എസ്എഫ്ഐ ദേശീയ സമ്മേളനത്തിന് പങ്കെടുക്കാനായി സ്കൂളിന് അവധി നൽകിയ സംഭവം; സ്കൂൾ അധികൃതരെ വെള്ള പൂശി ഡിഇഒയുടെ റിപ്പോർട്ട്‌

Published : Jul 02, 2025, 10:24 AM IST
SFI school leave

Synopsis

പഠിപ്പ് മുടക്കുമെന്ന് കാട്ടി എസ്എഫ്ഐ നേതാക്കൾ കത്ത് നൽകിയിരുന്നതായി റിപ്പോർട്ടില്‍ പറയുന്നു. ഇതിന് പിന്നാലെ സ്കൂളിൽ പ്രശ്നമുണ്ടാകാൻ സാധ്യത ഉണ്ടെന്ന് വ്യക്തമായതോടെയാണ് ഹെഡ് മാസ്റ്റർ അവധി നൽകിയതെന്നാണ് റിപ്പോർട്ട്.

കോഴിക്കോട്:  എസ്എഫ്ഐയുടെ ദേശീയ സമ്മേളനത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന റാലിയില്‍ പങ്കെടുക്കുന്നതിനായി സ്കൂളിന് അവധി നൽകിയ സംഭവത്തില്‍ കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹൈസ്കൂൾ അധികൃതരെ വെള്ള പൂശി ഡിഇഒയുടെ റിപ്പോർട്ട്‌. പഠിപ്പ് മുടക്കുമെന്ന് കാട്ടി എസ്എഫ്ഐ നേതാക്കൾ കത്ത് നൽകിയിരുന്നതായി റിപ്പോർട്ടില്‍ പറയുന്നു. ഇതിന് പിന്നാലെ സ്കൂളിൽ പ്രശ്നമുണ്ടാകാൻ സാധ്യത ഉണ്ടെന്ന് വ്യക്തമായതോടെയാണ് ഹെഡ് മാസ്റ്റർ അവധി നൽകിയതെന്നാണ് റിപ്പോർട്ട്. കോഴിക്കോട് ഡിഇഒയുടെ ചുമതലയുള്ള സിറ്റി എഇഒ ആണ്‌ ഡിഡിഇക്ക് റിപ്പോർട്ട്‌ നൽകിയത്. ഡിഡിഇ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട്‌ കൈമാറും.

എസ്എഫ്ഐ ദേശീയ സമ്മേളനത്തിന്‍റെ സമാപനത്തിന്‍റ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന റാലിയില്‍ കാല്‍ലക്ഷം വിദ്യാര്‍ത്ഥികളെ അണിനിരത്തുമെന്നായിരുന്നു സംഘാടകരുടെ പ്രഖ്യാപനം. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന റാലിയില്‍ പരമാവധി ശക്തി തെളിയിക്കാനായി എസ്എഫ്ഐ കണ്ടെത്തിയ കുറുക്കുവഴിയാകട്ടെ അമ്പരപ്പിക്കുന്നതായിരുന്നു. റാലിയില്‍ കുട്ടികളെ എത്തിക്കാന്‍ മെഡിക്കല്‍ കോളജ് ക്യാംപസ് ഹൈസ്കൂളിന് അവധി നല്‍കണമെന്ന് എസ്എഫ്ഐ നേതാക്കള്‍ പ്രധാന അധ്യാപകനോട് രേഖാമൂലം ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ച ഹെഡ് മാസ്റ്റര്‍ രാവിലെ കുട്ടികള്‍ സ്കൂളിലെത്തിയ ഉടന്‍ തന്നെ ഹൈസ്കൂള്‍ വിഭാഗത്തിന് അവധി നല്‍കി. രക്ഷാകര്‍തൃ ഗ്രൂപ്പില്‍ അവധിയുടെ സൂചന പ്രധാന അധ്യാപകന്‍ നല്‍കുകയും ചെയ്തിരുന്നു. അവധിയുടെ കാരണം തേടി സ്കൂളിലെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തോട് പ്രധാന അധ്യാപകന്‍ സുനില്‍ സംഭവിച്ച കാര്യങ്ങള്‍ തുറന്ന് പറഞ്ഞു.

നേരത്തെ, കെഎസ്‍യു പ്രവര്‍ത്തകര്‍ നടത്തിയ പഠിപ്പ് മുടക്കല്‍ സമരത്തില്‍ സ്കൂളിന് അവധി നല്‍കാഞ്ഞതിനെത്തുടര്‍ന്ന് സമരക്കാര്‍ ബലമായി മണിയടിച്ച സംഭവമുണ്ടായിരുന്നുവെന്നും അന്ന് പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ ഇതൊക്കെ പ്രശ്നമാക്കണോ എന്നായിരുന്നു പ്രതികരണമെന്നും അതുകൊണ്ടാണ് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് പോകാതിരുന്നതെന്നും ഹെ‍ഡ് മാസ്റ്റര്‍ വെളിപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെ സംഭവത്തെക്കുറിച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡിഇഓയോട് റിപ്പോര്‍ട്ട് തേടി. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടിയെന്ന് ഡി ഡി ഇ ശിവദാസൻ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം: സുപ്രീം കോടതി ഉത്തരവിനെക്കുറിച്ചുള്ള അ‍ജ്ഞതയിൽ നിന്നാകാം മുഖ്യമന്ത്രിയുടെ വിമർശനമെന്ന് ലോക്ഭവൻ
'സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം, പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമം, മാരീചന്മാരെ തിരിച്ചറിയണം'; കേരള എംപിമാർക്കെതിരെ ധനമന്ത്രി