ദുരിതാശ്വാസം തുടരുന്നു, ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പത്തനംതിട്ടയില്‍ നാളെ അവധി

By Web TeamFirst Published Aug 31, 2022, 7:28 PM IST
Highlights

എന്നാൽ മുൻ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.

പത്തനംതിട്ട: പത്തനംതിട്ടയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ ( സെപ്റ്റംബർ 1) അവധി. എന്നാൽ മുൻ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. അതേസമയം സംസ്ഥാനത്ത് നാളെയും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ഏഴ് ജില്ലകളിൽ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി ജില്ലകളിൽ യെല്ലോ അല‍ർട്ടായിരിക്കും. കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ മഴ ലഭിച്ച പ്രദേശങ്ങളിൽ അതീവജാഗ്രത പുലർത്താൻ മുഖ്യമന്ത്രി ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. തമിഴ്നാട്ടിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചിക്രവാത ചുഴി നിലനിൽക്കുന്നതും തമിഴ്നാട് മുതൽ മധ്യപ്രദേശ് വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നതുമാണ് ശക്തമായ മഴ തുടരാൻ കാരണം.  

വിഴിഞ്ഞത്ത് ഇടപെട്ട് സർക്കാർ; 335 കുടുംബങ്ങൾക്ക് 5500 രൂപ പ്രതിമാസ വാടക നല്‍കും,മുട്ടത്തറയിൽ ഫ്ലാറ്റ്

വിഴിഞ്ഞത്ത് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ വീട്ടുവാടക നൽകാൻ മന്ത്രിസഭാ തീരുമാനം. മുട്ടത്തറയിൽ കണ്ടെത്തിയ സ്ഥലത്ത് ഫ്ലാറ്റ് നിര്‍മ്മിക്കും. വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം ശക്തമായി തുടരുന്നതിനിടെയാണ് ഓണത്തിന് മുമ്പ് പുരധിവാസം നടപ്പിലാക്കുമെന്ന വാഗ്ദാനത്തിന്‍റെ ഭാഗമായുള്ള സര്‍ക്കാര്‍ പ്രഖ്യാപനം. ക്യാമ്പുകളില്‍ കഴിയുന്ന 335 കുടുംബങ്ങൾക്ക് വാടകവീട്ടിലേക്ക് മാറാൻ പ്രതിമാസം 5500 രൂപ സര്‍ക്കാര്‍ നൽകും. മുട്ടത്തറയിൽ കണ്ടെത്തിയ എട്ട് ഏക്കര്‍ ഭൂമിയിൽ സമയബന്ധിതമായി ഫ്ലാറ്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കും. ഇതിനായി നിര്‍മ്മാതാക്കളുടെ ടെൻഡര്‍ വിളിക്കും. പുനരധിവാസ പാക്കേജ് വേഗത്തിൽ നടപ്പാക്കുമെന്നും മന്ത്രിസഭാ തീരുമാനത്തിലുണ്ട്.

എന്നാൽ  തീരദേശവാസികളായ മല്‍സ്യത്തൊഴിലാളികളെ മുഖ്യമന്ത്രി പുച്ഛിക്കുകയാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് തുറമുഖ സമരസമിതി. വീട് വാടകയ്ക്ക് നൽകുന്നതിനുള്ള അഡ്വാൻസ് തുക ആര് നൽകുമെന്നും സമരവുമായി മുന്നോട്ടുപോകുമെന്നുമാണ് സമരസമിതി പറയുന്നത്. സമരം കൂടുതല്‍ ശക്തമാക്കുമെന്നും തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും സമരസമിതി വ്യക്തമാക്കുന്നു. സമരം ചെയ്ത പുരോഹിതരെ പൊലീസ് മര്‍ദ്ദിച്ചതിൽ പ്രതിഷേധിച്ച് വിവിധ ഇടവകകളിലെ മത്സ്യത്തൊഴിലാളികൾ പൂവാര്‍ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. കരുംകുളം പള്ളിയിൽ നിന്ന് തുടങ്ങിയ പന്തംകൊളുത്തി പ്രതിഷേധം പൂവാര്‍ സ്റ്റേഷനു മുന്നിൽ അവസാനിപ്പിച്ചു.

 

click me!