കേരള ബാങ്കിൽ 1850 പേരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു

By Web TeamFirst Published Feb 15, 2021, 6:00 PM IST
Highlights

നാളെ ബാങ്ക് ബോർഡ് യോഗം ചേർന്ന് സ്ഥിരപ്പെടുത്തൽ ചർച്ച ചെയ്യാനിരിക്കെയാണ് നടപടി. കണ്ണൂർ സ്വദേശി എ ലിജിത് ആണ് ഹർജി നൽകിയത്

കൊച്ചി: കേരള ബാങ്കിലെ പിൻവാതിൽ നിയമനത്തിനുള്ള സംസ്ഥാന സർക്കാർ നീക്കത്തിന് തിരിച്ചടി. 1850 പേരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. പിഎസ്‌സി ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥിയുടെ ഹർജിയിലാണ് നടപടി. നാളെ ബാങ്ക് ബോർഡ് യോഗം ചേർന്ന് സ്ഥിരപ്പെടുത്തൽ ചർച്ച ചെയ്യാനിരിക്കെയാണ് നടപടി. കണ്ണൂർ സ്വദേശി എ ലിജിത് ആണ് ഹർജി നൽകിയത്.

കേരള ബാങ്കിലെ നിയമനങ്ങൾ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ സഹകരണ വകുപ്പ് മടക്കിയിരുന്നു. അടിസ്ഥാന നടപടിക്രമങ്ങൾ പോലും പൂര്‍ത്തിയാക്കാതെയാണ് കേരള ബാങ്ക് ശുപാര്‍ശ സമര്‍പ്പിച്ചതെന്ന കുറിപ്പോടെയാണ് ഫയല്‍ മടക്കിയത്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനായിരുന്നു കേരളബാങ്ക് നീക്കം. ഇതിനായി സമർപ്പിച്ച ശുപാർശയാണ് പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സഹകരണവകുപ്പ് മടക്കിയത്. അടിസ്ഥാന നടപടികള്‍ പോലും പൂര്‍ത്തിയാക്കിയില്ലെന്ന് സെക്രട്ടറി കേരളബാങ്ക് സിഇഒക്ക് അയച്ച കത്തിൽ വ്യക്തമാകുന്നു. 

ഇത്രയധികം ജീവനക്കാരെ സ്ഥിരപ്പെടുത്തിയാലുണ്ടാകുന്ന സാമ്പത്തിക ബാധ്യത പഠിക്കാതെയും സഹകരണ റജിസ്ട്രാറുടെ അംഗീകാരം തേടാതെയുമാണ് വകുപ്പിന് ശുപാര്‍ശ സമര്‍പ്പിച്ചത്. താത്കാലികക്കാരെ നിയമിക്കാൻ രജിസ്ട്രാറുടെ അനുമതി വേണ്ടെന്ന തീരുമാനമാണ് കേരളബാങ്ക് മറയാക്കിയത്. സ്ഥിരപ്പെടുത്തലിനായി ശുപാർശ ചെയ്യും മുമ്പ് ഇത് ആവശ്യമാണെന്ന് സഹകരണ സെക്രട്ടറി വ്യക്തമാക്കിയതോടെ വേഗത്തിൽ സ്ഥിരപ്പെടുത്താനുള്ള നീക്കം പൊളിഞ്ഞു. ഇത് പരിഹരിച്ച് നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാനാണ് കേരള ബാങ്ക് നീക്കങ്ങൾ. 

click me!