
മലപ്പുറം: വേങ്ങര സ്വദേശിയായ നവവധുവിന് നേരെയുണ്ടായ ഗാർഹിക പീഡന അന്വേഷണത്തിൽ ഇടപെട്ട് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി റിപ്പോർട്ട് തേടി. പെൺകുട്ടി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതികളിൽ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നാണ് നിർദ്ദേശം. അന്വേഷത്തിന്റെ പുരോഗതി കോടതിയെ ബോധിപ്പിക്കണം. റിപ്പോർട്ട് ഒരാഴ്ച്ചക്കകം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. അന്വേഷണം ശരിയായ വിധത്തിലല്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദേശം.
വേങ്ങര സ്വദേശിയായ നവവധുവിനാണ് ഭർതൃവീട്ടിൽ ക്രൂര മർദ്ദനമേറ്റത്. ഭർത്താവിന്റെ മർദ്ദനത്തിൽ യുവതിയുടെ കേൾവി ശക്തിക്ക് തകരാർ പറ്റി. പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതിയായ ഭര്‍ത്താവ് മുഹമ്മദ് ഫായിസിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മുഹമ്മദ് ഫായിസിന്‍റെ ക്രൂര പീഡനം സഹിക്കാനാവാതെ സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്ന പെൺകുട്ടി മെയ് മാസം 23 നാണ് മലപ്പുറം വനിതാ പൊലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ ഗാര്‍ഹിക പീഡനം, ഉപദ്രവം, വിശ്വാസം തകര്‍ക്കുന്ന വിധത്തിലുള്ള പെരുമാറ്റം അടക്കമുള്ള നിസാര വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്.കേസ് അന്വേഷണത്തിലും പൊലീസ് അലംഭാവം കാണിച്ചതോടെ ഒരാഴ്ച്ചക്ക് ശേഷം മെയ് 28 ന് പെൺകുട്ടി മലപ്പുറം എസ് പിക്ക് പരാതി നല്‍കി.
എസ് പിയുടെ നിര്‍ദ്ദേശ പ്രകാരം കേസില്‍ വധശ്രമം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ വകുപ്പുകള്‍ കൂടി ചേര്‍ത്തു.ഇതോടെ മുഹമ്മദ് ഫായിസും അമ്മ സീനത്തും മുൻകൂര്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളി.സീനത്ത് ഹൈക്കോടതിയില്‍ നിന്നും അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് നേടി.ഇതിനിടെ മുഹമ്മദ് ഫായിസും പിതാവ് സൈതലവിയും ഒളിവില്‍ പോയി.ഫായിസ് വിദേശത്ത് കടന്നതായും സംശയമുണ്ട്.
മര്‍ദ്ദനത്തിനു പുറമേ വനിതാ കമ്മീഷൻ അദാലത്തിൽ പറഞ്ഞ പ്രകൃതിവിരുദ്ധ പീഡനമെന്ന പരാതിയിലും പൊലീസ് മെഡിക്കൽ പരിശോധന നടത്തിയില്ല. തുടക്കം മുതല്‍ പ്രതികളെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് പെൺകുട്ടിക്കും വീട്ടുകാര്‍ക്കും പരാതിയുണ്ട്. പൊലീസില്‍ നിന്ന് നീതി കിട്ടാതെ വന്നതോടെയാണ് പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam