സംസ്ഥാന സര്‍ക്കാരിന് നേട്ടം, ഓൺലൈൻ ക്ലാസ് മുന്നൊരുക്കങ്ങളിൽ തൃപ്തിയുമായി ഹൈക്കോടതി

By Web TeamFirst Published Jun 18, 2020, 1:40 PM IST
Highlights

സർക്കാര്‍ ഇതുവരെ സ്വീകരിച്ച മുന്നൊരുക്കങ്ങളിൽ തൃപ്തി അറിയിച്ച കോടതി ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട ഹർജികളും തീർപ്പാക്കി. ആക്ഷേപങ്ങളോ പരാതികളോ ഉണ്ടായാൽ ഉചിതമായ ഫോറത്തിൽ പരാതി നൽകാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു

കൊച്ചി: കൊവിഡ് പശ്ചാത്തലത്തില്‍ ഓൺലൈൻ ക്ലാസിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളിൽ ഹൈക്കോടതിക്ക് തൃപ്തി. സർക്കാര്‍ ഇതുവരെ സ്വീകരിച്ച മുന്നൊരുക്കങ്ങളിൽ തൃപ്തി അറിയിച്ച കോടതി ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട ഹർജികളും തീർപ്പാക്കി. ഏതെങ്കിലും വ്യക്തികള്‍ക്ക് ആക്ഷേപങ്ങളോ പരാതികളോ ഉണ്ടായാൽ ഉചിതമായ ഫോറത്തിൽ പരാതി നൽകാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. നേരത്തെ ഓൺലൈൻ ക്ലാസുകളുടെ തുടക്കത്തില്‍ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് വലിയ വിവാദങ്ങൾ ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ ഹൈക്കോടതിയില്‍ നിരവധി ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടു. എന്നാല്‍ സ്വീകരിച്ച മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ച കോടതി നടപടികളിൽ തൃപ്തി അറിയിക്കുകയായിരുന്നു. 

89 കുട്ടികള്‍ക്കാണ് ഇനി സൗകര്യങ്ങളൊരുക്കാനുള്ളൂ. ഇവര്‍ക്കും ഏറ്റവും അടുത്ത സമയത്ത് തന്നെ സൗകര്യങ്ങളൊരുക്കുമെന്നും സര്‍ക്കാര്‍ ഇന്ന് കോടതിയിൽ വ്യക്തമാക്കി. എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളുടെ പരീക്ഷ പ്രശ്നങ്ങളില്ലാതെ പൂര്‍ത്തിയാക്കിയതിലും സര്‍ക്കാര്‍ സംതൃപ്തി അറിയിച്ചു. 

41 ലക്ഷം കുട്ടികള്‍ക്ക്  സൗകര്യങ്ങളൊരുക്കിയതായും ചുരുക്കം വിദ്യാർഥികൾക്ക് മാത്രമേ നിലവിൽ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് സൗകര്യം ഇല്ലാതുള്ളൂ എന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സൗകര്യം ഇല്ലാത്ത കുട്ടികളില്‍ ഭൂരിഭാഗവും വിദൂര ആദിവാസി മേഖലകളിൽ നിന്നുള്ള കുട്ടികളാണ്. ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ എത്തിക്കും. ഇവർക്ക് ഓൺലൈൻ ക്ലാസ്സുകൾ റെക്കോർഡ് ചെയ്തു എത്തിക്കും. വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസിനുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കാൻ പ്രധാന അധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നു. 

ഓൺലൈൻ ക്ലാസുകൾക്ക് പൂർണസജ്ജം, സംസ്ഥാനസർക്കാർ ഹൈക്കോടതിയിൽ

click me!