മൈസൂരുവിലെ കർഷകരേയും പറ്റിച്ച് ഹോർട്ടികോർപ്; പണം കിട്ടിയില്ലെങ്കിൽ തിരുവനന്തപുരത്ത് സമരം തുടങ്ങാൻ കർഷകർ

By Web TeamFirst Published Mar 21, 2023, 7:00 AM IST
Highlights

പ്രളയകാലത്തും, കൊവിഡ് മഹാമാരിയുടെ കാലത്തും അഡ്വാൻസ് തുക പോലും ചോദിക്കാതെ കേരളത്തിലേക്ക് പച്ചക്കറികളെത്തിക്കാൻ സഹായിച്ച കൂട്ടായ്മയാണ് ഇപ്പോൾ ഹോർട്ടികോർപ്പിന് കൊടുത്ത പച്ചക്കറിയുടെ വില പോലും കിട്ടാതെ ഗതികേടിലായിരിക്കുന്നത്

ബെംഗളൂരു: പ്രളയകാലത്തും, കൊവിഡ് ദുരിതത്തിനിടയിലും കേരളത്തിലേക്ക് ലാഭം നോക്കാതെ പച്ചക്കറികളെത്തിച്ച മൈസൂരുവിലെ കർഷകർക്ക് പണം നൽകാതെ ഹോർട്ടികോർപ്പ്. 12 ലക്ഷം രൂപയാണ് അവർക്ക് ഇനിയും ഹോർട്ടി കോർപ്പിൽ നിന്ന് കിട്ടാനുള്ളത്. ഹോർട്ടി കോർപ്പിന്‍റെ അലംഭാവം മൂലം പലിശയിനത്തിൽ മാത്രം 20 ലക്ഷം രൂപയാണ് കർഷകർക്ക് നഷ്ടം. ഈ മാസത്തിനകം പണം തന്നില്ലെങ്കിൽ തിരുവനന്തപുരത്ത് ഹോ‍ർട്ടികോർപ്പിന് മുന്നിൽ സമരമിരിക്കുമെന്ന് കർഷകക്കൂട്ടായ്മയുടെ ചെയർമാൻ കുരുബൂർ ശാന്തകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 

മൈസുരുവിൽ 1200 കർഷകർ ഒന്നിച്ച് ചേർന്ന് പഴം, പച്ചക്കറി, ധാന്യങ്ങൾ അടക്കം കൃഷി ചെയ്യുന്ന കർഷകക്കൂട്ടായ്മയാണ് റൈത്തമിത്ര. കേരളമാണ് ഈ കൂട്ടായ്മയുടെ പ്രധാനമാർക്കറ്റ്. 2016 മുതൽ കേരളത്തിലേക്കും, ഹോ‍ർട്ടികോർപ്പിനും പച്ചക്കറികൾ ഇവർ എത്തിച്ച് നൽകുന്നുണ്ട്. പ്രളയകാലത്തും, കൊവിഡ് മഹാമാരിയുടെ കാലത്തും അഡ്വാൻസ് തുക പോലും ചോദിക്കാതെ കേരളത്തിലേക്ക് പച്ചക്കറികളെത്തിക്കാൻ സഹായിച്ച കൂട്ടായ്മയാണ് ഇപ്പോൾ ഹോർട്ടികോർപ്പിന് കൊടുത്ത പച്ചക്കറിയുടെ വില പോലും കിട്ടാതെ ഗതികേടിലായിരിക്കുന്നത്.

2018-ൽ 94 ലക്ഷം രൂപയായിരുന്നു ഹോർട്ടികോർപ്പിൽ നിന്ന് കിട്ടാനുണ്ടായിരുന്നത്. പല തവണ കൃഷിമന്ത്രിയെയും മുഖ്യമന്ത്രിയെയും വരെ ചെന്ന് കണ്ടപ്പോൾ കുറച്ച് പണം തന്നു. ലോണെടുത്താണ് കർഷകർക്ക് ഇപ്പോൾ പണം കൊടുക്കുന്നത്. അങ്ങനെ പലിശയിനത്തിൽ മാത്രം 20 ലക്ഷം അധികം ബാധ്യത വന്നു. മാർച്ച് 31 വരെ കാത്തിരിക്കും. എന്നിട്ടും പണം തന്നില്ലെങ്കിൽ തിരുവനന്തപുരത്ത് ഹോർട്ടികോർപ്പ് ഓഫീസിന് മുന്നിൽ ഇരുന്ന് പണം കിട്ടുംവരെ സമരം ചെയ്യും. കർഷകർ നിലപാട് വ്യക്തമാക്കി

ഇനിയും 12 ലക്ഷം രൂപ ഹോർട്ടി കോർപ്പിൽ നിന്ന് കിട്ടാനുണ്ട്. ബാങ്കിൽ നിന്ന് ഓവർ ഡ്രാഫ്റ്റ് എടുത്തതിന്‍റെ 20 ലക്ഷം പലിശ ആരോട് ചോദിക്കണമെന്നറിയില്ല. ഇനിയും പണം കിട്ടിയില്ലെങ്കിൽ സമരത്തിലേക്കെന്ന് കർഷകർ പറയുന്നു
കർഷകരെ തുടർച്ചയായി പറ്റിച്ച് ഹോർട്ടികോർപ്പ്, കര്‍ഷകര്‍ക്ക് നൽകാനുള്ളത് 4.77 കോടി രൂപ

click me!