
പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തെന്നിലാപുരം ശാരദയാണ് മരിച്ചത്. കഴിഞ്ഞ 24നാണ് അപകടം ഉണ്ടായത്. ശാരദ തുണി കഴുകി അഴയിൽ ഇട്ടപ്പോൾ ആയിരുന്നു അപകടം. വീടിന്റെ ഇരുമ്പ് കഴുക്കോലിൽ നിന്നും കെട്ടിവലിച്ച ഇരുമ്പ് കമ്പി ഉപയോഗിച്ചുള്ള അഴയായിരുന്നു. ഇതിൽ നിന്നും ഷോക്കേറ്റ് താഴെ വീണ ശാരദയെ മരുമകൾ രാധിക രക്ഷിക്കാനായി പിടിച്ചപ്പോൾ ഇവരും തെറിച്ചുവീണു. ഇത് കണ്ട അനുജന്റെ ഭാര്യ രേഷ്മ രാധികയെ പിടിച്ചപ്പോൾ അവർക്കും ഷോക്ക് ഏൽക്കുകയായിരുന്നു. ഇവരെ മൂന്നു പേരെയും ഉടൻ തന്നെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രേഷ്മയുടെ പരിക്ക് നിസാരമായതിനാൽ അന്ന് തന്നെ ആശുപത്രി വിട്ടു. എന്നാൽ ശാരദയ്ക്കും രാധികക്കും തലയ്ക്ക് പരിക്കേറ്റതിനാൽ ഇവർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ചികിത്സയിലിരിക്കെയാണ് ശാരദ ഇന്ന് പുലർച്ചെ മരിച്ചത്. രാധിക ഇപ്പോഴും ചികിത്സയിലാണ്. ഇവരുടെ വീടുപണി നടക്കുന്നതിനാൽ തൊട്ടടുത്ത താൽക്കാലികമായി പണിത ഷെഡ്ഡിൽ നിന്നും ഇലക്ട്രിക് വയർ ഉപയോഗിച്ച് കണക്ഷൻ എടുത്തിരുന്നു. ഇതായിരുന്നു ഇരുമ്പ് കഴുക്കോലിലൂടെ വൈദ്യുതി പ്രവഹിക്കാൻ കാരണമെന്ന് കണ്ടെത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam