ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ കുറയുമോ? മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്

By Web TeamFirst Published Sep 21, 2019, 6:30 AM IST
Highlights

കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം വരുന്നതുവരെ കാത്തിരിക്കണമോ, സംസ്ഥാനത്തിന് തീരുമാനമെടുക്കാന്‍ കഴിയുന്ന വകുപ്പുകളില്‍ പിഴ കുറക്കണമോ എന്നതില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടായേക്കും. 


തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള ഉയര്‍ന്ന പിഴ സംബന്ധിച്ച അനിശ്ചിതത്വം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന് ചേരും.സംസ്ഥാനസര്‍ക്കാരിന് തീരുമാനമെടുക്കാന്‍ കഴിയുന്ന വകുപ്പുകളില്‍ പിഴ കുറക്കണമെന്ന നിര്‍ദ്ദേശം ഗതാഗത വകുപ്പ് യോഗത്തില്‍ മുന്നോട്ട് വക്കും. 

ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ പത്തിരട്ടിയോളം കൂട്ടിയ നിയമഭേദഗതി വന്നയുടന്‍ തന്നെ കേരളം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഉയര്‍ന്ന പിഴ ഈടാക്കുന്നതില്‍ പ്രതിഷേധം ശക്തമായതോടെ വാഹന പരിശോധന നിര്‍ത്തിവച്ചു. പിഴ കുറയ്ക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയെങ്കിലും ഇതുവരെ ഉത്തരവിറക്കിയല്ല. ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. 

പിഴ കുറക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളൊന്നും ഇത് നിയമപരമായി നിലനില്‍ക്കുന്ന ഉത്തരവുകളൊന്നും ഇറക്കിയട്ടില്ലെന്നാണ് ഗതാഗത സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. പിഴ ഈടാക്കുന്നതിലെ അനിശ്ചിതത്വം തുടരുന്നത് നിയമലംഘനങ്ങളും അപകടങ്ങളും കൂടുന്നതിന് കാരണമാകുമെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം വരുന്നതുവരെ കാത്തിരിക്കണമോ, സംസ്ഥാനത്തിന് തീരുമാനമെടുക്കാന്‍ കഴിയുന്ന വകുപ്പുകളില്‍ പിഴ കുറക്കണമോ എന്നതില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടായേക്കും. 

ഓണാവധി കഴിഞ്ഞതിന് പിന്നാലെ വാഹന പരിശോധന പുനഃരാരംഭിച്ചിട്ടുണ്ടെങ്കിലും ഉയര്‍ന്ന പിഴ നിര്‍ബന്ധിച്ച് ഈടാക്കുന്നില്ല. ഗൗരവമുള്ള നയമലംഘനങ്ങളില്‍ കേസെടുത്ത് കോടതിയിലേക്ക് കൈമാറാനാണ് നിലവില്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

click me!