
വയനാട്: ഗുണനപ്പട്ടിക തെറ്റിയെന്നാരോപിച്ച് വയനാട്ടിൽ ആദിവാസി ബാലനെ ഹോസ്റ്റൽ വാച്ചര്‍ മർദ്ദിച്ചതായി പരാതി. നെന്മേനി ആനപ്പാറ ട്രൈബൽ ഹോസ്റ്റലിൽ പഠിക്കുന്ന ചീങ്ങേരി കോളനിയിലെ ഒമ്പതു വയസുകാരനാണ് മർദനമേറ്റത്. ഗുണന പട്ടിക തെറ്റിച്ചെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനമെന്നും 'മോപ്പ്' ഉപയോഗിച്ച് അടിച്ചെന്നുമാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. പരിക്കേറ്റ കുട്ടി ബത്തേരി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഹോസ്റ്റൽ വാച്ചര്‍ അനൂപിനെതിരെ അമ്പലവയൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മര്‍ദ്ദനത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി നടക്കാന്‍ കഴിയാതെ ഹോസ്റ്റലില്‍ കിടക്കുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞിട്ടും വേദന മാറാതായതോടെ കുട്ടി ഇക്കാര്യം വീട്ടിലറിയിച്ചു. തുടര്‍ന്ന് വീട്ടില്‍ നിന്നും ആളെത്തി ചോദിച്ചപ്പോഴാണ് മര്‍ദ്ദിച്ച കാര്യം പുറത്തറിയുന്നത്. കുട്ടിയുടെ അച്ഛന്‍ മരത്തില്‍ നിന്നും വീണ് കിടപ്പിലാണ്. പഠിപ്പിക്കാന്‍ പണമില്ലാത്തതിനാലാണ് മകനെ ഹോസ്റ്റലില്‍ നിര്‍ത്തിയതെന്ന് കുട്ടിയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കുട്ടിയുടെ നട്ടെല്ലിനാണ് അടിയേറ്റത്. നേരത്തെയും ഹോസ്റ്റലിൽ തനിക്ക് മർദനം ഏറ്റിട്ടുണ്ടെന്ന് വിദ്യാർത്ഥി പറയുന്നു. വിദ്യാർത്ഥിയെ ചികിത്സിച്ച ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നാണ് അമ്പലവയൽ പൊലീസ് എത്തി കേസെടുത്തു അന്വേഷണം തുടങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam