല്ലാ അനുമതികളുമുണ്ടെന്ന് വ്യക്തമാക്കി. വർഷങ്ങളായി നിരവധി പാരിസ്ഥിതികവും രാഷ്ട്രീയവുമായ പ്രതിസന്ധികളെ അതിജീവിച്ചാണ് നിർമ്മാണ ഘട്ടത്തിലേക്ക് കടന്നത്.

കൊച്ചി: കേരളത്തിന്‍റെ സ്വപ്ന പദ്ധതികളിൽ ഒന്നായ വയനാട് തുരങ്ക പാത നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തുരങ്ക പാത നിർമാണവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളിൽ ഒരു വീഴ്ചയുമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എല്ലാ അനുമതികളും പൂർത്തിയാക്കിയാണ് നിർമ്മാണം തുടങ്ങിയത്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് ഹര്‍ജി നൽകിയിരുന്നത്.

പ്രതിസന്ധികളെ അതിജീവിച്ച വയനാട് തുരങ്കപാത

മരശേരി ചുരത്തിന് ബദലായി കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന ചര്‍ച്ചകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തുരങ്കപാത നിര്‍മാണത്തിന് അനുമതി നേടുകയെന്നത് ചുരം യാത്രയേക്കാള്‍ ദുഷ്കരമായ കടമ്പയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് നിര്‍മാണോദ്ഘാടനം എന്ന പേരില്‍ പ്രോജക്ട് ലോഞ്ചിംഗ് നടത്തിയെങ്കിലും പിന്നെയും അഞ്ച് വര്‍ങ്ങള്‍ കഴിഞ്ഞാണ് തുരങ്ക പാത നിര്‍മാണത്തിനുളള തടസങ്ങള്‍ നീങ്ങിയത്.

കോഴിക്കോട് കണ്ണൂര്‍ മലപ്പുറം ജില്ലകളെ വയനാടുമായി ബന്ധിപ്പിക്കുന്ന അഞ്ച് ചുരങ്ങള്‍ നിലവിലുണ്ട്. ഓരോ ചുരത്തിലും ഗതാഗത കുരുക്ക് രൂക്ഷമാകുമ്പോള്‍ ബദല്‍പാതകള്‍ എന്ന ആവശ്യങ്ങളും ഉയരും. ഏറ്റവും തിരക്കേറിയതും ദേശീയപാത കടന്നുപോകുന്നതുമായ താമരശേരി ചുരത്തിന് ബദലായി നിര്‍ദ്ദേശിക്കപ്പെട്ട പാതകളില്‍ ഒന്നായിരുന്നു കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിനെയും വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിനെയും ബന്ധിപ്പിച്ചുള്ള പാത. എന്നാല്‍ ഈ ബദല്‍ പാതയ്ക്കായി സാധ്യത പഠനം നടത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചത് 2006ല്‍ മത്തായി ചാക്കോ തിരുവമ്പാടിയില്‍ സ്ഥാനാര്‍ത്ഥിയായപ്പോഴായിരുന്നു. മത്തായി ചാക്കോയുടെ മരണത്തിന് പിന്നാലെ എംഎല്‍എയായ ജോര്‍ജ് എം തോമസ് ഈ പാത യാഥാര്‍ത്ഥ്യമാക്കാനുളള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടു. എന്നാല്‍ ചെങ്കുത്തായുളള കയറ്റവും കൂറ്റന്‍ പാറകളുമുളള ഈ വഴി എങ്ങനെ റോഡ് നിര്‍മിക്കുമെന്നത് വെല്ലുവിളിയായി.

തുടര്‍ന്നാണ് തുരങ്ക പാത സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോൾ തുരങ്കപാത പദ്ധതിയുടെ സര്‍വേ നടത്താൻ രണ്ട് കോടി രൂപ നീക്കിവച്ചു. പിന്നീട് പദ്ധതി മുന്നോട്ട് പോയില്ല. 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൈവന്നു. പദ്ധതിയുടെ വിശദമായ സര്‍വേയ്ക്കായി വീണ്ടും 10 കോടി രൂപ പിണറായി സർക്കാർ അനുവദിച്ചു. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് തന്നെ പ്രൊജക്ട് ലോഞ്ചിംഗും നടത്തി. എന്നാല്‍ നിര്‍മാണോദ്ഘാടനം എന്ന പേരിലായിരുന്നു മുഖ്യമന്ത്രിയുടെ പേജില്‍ ഉള്‍പ്പെടെ ആ ചടങ്ങ് വിശേഷിക്കപ്പെട്ടത്.

ഈ ചടങ്ങിനു ശേഷമാണ് സുപ്രധാനമായ പല കടമ്പകളും പദ്ധതി പിന്നിട്ടത്. പരിസ്ഥിതി അനുമതിയുടെ കാര്യത്തിൽ പിന്നെയും നടപടികള്‍ നീണ്ടു നീണ്ടുപോയി. പാത കടന്നുപോകുന്ന പ്രദേശത്തിന്‍റെ ജൈവ വൈവിധ്യവും ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശമെന്ന ഭീഷണിയും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചുന്നയിച്ചു. മറിപ്പുഴയ്ക്ക് സമീപം വനപ്രദേശത്ത് 2022ല്‍ ഉരുള്‍പൊട്ടി. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ സൃഷ്ടിച്ച നടുക്കം കൂടിയായതോടെ പദ്ധതിക്ക് അനുമതി നല്‍കരുതെന്ന ആവശ്യത്തിനും ശക്തിയേറി. തുടര്‍ന്ന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ഈ പ്രതിസന്ധികള്‍ മറികടക്കാനുളള വിവിധ മാര്‍ഗ്ഗങ്ങള്‍ തേടി.

ഒടുവില്‍ കര്‍ശന ഉപാധികളോടെ സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നല്‍കിയെങ്കിലും പന്ത് വൈകാതെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ കോര്‍ട്ടിലെത്തി. പദ്ധതിയുടെ ചുമതലയുളള പൊതുമരാമത്ത് വകുപ്പും നിര്‍വഹണ ഏജന്‍സിയായ കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനും നല്‍കിയ ഉറപ്പുകള്‍ കണക്കിലെടുത്തും പ്രദേശത്തിന്‍റെ ഭൂപ്രകൃതിക്കോ ജൈവ വൈവിധ്യത്തിനോ നാശം വരുത്തരുതെന്ന ഉപാധികള്‍ മുന്നോട്ടുവച്ചുമാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പരിസ്ഥിതി ആഘാത സമിതി പദ്ധതിക്ക് അന്തിമ അനുമതി നല്‍കിയത്. ഒടുവിൽ 2025 ഓഗസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ തുരങ്കര പാതയുടെ നിര്‍മ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാനൂരിൽ കൊലവിളി തുടരുന്നു; ബോംബ് എറിയുന്ന ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് റെഡ് ആർമി, സിപിഎം സ്തൂപം തകർത്ത ലീഗുകാരെ കബറടക്കുമെന്ന് ഭീഷണി
`ഹിമാലയൻ പരാജയം ഉണ്ടായിട്ടില്ല', നടക്കുന്നത് തെറ്റായ പ്രചാരണം; മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി