ലഡാക്ക് സംഘര്‍ഷം; 'ചർച്ചയ്ക്കായുള്ള വാതിൽ എപ്പോഴും തുറന്നിട്ടിരുന്നു, സംഘടനകളെ സ്വാഗതം ചെയ്യുന്നു', വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം

Published : Sep 29, 2025, 08:59 PM IST
Ladakh

Synopsis

ലഡാക്ക് സമാധാന ചർച്ചകൾക്കായുള്ള വാതിൽ എപ്പോഴും തുറന്നിട്ടിരുന്നു എന്ന് കേന്ദ്ര സര്‍ക്കാര്‍

ദില്ലി: ലഡാക്ക് സമാധാന ചർച്ചകൾക്കായുള്ള വാതിൽ എപ്പോഴും തുറന്നിട്ടിരുന്നു എന്ന് കേന്ദ്ര സര്‍ക്കാര്‍. ചർച്ചയിൽ നിന്നും പിന്മാറിയ രണ്ട് സംഘടനകളെയും സ്വാഗതം ചെയ്യുന്നു എന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇതുവരെ നടന്ന ആശയവിനിമയം തൃപ്തികരം എന്നും ആഭ്യന്തര മന്ത്രാലയം കുറിപ്പില്‍ പറയുന്നുണ്ട്. ലഡാക്കില്‍ പൂര്‍വ സാഹചര്യം പുനസ്ഥാപിക്കാതെ ചര്‍ച്ചക്കില്ലെന്ന് ലേ അപക്സ് ബോഡി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അറിയിച്ചിരുന്നു. പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നടപടി.

ലഡാക്കില്‍ സമാധാനം പുലരാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ് സംഘടനകളുടെ പിന്മാറല്‍. നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ലഡാക്ക് പൂര്‍വ സ്ഥിതിയിലാകാതെ ചര്‍ച്ചക്കില്ലെന്ന് അമിത്ഷാക്ക് നല്‍കിയ കത്തില്‍ ലേ അപക്സ് ബോഡി വ്യക്തമാക്കി. കേന്ദ്രം സ്വീകരിച്ച നടപടികളിലൂടെ ലഡാക്കില്‍ ഭയം നിലനില്‍ക്കുകയാണ്. സാധാരണ ജീവിതം കേന്ദ്രം ഉറപ്പ് നല്‍കാതെ ചര്‍ച്ചക്കില്ലെന്നാണ് സംഘടനയുടെ നിലപാട്. നാല് പേര്‍ മരിച്ചിട്ടും ചര്‍ച്ചയ്ക്ക് തയ്യാറായ സംഘടനകള്‍ക്കെതിരെ പ്രാദേശിക വികാരം ശക്തമായിരുന്നു. ചര്‍ച്ചയ്ക്ക് തയ്യാറായ മറ്റൊരു സംഘടനയായ കാര്‍ഗില്‍ ഡമോക്രാറ്റിക്ക് അലയന്‍സ് നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇതോടെ ഇന്നും നാളെയും അടുത്ത മാസം 6 നും കേന്ദ്രം നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ചകള്‍ വഴിമുട്ടി. സോനം വാങ്ചുക്കിന്‍റെ അറസ്റ്റ് അന്യായമാണെന്നും, ജയിലില്‍ നിന്ന് ഉടന്‍ മോചിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ലഡാക്കിലെ വിദ്യാര്‍ത്ഥി സംഘടനകളും ഇതിനിടെ ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നല്‍കി. വാങ്ചുക്കിന്‍റെ അറസ്റ്റിലും പ്രതിഷേധം കടുപ്പിക്കാനാണ് സംഘടനകളുടെ തീരുമാനം.

അതേ സമയം സോനം വാങ് ചുക്കിനോട് കേന്ദ്രസര്‍ക്കാര്‍ പ്രതികാര നടപടി തുടരുകയാണ്. ലഡാക്കിലെ ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓള്‍ട്ടര്‍നേറ്റീവ്സ് അടച്ചു പൂട്ടാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വാങ്ചുക്കിന്‍റെ പ്രവര്‍ത്തന കേന്ദ്രവും, കാലവസ്ഥ ഗവേഷണവും ഈ കേന്ദ്രത്തില്‍ നടന്നിരുന്നു. പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ഭൂമി കൈയറി സ്ഥാപനം നിര്‍മ്മിച്ചുവെന്ന പരാതിയിലാണ് നടപടിയെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. നേരത്തെ വിദേശസംഭാവന ചട്ടം ലംഘിച്ചെന്നാരോപിച്ച് സ്ഥാപനത്തിന്‍റെ എഫ്‌സിആര്‍ഐ ലൈസന്‍സ് കേന്ദ്രം റദ്ദാക്കിയിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു